ഡൽഹിയിൽ 9 സ്‌കൂളുകൾക്ക് ബോംബ് ഭീഷണി: പരിശോധന ശക്തമാക്കി സുരക്ഷാ ഏജൻസികൾ

ഡൽഹിയിൽ 9 സ്‌കൂളുകൾക്ക് ബോംബ് ഭീഷണി: പരിശോധന ശക്തമാക്കി സുരക്ഷാ ഏജൻസികൾ


ഡൽഹിയിലെ വിവിധ ഭാഗങ്ങളിലെ ഒമ്പത് സ്‌കൂളുകൾക്ക് തിങ്കളാഴ്ച രാവിലെ ബോംബ് ഭീഷണി ലഭിച്ചു. രാവിലെ 8.33നാണ് ആദ്യ വിളി ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസ് (DFS) അറിയിച്ചു. തുടർന്ന് ഫയർ ടെൻഡറുകളും ബോംബ് സ്‌ക്വാഡുകളും അടിയന്തരമായി സ്ഥലങ്ങളിലെത്തി പരിശോധന തുടങ്ങി.

ഭീഷണി ലഭിച്ച സ്‌കൂളുകൾ ഇവയാണ്:

* ലോറേറ്റോ കോൺവെന്റ് സ്‌കൂൾ, ഡൽഹി കാന്റോൺമെന്റ്
* കാംബ്രിഡ്ജ് സ്‌കൂൾ, ശ്രീനിവാസ്പുരി (ദക്ഷിണ ഡൽഹി)
* വെങ്കടേശ്വർ സ്‌കൂൾ, റോഹിണി (വടക്കുപടിഞ്ഞാറൻ ഡൽഹി)
* സിഎം സ്‌കൂൾ, റോഹിണി
* ബാൽ ഭാരതി സ്‌കൂൾ, റോഹിണി
* കാംബ്രിഡ്ജ് സ്‌കൂൾ, ന്യൂ ഫ്രണ്ട്‌സ് കോളനി (ദക്ഷിണ ഡൽഹി)
* ദി ഇന്ത്യൻ സ്‌കൂൾ, സാദിഖ് നഗർ (ദക്ഷിണ ഡൽഹി)
* ഡിടിഎ സ്‌കൂൾ, ഐഎൻഎ

ഇതുകൂടാതെ, മറ്റു ചില സ്‌കൂളുകൾക്കും സമാന ഭീഷണികൾ ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.

ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശങ്ങൾ എത്തിയത്. പ്രകോപനപരമായ ഉള്ളടക്കമുള്ള സന്ദേശത്തിൽ ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 1.11ന് പാർലമെന്റിൽ സ്‌ഫോടനം ഉണ്ടാകുമെന്ന് അവകാശവാദവും ഉന്നയിച്ചിരുന്നു. വിഷയത്തിൽ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു.സ്‌കൂളുകളിലെ വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി പരിസരങ്ങൾ പൂർണമായും പരിശോധിക്കുകയാണ്. ഇതുവരെ സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.