പാറശ്ശാല ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മക്ക് വധശിക്ഷ

പാറശ്ശാല ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മക്ക് വധശിക്ഷ


നെയ്യാറ്റിന്‍കര: പാറശ്ശാല ഷാരോണ്‍ വധകേസില്‍ പ്രതികള്‍ക്ക് വധശിക്ഷ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കരഞ്ഞുകൊണ്ടാണ് ഗ്രീഷ്മ കോടതിയില്‍ വിധി പ്രസ്താവം കേട്ടത്. 

ഗ്രീഷ്മയും മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍കുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശിക്ഷാവിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കളും സഹോദരനും കോടതിയിലെത്തി. ജഡ്ജിയാണ് മൂവരെയും കോടതിക്കുള്ളിലേക്ക് വിളിപ്പിച്ചത്. കേസിലെ വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ എത്തിയിരുന്നില്ല.

വിധി പ്രസ്താവത്തിനിടെ പൊലീസിനെയും ജഡ്ജി അഭിനന്ദിച്ചു. സങ്കീര്‍ണ്ണമായ കേസ് അതിസമര്‍ഥമായി അന്വേഷിച്ചു. പൊലീസിന് അഭിമാനിക്കാം. അന്വേഷണ സംഘത്തിനും പ്രത്യേക അഭിനന്ദനം. മീഡിയ നോക്കിയല്ല മെറിറ്റ് നോക്കിയാണ് വിധി പ്രസ്താവമെന്നും ജഡ്ജി പറഞ്ഞു. അതിവിദഗ്ധമായ കൊലയെന്നാണ് ജഡ്ജി നിരീക്ഷിച്ചത്.

പ്രായത്തിന്റെ ഇളവ് ഗ്രീഷ്മയ്ക്ക് നല്‍കാനാവില്ല. കൊല്ലപ്പെട്ട ഷാരോണിനും സമാന പ്രായമാണ് എന്നത് കണക്കിലെടുത്താണിത്. മരണക്കിടക്കയില്‍ പോലും ഷാരോണ്‍ ഗ്രീഷ്മയെ സംശയിച്ചില്ല. പ്രണയത്തിന്റെ ആഴമാണ് ഇത് വ്യക്തമാക്കുന്നത്. ഗ്രീഷ്മയെ സംശയത്തില്‍ നിര്‍ത്താന്‍ ഷാരോണ്‍ തയ്യാറായില്ലെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി. ജ്യൂസില്‍ പ്രശ്നമുണ്ടെന്ന് ഷാരോണിന് അറിയാമായിരുന്നു. അതിനാലാണ് വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ സമ്മതിക്കാതിരുന്നത്. എന്തോ പിശക് ഉണ്ടെന്ന് ഷാരോണിന് അറിയാമായിരുന്നു. 

അഗാധമായ പ്രണമായിരുന്നു ഷാരോണിന്. 11 ദിവസം ഷാരോണിന് ഒരു തുള്ളി വെള്ളം പോലും കുടിക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടും ഗ്രീഷ്മയെ അവിശ്വസിച്ചില്ല. ഗ്രീഷ്മയെ നിയമനടപടിക്ക് വിധേയമാക്കരുതെന്ന് ഷാരോണ്‍ ആഗ്രഹിച്ചു.'വാവേ!' എന്നാണ് ഷാരോണ്‍ അവളെ വിളിച്ചിരുന്നത്. ഷാരോണുമായി ബന്ധം നിലനില്‍ക്കെ പ്രതിശ്രുത വരനുമായി ഗ്രീഷ്മ നല്ല ബന്ധം വെച്ചിരുന്നുവെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു.

ഷാരോണ്‍ ഗ്രീഷ്മയെ സംഭവദിവസം മര്‍ദ്ദിക്കുകയോ അടിക്കുകയോ ചെയ്തിട്ടില്ലെന്നും വിധി പ്രസ്താവത്തില്‍ പരാമര്‍ശിക്കുന്നു. പ്രതിഭാഗം തള്ളുന്ന പ്രസ്താവമാണിത്. പിടിക്കപ്പെടാതെ പിടിച്ചുനില്‍ക്കാന്‍ ഗ്രീഷ്മ കൗശലം ഇറക്കി. പല കള്ളങ്ങള്‍ പറഞ്ഞു. കൊലപാതക പ്ലാന്‍ ഷാരോണിന് അറിയില്ലായിരുന്നു. സ്നേഹിക്കുന്ന ഒരാളെ ചതിച്ചു. സമൂഹത്തിന് ഇത് നല്‍കുന്നത് മികച്ച സന്ദേശമല്ല. ഇര നിഷ്‌കളങ്കനാണെന്നും വിധി പ്രസ്താവത്തില്‍ പറയുന്നുണ്ട്.

