ഹൈദരബാദ് സ്വദേശി വിദ്യാര്‍ഥി യു എസില്‍ വെടിയേറ്റു മരിച്ചു

ഹൈദരബാദ് സ്വദേശി വിദ്യാര്‍ഥി യു എസില്‍ വെടിയേറ്റു മരിച്ചു


ന്യൂയോര്‍ക്ക്: പഠനത്തിന് ശേഷം യു എസില്‍ തൊഴില്‍ അന്വേഷിക്കുകയായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. പ്രസിഡന്റ് ട്രംപ് അധികാരമേറ്റെടുക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പാണ് സംഭവമുണ്ടായത്. 

ഹൈദരബാദ് സ്വദേശിയായ 26കാരന്‍ രവി തേജയാണ് വെടിയേറ്റു മരിച്ചത്. ഒരു ഗ്യാസ് സ്റ്റേഷനിലാണ് സംഭവം നടന്നതെന്ന് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും അറിവായിട്ടില്ല. 

വെടിവയ്പ്പുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ നിലവില്‍ അന്വേഷണത്തിലാണെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായ നോര്‍ത്ത് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് തിങ്കളാഴ്ച അറിയിച്ചു. 

2022ല്‍ എം ബി എ പഠിക്കാനാണ് എഫ് 1 വിസയില്‍ ഹൈദരബാദില്‍ നിന്നും രവി തേജ യു എസില്‍ എത്തിയത്.  

ലക്ഷ്യങ്ങളുമായി പോയ തന്റെ മകന്‍ തങ്ങള്‍ സങ്കല്‍പ്പിച്ചതു പോലെയല്ല തിരികെയെത്തുന്നതെന്ന് കൊലപാതക വിവരമറിഞ്ഞ് രവി തേജയുടെ പിതാവ് ചന്ദ്രമൗലി പറഞ്ഞു. സ്വപ്‌നങ്ങളുമായി പോയ തന്റെ മകന്‍ മൃതദേഹമായാണ് തിരിച്ചെത്തുന്നതെന്നും ഈ ദുഃഖം താങ്ങാനാവുന്നതിനപ്പുറമാണെന്നും താന്‍ അനുഭവിക്കുന്ന കാര്യങ്ങളിലൂടെ മറ്റാരും കടന്നുപോകാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

വിദ്വേഷ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ വശങ്ങളും അധികൃതര്‍ പരിശോധിക്കുന്നുണ്ടെന്നും നോര്‍ത്ത് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് പറഞ്ഞു.