ആര്‍ ജി കര്‍ മെഡിക്കല്‍ കോളജ് ബലാത്സംഗക്കേസില്‍ പ്രതിക്ക് ജീവിതാന്ത്യം വരെ തടവ്

ആര്‍ ജി കര്‍ മെഡിക്കല്‍ കോളജ് ബലാത്സംഗക്കേസില്‍ പ്രതിക്ക് ജീവിതാന്ത്യം വരെ തടവ്


കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയിക്ക് ജീവിതാന്ത്യം വരെ തടവുശിക്ഷ വിധിച്ച് കോടതി. പ്രതി 50,000 രൂപ പിഴയും ഒടുക്കണം. കൊല്‍ക്കത്ത സില്‍ദാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി.

കേസ് അപൂര്‍വങ്ങള്‍ അപൂര്‍വമായി കണക്കാക്കണമെന്ന് സിബിഐ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്ന് കോടതി നിരീക്ഷിച്ചു. 

രാജ്യത്തെ തന്നെ ഞെട്ടിച്ച കേസുകളില്‍ ഒന്നാണിതെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നുമായിരുന്നു സിബിഐ അറിയിച്ചത്. എന്നാല്‍ പ്രതിക്ക് മാനസാന്തരത്തിന് സമയം നല്‍കണമെന്നും വധശിക്ഷ ഒഴിവാക്കണമെന്നും പ്രതിഭാഗം വാദിച്ചു.

കുറ്റം ചെയ്തിട്ടില്ലെന്നും തന്നെ കേസില്‍ പെടുത്തിയതാണെന്നും പ്രതി കോടതിയില്‍ വീണ്ടം ആവര്‍ത്തിച്ചു. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിക്കുക എന്ന് കോടതി ചൂണ്ടിക്കാട്ടി.

17 ലക്ഷം രൂപ മമത സര്‍ക്കാര്‍ ഡോക്ടറുടെ കുടുംബത്തിനു നല്‍കണമെന്നും കോടതി അറിയിച്ചു.

നവംബര്‍ 12 നു തുടങ്ങിയ വിചാരണയില്‍ 50ഓളം സാക്ഷികളെ വിസ്തരിച്ചിരുന്നു. 162 ദിവസത്തിനു ശേഷമാണ് കോടതി വിധി പറയുന്നത്. 2023 ഓഗസ്റ്റിലാണ് ആര്‍ ജി കര്‍ മെഡിക്കല്‍ കോളെജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. അര്‍ധരാത്രി ജോലി കഴിഞ്ഞ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ വിശ്രമിച്ചിരുന്ന 31കാരിയായ ഡോക്ടറെ ഇവിടുത്തെ സുരക്ഷാ ജീവനക്കാരനായിരുന്ന പ്രതി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. കഴുത്തിന്റെ എല്ലു പൊട്ടിയ നിലയിലായിരുന്നു. ബലാത്സംഗത്തിനു ശേഷം ശ്വാസംമുട്ടിച്ചു യുവതിയെ കൊല്ലുകയായിരുന്നുവെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്.