പ്രതിയുടെ കുടുംബത്തെ കാണണമെന്നും കോടതി ആവശ്യപ്പെട്ടു. അവര്‍ കോടതിയിലുണ്ട്. കുറ്റകൃത്യത്തിന് സ്നേഹം നടിച്ചു. നിരന്തരം സന്ദേശം അയച്ചു. ഇനിയും ഇങ്ങനെ ചെയ്യില്ലെന്ന് കോടതിക്ക് ഉറപ്പില്ല. അന്വേഷണത്തെ വഴിതിരിച്ച് വിടാനാണ് ഗ്രീഷ്മ ആത്മഹത്യാ ശ്രമം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.

ആത്മഹത്യ ചെയ്യാനാണ് നെറ്റില്‍ സെര്‍ച്ച് ചെയ്തതെന്ന പ്രതിഭാഗം വാദവും നില്‍നില്‍ക്കില്ല. സ്ലോ പോയിസനിംഗിലൂടെ കൊല്ലുകയായിരുന്നു ലക്ഷ്യം. ആസൂത്രിക കൊലപാതകമാണിത്. 

ശിക്ഷ വിധിക്കുന്നതിന് മുമ്പ് എന്തെങ്കിലും പറയാന്‍ ഉണ്ടോ എന്ന് കോടതി ഗ്രീഷ്മയോട് ചോദിച്ചിരുന്നു. പറയാന്‍ ഉണ്ടെന്ന് ഗ്രീഷ്മയുടെ അഭിഭാഷകന്‍ പറഞ്ഞതോടെ ഗ്രീഷ്മയെ ജഡ്ജ് അടുത്തേയ്ക്ക് വിളിക്കുകയായിരുന്നു.

ഗ്രീഷ്മ ആവശ്യങ്ങള്‍ എഴുതി നല്‍കി. ഇതിന് പിന്നാലെ ഗ്രീഷ്മ എഴുതി നല്‍കിയ കാര്യങ്ങള്‍ പരിശോധിച്ചു. പിന്നാലെ ജഡ്ജി ഗ്രീഷ്മയോട് കാര്യങ്ങള്‍ നേരിട്ട് ചേദിച്ചറിഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ ഗ്രീഷ്മ വിശദീകരിച്ചു. തുടര്‍ന്ന് പഠിക്കണമെന്ന് കോടതിയോട് അഭ്യര്‍ഥിച്ച ഗ്രീഷ്മ വിദ്യാഭ്യാസ രേഖകള്‍ ജഡ്ജിയെ കാണിച്ചു. തനിക്ക് മറ്റ് ക്രിമിനല്‍ കേസുകള്‍ ഒന്നുമില്ലെന്ന് ഗ്രീഷ്മ അറിയിച്ചു. 24  വയസ് മാത്രമാണ് പ്രായമെന്നും പരമാവധി ഇളവ് നല്‍കണമെന്നും ഗ്രീഷ്മ അപേക്ഷിച്ചു.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നായിരുന്നു പ്രോസിക്യുഷന്റെ വാദം. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഒരു ചെറുപ്പക്കാരന്റെ സ്‌നേഹത്തെയാണ് കൊന്നത്. യഥാര്‍ഥ പ്രണയത്തെ കൂടി കൊലപ്പെടുത്തിയ കേസ്. പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ച് വരുത്തിയാണ് കൊന്നത്. പ്രണയമുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് വിളിച്ചു വരുത്തിയാണ് കൊലപാതകം. ഗ്രീഷ്ഷമയ്ക്ക് ചെകുത്താന്റെ ചിന്ത ആയിരുന്നു. ഒരു തവണ പരാജപ്പെട്ടപ്പോള്‍ വീണ്ടും ശ്രമം നടത്തി.

