മോസ്‌കോ: റഷ്യ- യുക്രെയ്ന്‍ യുദ്ധം തുടരുകയും രണ്ട് മലയാളികള്‍ യുദ്ധമുഖത്ത് കൊല്ലപ്പെടുകയും ചെയ്തുവെങ്കിലും മലയാളി യുവാക്കള്‍ തൊഴില്‍ തേടി റഷ്യയിലെത്തുന്നത് തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അനധികൃത റിക്രൂട്ടിംഗിലൂടെയാണ് മലയാളി യുവാക്കള്‍ റഷ്യന്‍ ലക്ഷ്യം സഫലമാക്കുന്നത്. അനധികൃത റിക്രൂട്ടിംഗ് പുറത്തറിയാത്തതിനാല്‍ അധികൃതര്‍ പലപ്പോഴും നിസ്സഹരായരാണ്.
1998 മുതല്‍ റഷ്യയിലെ മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ആള്‍ മോസ്‌കോ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ബിനു പണിക്കര്‍ പറയുന്നതനുസരിച്ച് അടുത്തിടെ വരെ അസോസിയേഷനില്‍ 180 മലയാളി അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം നൂറുപേരാണ് സംഘടനയില്‍ അംഗമായത്. മാത്രമല്ല 50 അപേക്ഷകള്‍ പരിഗണനയിലുമുണ്ട്. റഷ്യയില്‍ എത്തുന്ന മിക്ക മലയാളികളും സന്ദര്‍ശക വിസയിലോ സ്റ്റുഡന്റ് വിസയിലോ ആണ് കടല്‍ കടക്കുന്നത്. അതല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യതയുള്ള സ്‌പെഷ്യലിസ്റ്റുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വിസകളിലും മലയാളികള്‍ എത്തുന്നുണ്ട്. അത്തരം വിസ ലഭിച്ചവര്‍ക്ക് മൂന്ന് വര്‍ഷം വരെ റഷ്യയില്‍ ജോലി ചെയ്യാന്‍ അനുവാദമുണ്ട്.
ക്ലീനിംഗ്, ഹോട്ടല്‍, ഗോഡൗണ്‍ തുടങ്ങിയ ജോലികളില്‍ കൂടുതലുള്ളത് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് നാല്‍പ്പതിനായിരം മുതല്‍ അരലക്ഷം രൂപ വരെയാണ് ശമ്പളം ലഭിക്കുന്നത്. ഇതാകട്ടെ കഷ്ടിച്ച് ജീവിക്കാന്‍ മാത്രം പര്യാപ്തമായതാണ്. റഷ്യന്‍ പാസ്പോര്‍ട്ടും പൗരത്വവും ഉള്ളവര്‍ക്ക് വളരെ വേഗത്തില്‍ റഷ്യന്‍ സൈന്യത്തില്‍ 3 ലക്ഷം രൂപ വരെയാണ് ശമ്പളം വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തില്‍ സൈന്യത്തില്‍ ചേരുന്നവരോട് ആദ്യ കാലത്ത് സൈന്യത്തിന്റെ പിന്നണി പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ആവശ്യപ്പെടുകയെങ്കിലും പിന്നീട് യുദ്ധമുന്നണിയിലേക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നതെന്ന് പണിക്കര്‍ പറയുന്നു.
പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയായ കേരളത്തിലെ നോര്‍ക- റൂട്ട്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കൊളശ്ശേരി പറയുന്നതനുസരിച്ച് റഷ്യയിലേക്ക് പറന്നവരില്‍ ഭൂരിഭാഗവും കുടിയേറ്റത്തിന് ഔദ്യോഗിക മാര്‍ഗങ്ങളല്ല ഉപയോഗിച്ചിരിക്കുന്നത്. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടും എട്ട് പേര്‍ മാത്രമാണ് നോര്‍ക-റൂട്ട്സില്‍ രജിസ്റ്റര്‍ ചെയ്തത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഏജന്റുമാരും വിദൂര കേന്ദ്രങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. നിയമവിരുദ്ധ റിക്രൂട്ട്മെന്റിനെതിരെ നടപടിയെടുക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നും കൊളശ്ശേരി പറഞ്ഞു.
