ഹോങ്കോംഗിൽ അഭിപ്രായസ്വാതന്ത്ര്യത്തിന് കനത്ത തിരിച്ചടി: മാധ്യമ വ്യവസായി ജിമ്മി ലൈയ്ക്ക് 20 വർഷം തടവ്

ഹോങ്കോംഗിൽ അഭിപ്രായസ്വാതന്ത്ര്യത്തിന് കനത്ത തിരിച്ചടി: മാധ്യമ വ്യവസായി ജിമ്മി ലൈയ്ക്ക് 20 വർഷം തടവ്


ഹോങ്കോംഗിലെ പ്രഖ്യാത ജനാധിപത്യപക്ഷ മാധ്യമ വ്യവസായി ജിമ്മി ലൈയ്ക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ദേശീയ സുരക്ഷാ നിയമം ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ഡിസംബറിൽ കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ. കോളനിയൽ കാലത്തെ നിയമപ്രകാരം രാജ്യദ്രോഹം (സെഡിഷൻ) ആരോപണത്തിലും ലൈ കുറ്റക്കാരനായി.

ബ്രിട്ടീഷ് പൗരത്വമുള്ള 78 വയസ്സുകാരനായ ജിമ്മി ലൈ, തനിക്കെതിരായ എല്ലാ കുറ്റാരോപണങ്ങളും നിഷേധിച്ചിരുന്നു. ചിലർക്ക് അദ്ദേഹം ജനാധിപത്യത്തിന്റെ വീരനായകനായപ്പോൾ, മറ്റുചിലർക്ക് രാജ്യദ്രോഹിയാണ്. ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തതിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയാണ് ലൈ.

'പ്രധാനപ്പെട്ടതും ഗുരുതരവുമായ കുറ്റങ്ങൾ'

 ലൈയുടെ കുറ്റങ്ങൾ 'അതീവ ഗുരുതരവും മുൻകൂട്ടി ആസൂത്രണം ചെയ്തതുമാണ്' എന്നാണ് കോടതിയുടെ നിരീക്ഷം. വിദേശ ശക്തികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയതടക്കമുള്ള കുറ്റങ്ങൾ ഏറ്റവും ഗുരുതര വിഭാഗത്തിൽപ്പെടുന്നതാണെന്ന് ജഡ്ജിമാർ വിലയിരുത്തി. ദേശീയ സുരക്ഷാ നിയമപ്രകാരം ഇതുവരെ നൽകിയതിൽ ഏറ്റവും കടുത്ത ശിക്ഷയാണിത്.

പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകൾ

ഈ ശിക്ഷ 'പ്രായോഗികമായി ഒരു മരണശിക്ഷയാണ്' എന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് വിമർശിച്ചു. ലൈയുടെ ആരോഗ്യനില ജയിലിൽ മോശമാകുന്നുവെന്ന കുടുംബത്തിന്റെ ആശങ്കകൾ ചൂണ്ടിക്കാട്ടി, ഇത്രയും നീണ്ട ശിക്ഷ ക്രൂരവും അന്യായവുമാണെന്ന് സംഘടന പറഞ്ഞു. സ്വതന്ത്ര മാധ്യമങ്ങളെ തകർക്കാനുള്ള ചൈനീസ് സർക്കാരിന്റെ നീക്കമാണ് ഇതിലൂടെ വ്യക്തമായതെന്നും അവർ ആരോപിച്ചു.

കമ്മിറ്റി ടു പ്രൊട്ട്ര്രക് ജേർണലിസ്റ്റ്‌സ് (സിപിജെ) വിധിയെ ശക്തമായി അപലപിച്ചു. 'ഹോങ്കോംഗിൽ നിയമവാഴ്ച പൂർണമായും തകർന്നിരിക്കുന്നു. മാധ്യമസ്വാതന്ത്ര്യത്തിന്റെ ശവപ്പെട്ടിയിൽ അവസാന ആണിയാണ് ഇത്,' എന്നായിരുന്നു സിപിജെയുടെ പ്രതികരണം. ലോകത്തിലെ ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകരെ ജയിലിലടക്കുന്ന രാജ്യങ്ങളിൽ ചൈന മുന്നിലാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

ബ്രിട്ടനെതിരെ മകന്റെ വിമർശനം

ജിമ്മി ലൈയുടെ മകൻ സെബാസ്റ്റ്യൻ ലൈ, പിതാവിന്റെ മോചനത്തിനായി ബ്രിട്ടൻ മതിയായ ശ്രമം നടത്തിയില്ലെന്ന് ആരോപിച്ചു. എട്ട് വർഷത്തിന് ശേഷം ചൈന സന്ദർശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുടെ നീക്കത്തെ വിമർശിച്ച്, 'ബ്രിട്ടൻ പിന്തുണയ്ക്കുന്ന മൂല്യങ്ങളാണ് എന്റെ പിതാവിനൊപ്പം ജയിലിൽ തടവിലാക്കപ്പെട്ടിരിക്കുന്നത്' എന്നും അദ്ദേഹം പറഞ്ഞു.

കോടതിയിൽ വികാരനിമിഷങ്ങൾ

ശിക്ഷ പ്രഖ്യാപിക്കുമ്പോൾ ജിമ്മി ലൈ ശാന്തനായി, ചെറുചിരിയോടെ കോടതി നടപടികൾ കേട്ടു. പുറത്തേക്ക് വരുമ്പോൾ ഭാര്യ കണ്ണീർ അടക്കിപ്പിടിക്കാൻ ശ്രമിക്കുന്നതും കാണാമായിരുന്നു. കോടതിയിൽ ചിലർ കരഞ്ഞതായും റിപ്പോർട്ടുണ്ട്.

മാധ്യമസ്വാതന്ത്ര്യത്തിന് തിരിച്ചടി

ജിമ്മി ലൈയ്ക്ക് വിധിച്ച ശിക്ഷ ഹോങ്കോംഗിലെ അഭിപ്രായസ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും വലിയ തിരിച്ചടിയാണെന്ന വിലയിരുത്തലാണ് അന്താരാഷ്ട്ര തലത്തിൽ ഉയർന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില കണക്കിലെടുത്താൽ, ഈ ശിക്ഷ അദ്ദേഹത്തിന്റെ ജീവിതാവസാനം ജയിലിൽ വെച്ചായിരിക്കുമോ സംഭവിക്കുക എന്ന ആശങ്കയും ശക്തമാണ്.