ക്രൂര മനസുള്ള ഒരാള്‍ക്കേ അങ്ങിനെ ചിന്തിക്കാന്‍ കഴിയൂ. വ്യക്തമായ ലക്ഷ്യത്തോടെയാണ് ഗ്രീഷ്മ തീരുമാനം നടപ്പാക്കിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൃത്യം നടത്തിയത്. അതിനായി മുന്നൊരുക്കങ്ങള്‍ നടത്തിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിവസം ഷാരോണ്‍ അനുഭവിച്ച വേദന കാണണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. വിഷം കഴിച്ചതോടെ ചുണ്ട് മുതല്‍ ആന്തരിക അവയവം വരെ തകരാറിലായി എന്ന ഡോക്ടര്‍മാരുടെ മൊഴിയും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു. 

യാദൃശ്ചികമായി സംഭവിച്ച കൊലപാതകം അല്ല, കൃത്യമായി ആസൂത്രണം ചെയ്താണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ബിരുദാനനന്തര ബിരുദധാരിയെന്ന നിലയില്‍ ഗ്രീഷ്മയുടെ അറിവുകള്‍ കൊലയ്ക്ക് ഉപയോഗിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. 

ഒരു കുടുംബത്തിന്റെ സ്വപ്‌നങ്ങളാണ് ഗ്രീഷ്മ ഇല്ലാതാക്കിയത്. പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും കൊലപാതകം മനസാക്ഷിയുള്ള സമൂഹത്തെ ആകെ ഞെട്ടിച്ചുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. ഗ്രീഷ്മയ്ക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ വാദത്തെ പ്രതിഭാഗം ചോദ്യം ചെയ്തു. സാഹചര്യതെളിവുകള്‍ മാത്രം വെച്ച് എങ്ങനെ വധശിക്ഷ നല്‍കാന്‍ കഴിയുമെന്ന ചോദ്യമാണ് പ്രതിഭാഗം ഉന്നയിച്ചത്. പ്രതിക്ക് ആന്റിസോഷ്യല്‍ സ്വഭാവമില്ലെന്നും ഗ്രീഷ്മയ്ക്ക് ആത്മഹത്യാ പ്രവണത ഉണ്ടെന്നും പ്രതിഭാഗം വാദിച്ചു. ഷാരോണുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ പലതവണ ശ്രമിച്ചു. ഗ്രീഷ്മ ഷാരോണില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ഷാരോണ്‍ പിന്‍മാറിയില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചു. ഷാരോണ്‍ കിടപ്പുമുറിയില്‍ നിന്നുള്ള പടം എടുത്തത് എന്തിനെന്ന് ചോദിച്ച പ്രതിഭാഗം ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങള്‍ ഷാരോണ്‍ ഫോണില്‍ സൂക്ഷിച്ചുവെന്നും ചൂണ്ടിക്കാണിച്ചു. 

ഈ ബന്ധത്തില്‍ നിന്ന് ഗ്രീഷ്മയെ പുറത്തു വിടാന്‍ ഷാരോണ്‍ തയ്യാറായിരുന്നില്ല. വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി ഫോട്ടോ എടുത്ത് ഷാരോണ്‍ സൂക്ഷിച്ചു. ഗ്രീഷ്മ ഒരു ചിത്രം പോലും സൂക്ഷിച്ചിരുന്നില്ല. തനിക്ക് കിട്ടാത്തത് ആര്‍ക്കും കിട്ടരുത് എന്ന് ഷാരോണ്‍ ഉറപ്പിച്ചിരുന്നു.

ഷാരോണ്‍ നഗ്‌ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി. ഒരു പെണ്‍കുട്ടിക്ക് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറം ആയിരുന്നു ഷാരോണിന്റെ പെരുമാറ്റമെന്നും അതുകൊണ്ടാണ് കുറ്റകൃത്യത്തിന് മുതിരേണ്ടി വന്നതെന്നും പ്രതിഭാഗം വാദിച്ചു. നേരത്തെ തയ്യാറാക്കിയ പ്ലാന്‍ ആയിരുന്നില്ല ഷാരോണിന് സാമൂഹ്യ വിരുദ്ധ പശ്ചാത്തലം ഉണ്ടെന്നും പ്രതിഭാഗം വാദിച്ചു. 

പരമാവധി നല്‍കാന്‍ കഴിയുന്നത് ജീവപര്യന്തമാണെന്നും 10 വര്‍ഷമായി കുറയ്ക്കേണ്ട ഇളവ് ഈ സംഭവത്തില്‍ ഉണ്ടെന്നും പ്രതിഭാഗം വാദിച്ചു. ഇരുവിഭാഗത്തിന്റെയും വാദം കേട്ടതിന് ശേഷമാണ് ശിക്ഷാ വിധി പ്രഖ്യാപിക്കുന്നത് കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയത്.