തൃശ്ശൂരില്‍ നിന്നുള്ള 27കാരന്‍ ജെയിന്‍ കുര്യന്‍ 2024 ഏപ്രില്‍ നാലിനാണ് തന്റെ ഭാര്യാസഹോദരന്‍ ബിനില്‍ ബാബുവിനൊപ്പം തൊഴില്‍ തേടി ബഹ്റൈനിലേക്ക് യാത്ര തിരിച്ചത്. എന്നാല്‍ അവരുടെ യാത്ര ചെന്നെത്തിയത് റഷ്യയിലായിരുന്നു. അവിടെ അവര്‍ക്ക് റഷ്യന്‍ പാസ്പോര്‍ട്ടുകള്‍ ലഭിക്കുകയും ജെയിന്‍ കുര്യന് റഷ്യന്‍ സൈന്യത്തില്‍ പാചകക്കാരനായി ജോലി ലഭ്യമാവുകയും ചെയ്തു. പിന്നീട് അവരെ റഷ്യ- യുക്രെയ്ന്‍ യുദ്ധമുഖത്തേക്ക് കൊണ്ടുപോവുകയും ഷെല്‍ ആക്രമണത്തില്‍ ബിനില്‍ കൊല്ലപ്പെടുകയും ചെയ്തു. ജെയിന് ഗുരുതരമായി പരിക്കേറ്റ് മോസ്‌കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
പോളണ്ടിലാണ് ജോലി വാഗ്ദാനം ചെയ്തതെന്നും പിന്നീട് റഷ്യയിലേക്ക് മാറ്റിയതായുമാണ് ജെയിനിന്റെ അമ്മ ജെസ്സി കുര്യന്‍ പറയുന്നത്. സൈനിക ക്യാമ്പില്‍ ആറ് മലയാളികളാണുണ്ടായിരുന്നത്. അവരില്‍ തൃശ്ശൂരില്‍ നിന്നുള്ള സന്ദീപ് ചന്ദ്രന്‍ (36) 2024 ഓഗസ്റ്റിലാണ് യുക്രെയ്‌നില്‍ നടന്ന ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സന്ദീപിന്റെ മരണശേഷം, സംഘത്തിലെ മൂന്ന് പേരെ നാട്ടിലേക്ക് തിരിച്ചയക്കുകയും രണ്ട് പേര്‍ അവിടെ തന്നെ തുടരുകയും ചെ്തു. രണ്ടുപേരില്‍ ബിനില്‍ ജനുവരിയിലും കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഇരുവരേയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ തങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ജെസ്സി കുര്യന്‍ പറഞ്ഞു.
കൊല്ലപ്പെട്ട രണ്ട് മലയാളികളും സെമി-സ്‌കില്‍ഡ് ഇലക്ട്രീഷ്യന്‍മാരായിരുന്നു. മെക്കാനിക്കാണ് ജെയിന്‍.
റഷ്യന്‍ സൈന്യത്തിലെ ഇന്ത്യക്കാരെ തിരികെ അയക്കണമെന്ന് ഇതിനകം ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നെന്ന് കരുതുന്ന 126ല്‍ 96 പേര്‍ ഇന്ത്യയിലേക്ക് മടങ്ങി. 12 പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. 16 പേരെ 'കാണാതായി' എന്നാണ് രേഖകള്‍. സംഘര്‍ഷ മേഖലയില്‍ എത്ര പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകുമെന്ന് വ്യക്തമല്ലെന്നും മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയിലേക്കോ വിദേശകാര്യ മന്ത്രാലയത്തിലേക്കോ അവര്‍ ബന്ധപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.