തെലങ്കാനയില്‍ ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ തോറ്റ 7 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു

തെലങ്കാനയില്‍ ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ തോറ്റ 7 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു


ഹൈദരാബാദ്: തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയേറ്റ് എജ്യൂക്കേഷന്‍ (TSBIE) പരീക്ഷാ ഫലം പുറത്തു വന്നതിനുപിന്നാലെ 7 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. മരിച്ചവരില്‍ ഒരാള്‍ ആണ്‍കുട്ടിയും ബാക്കിയുള്ളവര്‍ പെണ്‍കുട്ടികളുമാണ്. ബുധനാഴ്ചയാണ് ഇന്റര്‍മീഡിയറ്റ് പരീക്ഷയുടെ ഫലം പുറത്തുവന്നത്.

സംസ്ഥാനത്തുടനീളം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മഞ്ചേരിയല്‍ ജില്ലയിലെ തണ്ടൂര്‍ സ്വദേശിയായ 16കാരന്റെ കേസാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഒന്നാം വര്‍ഷത്തില്‍ നാല് വിഷയങ്ങളില്‍ തോറ്റ വിദ്യാര്‍ത്ഥി വീട്ടില്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ലോക്കല്‍ പൊലീസ് പറഞ്ഞു. ഒന്നോ അതിലധികമോ വിഷയങ്ങളില്‍ തോറ്റതില്‍ മനം നൊന്താണ് 16 നും 17 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത്. രാജേന്ദ്രനഗര്‍, ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ഖമ്മം, മഹബൂബാബാദ്, കൊല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കുട്ടികള്‍.

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടത്തിയ ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ 9.8 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടാഴ്ച മുമ്പാണ് ഫലം പുറത്തുവന്നത്. ഒന്നാം വര്‍ഷത്തില്‍ 61.06% വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. 69.46% പേര്‍ രണ്ടാം വര്‍ഷ പരീക്ഷകളില്‍ വിജയിച്ചു. തോറ്റ വിദ്യാര്‍ത്ഥികള്‍ക്കുള്ള അഡ്വാന്‍സ്ഡ് സപ്ലിമെന്ററി പരീക്ഷകള്‍ മേയ് 24ന് ആരംഭിക്കും.

പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ പ്രതികൂല ഫലങ്ങളില്‍ നിരാശപ്പെടരുതെന്നും സപ്ലിമെന്ററി പരീക്ഷകള്‍ പ്രയോജനപ്പെടുത്തണമെന്നും ഫലപ്രഖ്യാപന സമയത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി (വിദ്യാഭ്യാസം) ബുറ വെങ്കിടേശം പറഞ്ഞിരുന്നു. ഇതൊരു പരീക്ഷ മാത്രമാണെന്ന് ഓര്‍ക്കുക. നിരവധി ഐഎഎസ് ഉദ്യോഗസ്ഥര്‍ മൂന്നാം തവണ പരീക്ഷ എഴുതി വിജയിച്ചിട്ടുണ്ട്. ഉയര്‍ന്ന തസ്തികകളിലുള്ള പലരും പരാജയപ്പെട്ടിട്ടുണ്ട്, അതിനാല്‍ ദയവായി വിഷമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2019 ലെ ഇന്റര്‍മീഡിയറ്റ് ഫലപ്രഖ്യാപനത്തിന് ശേഷം തെലങ്കാനയിലുടനീളം കുറഞ്ഞത് 22 വിദ്യാര്‍ത്ഥികളെങ്കിലും ആത്മഹത്യ ചെയ്തിരുന്നു.