ഗോവ: പാരാഗ്ലൈഡിങിനിടെ നടന്ന അപകടത്തില്‍ 2 പേര്‍ക്ക് ദാരുണാന്ത്യം. വിനോദ സഞ്ചാരത്തിനെത്തിയ പൂനെ നിവാസിയായ ശിവാനി ഡേബിള്‍ (27), നേപ്പാളി സ്വദേശിയായ ഇന്‍സ്ട്രക്ടര്‍ സുമല്‍ നേപ്പാളി (26) എന്നിവരാണ് മരിച്ചത്. വടക്കന്‍ ഗോവയിലെ കേരിയില്‍ ശനിയാഴ്ച വൈകുന്നേരം ആണ് അപകടം നടന്നത്.
പാരാഗ്ലൈഡര്‍ പാറക്കെട്ടില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ മലയിടുക്കിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു എന്നാണ് വിവരം. ഇരുവരും സംഭവസ്ഥലത്ത്വച്ചു തന്നെ മരിച്ചു. അതേസമയം പാരഗ്ലൈഡിങ് നടത്തുന്ന സാഹസിക സ്പോര്‍ട്സ് കമ്പനി അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
മനുഷ്യ ജീവന് അപകടത്തിലാക്കിയതിന് കമ്പനി ഉടമ ശേഖര്‍ റൈസാദയ്ക്കെതിരെ മാന്‍ഡ്രേം പൊലീസ് കേസെടുത്തിട്ടുണ്ട്. കൃത്യമായ പ്രവര്‍ത്തനാനുമതി ഇല്ലാതെ വിനോദസഞ്ചാരിയെയും പാരാഗ്ലൈഡിങ് പൈലറ്റിനെയും മനപൂര്‍വം മരണത്തിലേക്ക് തള്ളിവിട്ടുവെന്നാണ് കേസ്.
ഹിമാചല്‍ പ്രദേശിലെ കാംഗ്ര, കുളു ജില്ലകളില്‍ പാരാഗ്ലൈഡിങിനിടെ നടന്ന അപകടങ്ങളില്‍ രണ്ട് വിനോദസഞ്ചാരികള്‍ മരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഗോവയിലെ അപകടം. ഗുജറാത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള വിനോദസഞ്ചാരികളാണ് ഹിമാചല്‍ പ്രദേശില്‍ മരിച്ചത്.
ധര്‍മ്മശാലയ്ക്കടുത്തുള്ള ഇന്ദ്രുനാഗ് പാരാഗ്ലൈഡിങ് സൈറ്റില്‍ വച്ചായിരുന്നു ഒരു അപകടം. ശനിയാഴ്ച വൈകുന്നേരം ടേക്ക് ഓഫിനിടെ നടന്ന അപകടത്തില്‍ ടാന്‍ഡെം വിമാനത്തില്‍ സഞ്ചരിച്ചിരുന്ന അഹമ്മദാബാദില്‍ നിന്നുള്ള ഭാവ്സര്‍ ഖുഷി മരിച്ചു. പൈലറ്റിനും പരിക്കേറ്റിരുന്നു. പൈലറ്റിനെ ചികിത്സയ്ക്കായി ടാണ്ട മെഡിക്കല്‍ കോളജില്‍ അയച്ചതായി എഎസ്പി കാംഗ്ര വീര്‍ ബഹാദൂര്‍ പറഞ്ഞു.
വെള്ളിയാഴ്ച വൈകുന്നേരം കുളു ജില്ലയിലെ ഗാര്‍സ ലാന്‍ഡിങ് സൈറ്റിന് സമീപമായിരുന്നു മറ്റൊരു അപകടം. പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ തമിഴ്നാട്ടില്‍ നിന്നുള്ള 28 വയസുള്ള വിനോദസഞ്ചാരി അപകടത്തില്‍ മരിച്ചു. ഈ അപകടത്തിലും പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. അക്രോബാറ്റിക്സ് നടത്തുകയായിരുന്ന ഒരു പാരാഗ്ലൈഡര്‍ അബദ്ധത്തില്‍ മറ്റൊരു പാരാഗ്ലൈഡറില്‍ ഇടിക്കുകയും നിലത്തു വീഴുകയും ആയിരുന്നുവെന്നാണ് പ്രാഥമിക വിവരം.
നിലത്തുനിന്ന് 100 അടി ഉയരത്തില്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 125 (മറ്റുള്ളവരുടെ ജീവന് അപകടത്തിലാക്കുന്ന അശ്രദ്ധ), സെക്ഷന്‍ 106 (അശ്രദ്ധമൂലം മരണത്തിന് കാരണമാകുന്നു) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.
ജനുവരി 7 ന് കുളു ജില്ലയിലെ മണാലിയില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെയുള്ള റെയ്സണില്‍ പാരാഗ്ലൈഡിങ് നടത്തുന്നതിനിടെ ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഒരു വിനോദസഞ്ചാരി മരിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ തന്നെ അശ്രദ്ധ കണ്ടെത്തിയതിനെ തുടര്‍ന്ന് ടൂറിസം അധികൃതര്‍ നാഗാ ബാഗ് പാരാഗ്ലൈഡിങ് സൈറ്റ് അടച്ചുപൂട്ടിയിരുന്നു. ഓപ്പറേറ്ററുടെ ലൈസന്‍സും റദ്ദാക്കി.
ഗോവയില്‍ പാരാഗ്ലൈഡിങിനിടെ നടന്ന അപകടത്തില്‍ 2 പേര്‍ക്ക് ദാരുണാന്ത്യം