ടെഹ്രാൻ: അമേരിക്കയുമായി ഉയർന്നുവരുന്ന സംഘർഷങ്ങൾക്കിടെ ഇസ്രയേലിനെതിരെ തുറന്ന ഭീഷണിയുമായി ഇറാൻ. തലസ്ഥാനമായ ടെഹ്രാനിലെ പാലസ്തീൻ സ്‌ക്വയറിൽ സ്ഥാപിച്ച ബാനറിലാണ് ഇസ്രയേലിലെ പ്രധാന സൈനിക, തന്ത്രപ്രധാന കേന്ദ്രങ്ങൾ അടയാളപ്പെടുത്തിയ മാപ്പ് പ്രദർശിപ്പിച്ചത്. '**You start… We finish it**' (നിങ്ങൾ തുടങ്ങൂ-ഞങ്ങൾ അവസാനിപ്പിക്കും) എന്ന ഇംഗ്ലീഷ് വാചകവുമാണ് ബാനറിലുണ്ടായിരുന്നത്.
ബാനറിലെ മാപ്പിൽ ടെൽ അവീവ് പ്രദേശമാണ് പ്രധാനമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ബെൻ ഗൂരിയൻ വിമാനത്താവളം, ടെൽ അവീവിലെ ഐഡിഎഫ് ആസ്ഥാനമായ കിര്യാ ബേസ്, ഹെർസ്ലിയയ്ക്കടുത്തുള്ള ഗ്ലിലോട്ട് ഇന്റലിജൻസ് കേന്ദ്രം എന്നിവയാണ് ലക്ഷ്യങ്ങളായി അടയാളപ്പെടുത്തിയിരിക്കുന്നത്. ബാലിസ്റ്റിക് മിസൈലുകൾ, യുദ്ധവിമാനം, 'ഫയർ' ബട്ടൺ അടങ്ങിയ സൈനിക മേശ എന്നിവയും ചിത്രത്തിലുണ്ട്. അതേസമയം, ജറുസലേം മാപ്പിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ബാനറിന്റെ യഥാർത്ഥ്യത സ്ഥിരീകരിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതുമായി ബന്ധപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ ഇസ്രയേൽ സൈന്യം ഉയർന്ന ജാഗ്രതയിലാണ്. ഈ ആഴ്ച നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. ഇറാൻ ആണവപദ്ധതിയും തീവ്രവാദ സംഘടനകളോടുള്ള പിന്തുണയും ചർച്ചയാകുമെന്നാണ് സൂചന.
ഇതിനിടെ ഇറാനെതിരെ സമ്മർദ്ദം ശക്തമാക്കി അമേരിക്കയും രംഗത്തുണ്ട്. യൂറേനിയം സമ്പുഷ്ടീകരണം പൂർണമായി നിർത്തണമെന്ന നിബന്ധനയിൽ ആണവകരാറിനാണ് ട്രംപ് ശ്രമിക്കുന്നത്. അതേസമയം, ഇറാനോട് ചുറ്റിപ്പറ്റി അമേരിക്ക സൈനിക സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്. യുഎസ് പൗരന്മാർ ഇറാൻ വിട്ടുപോകണമെന്ന് എംബസി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കെതിരെ അധിക തീരുവ ഏർപ്പെടുത്താനും ട്രംപ് ഉത്തരവിട്ടിട്ടുണ്ട്.
ഇറാൻ സുപ്രീം ലീഡർ ആയത്തുല്ല അലി ഖമനെയ് 37 വർഷത്തിനിടെ ആദ്യമായി സൈനിക വ്യോമസേന കമാൻഡർമാരുടെ വാർഷിക യോഗത്തിൽ പങ്കെടുക്കാതിരുന്നതും ആശങ്ക ഉയർത്തിയിട്ടുണ്ട്. അമേരിക്കയുടെ അപ്രതീക്ഷിത ആക്രമണത്തെക്കുറിച്ചുള്ള ഭീതിയാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
അമേരിക്ക-ഇറാൻ ആണവകരാർ യാഥാർത്ഥ്യമായാൽ യുദ്ധഭീഷണി കുറയാമെങ്കിലും, ബാലിസ്റ്റിക് മിസൈൽ പദ്ധതി ചർച്ച ചെയ്യാനാവില്ലെന്ന ഇറാന്റെ നിലപാടും, ആണവായുധങ്ങൾക്ക് വഴിയൊരുക്കുന്ന യൂറേനിയം സമ്പുഷ്ടീകരണവും അനുവദിക്കില്ലെന്ന ട്രംപിന്റെ നിലപാടും കരാർ സാദ്ധ്യതയെ സങ്കീർണമാക്കുന്നു.
ഇസ്രയേലിനെതിരെ ഭീഷണിയുമായി ഇറാൻ; ടെൽ അവീവിലെ ആക്രമണ ലക്ഷ്യങ്ങൾ അടയാളപ്പെടുത്തിയ മാപ്പ് പുറത്തുവിട്ടു
