വാഷിംഗ്ടൺ: ജപ്പാനിലെ അടിയന്തര തിരഞ്ഞെടുപ്പിൽ സനെയ് ടകൈച്ചിയുടെ നേതൃത്വത്തിലുള്ള സഖ്യം നേടിയ വിജയം ചരിത്രപ്രധാനമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജപ്പാനിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിജയമാണിതെന്ന് അവകാശപ്പെട്ട ട്രംപ്, പുതിയ പ്രധാനമന്ത്രി ടകൈച്ചിയെ അഭിനന്ദിക്കുകയും അമേരിക്കയുടെ ശക്തമായ പിന്തുണ ആവർത്തിക്കുകയും ചെയ്തു.
ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച സന്ദേശത്തിൽ 'വളരെ ആദരിക്കപ്പെടുന്ന, ജനപ്രിയ നേതാവാണ് ടകൈച്ചി' എന്നും, നേരത്തെ തിരഞ്ഞെടുപ്പ് നടത്താനുള്ള അവരുടെ 'ധീരവും ബുദ്ധിപൂർവവുമായ തീരുമാനം ഫലം കണ്ടു' എന്നും ട്രംപ് കുറിച്ചു. 'ശക്തിയിലൂടെ സമാധാനം' എന്ന സംരക്ഷണാത്മക അജണ്ട നടപ്പാക്കുന്നതിന് അദ്ദേഹം ആശംസകളും നേർന്നു. 'ഉത്സാഹത്തോടെ വോട്ട് ചെയ്ത ജപ്പാൻ ജനങ്ങൾക്ക് എപ്പോഴും എന്റെ ശക്തമായ പിന്തുണ ഉണ്ടാകും' എന്നും ട്രംപ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലം ഉറപ്പാകുന്നതിന് മുൻപ് തന്നെ ട്രംപിന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ച ടകൈച്ചി, ജപ്പാൻ-യുഎസ് സഖ്യം 'പരിധികളില്ലാത്തത്' ആണെന്ന് വിശേഷിപ്പിച്ചു. ഈ വർഷം വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള പദ്ധതിയും അവർ സ്ഥിരീകരിച്ചു. വോട്ടെടുപ്പിന് മുൻപും ട്രംപ് ടകൈച്ചിയെ 'ശക്തയും ദേശസ്‌നേഹിയുമായ നേതാവ്' എന്ന് വിശേഷിപ്പിച്ചിരുന്നു.
അന്താരാഷ്ട്ര പ്രതികരണങ്ങൾ
ശക്തമായ ജപ്പാൻ അമേരിക്കയുടെ ഏഷ്യൻ നിലപാട് കൂടുതൽ ശക്തിപ്പെടുത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞു. ജപ്പാൻ തെരഞ്ഞെചുപ്പ് ഫലത്തെ 'ചരിത്രവിജയം' എന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിശേഷിപ്പിച്ചത്. ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രത്യേകവും തന്ത്രപരവും ആഗോളതലത്തിലുമുള്ള പങ്കാളിത്തം ലോകസ്ഥിരതയ്ക്കും സമൃദ്ധിക്കും നിർണായകമാണെന്നും മോഡി പറഞ്ഞു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ടകൈച്ചിയെ അഭിനന്ദിച്ച്, റോം-ടോക്യോ ബന്ധം കൂടുതൽ ശക്തമാകുമെന്ന് സൂചിപ്പിച്ചു.
മുന്നിലുള്ള വെല്ലുവിളികൾ
2017ൽ ഷിൻസോ ആബെയുടെ നേതൃത്വത്തിൽ എൽഡിപി നേടിയ വിജയത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ പ്രകടനമാണിത്. ആബെയുടെ രാഷ്ട്രീയ ശിഷ്യയാണ് ടകൈച്ചി. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്തുമെന്ന് , അനുഭാവികളെ അഭിസംബോധന ചെയ്തുകൊണ്ട് അവർ വാഗ്ദാനംനൽകി.
എന്നാൽ വിജയം മാത്രമല്ല മുന്നിലുള്ള യാഥാർഥ്യം. പണപ്പെരുപ്പവും ശമ്പള വർധനയുടെ അഭാവവും വലിയ വെല്ലുവിളികളായി തുടരുന്നു. ഇവയാണ് മുൻ പ്രധാനമന്ത്രിമാരിൽ രണ്ടുപേരെ അധികാരത്തിൽ നിന്ന് മാറ്റിയത്. വലിയ ഉത്തേജന പാക്കേജും ഭക്ഷ്യ നികുതി നിർത്തിവെക്കാനുള്ള വാഗ്ദാനവും ടകൈച്ചി മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും, വൻ പൊതുകടം രാജ്യത്തിന്റെ സാമ്പത്തിക അപകടം വർധിപ്പിക്കുമെന്ന മുന്നറിയിപ്പാണ് വിമർശകർ നൽകുന്നത്.
വിദേശനയത്തിൽ ടകൈച്ചിയുടെ കടുത്ത നിലപാടുകളും ചർച്ചയാകുന്നു. ചൈന തായ്‌വാനെ ആക്രമിച്ചാൽ ജപ്പാൻ സൈനികമായി ഇടപെടാമെന്ന സൂചന അവർ നൽകിയതോടെ ബെയ്ജിംഗ് ശക്തമായി പ്രതികരിച്ചു. ചൈന റഷ്യയുമായി ചേർന്ന് സൈനിക അഭ്യാസങ്ങൾ നടത്തിയത് സംഘർഷ സാധ്യത വർധിപ്പിച്ചു.
ചരിത്രവിജയത്തിന്റെ ആത്മവിശ്വാസത്തോടെ അധികാരത്തിലെത്തിയ സനെയ് ടകൈച്ചിക്ക്, സാമ്പത്തിക സ്ഥിരതയും പ്രാദേശിക സംഘർഷങ്ങളും ഒരേസമയം കൈകാര്യം ചെയ്യേണ്ടി വരും എന്നത് പ്രധാനവെല്ലുവിളിയാണ്.
'രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ വിജയം': സനെയ് ടകൈച്ചിയെ അഭിനന്ദിച്ച് ട്രംപ്, ജപ്പാൻ-യുഎസ് ബന്ധം ശക്തമാകുമെന്ന് സൂചന
