ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്

ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയുടെ ശിക്ഷാവിധി ഇന്ന്


തിരുവനന്തപുരം: പാറശാലയില്‍ ഷാരോണ്‍ രാജ് എന്ന യുവാവിനെ കഷായത്തില്‍ വിഷം ചേര്‍ത്ത് കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. നെയ്യാറ്റിന്‍കര അഡീഷ്ണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ഒന്നാം പ്രതിയായ ഗ്രീഷ്മയും ,മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍കുമാറും കുറ്റക്കാരാണെന് കോടതി കണ്ടെത്തിയിരുന്നു. വിധി പ്രസ്താവത്തിന് മുന്നേയുളള പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റെയും അന്തിമവാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ഗ്രീഷ്മക്ക് ചെകുത്താന്റെ മനസാണന്നും പരമവാധി ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഗ്രീഷ്മയുടെ പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രതിഭാഗവും വാദിച്ചു .പ്രതിയായ ഗ്രീഷ്മക്ക് പറയാനുള്ളത് കോടതിയില്‍ എഴുതി നല്‍കി. തെളിവുകളുടെ അഭാവത്തില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു. ഇന്ന് 11 മണിക്ക് കോടതി നടപടികള്‍ ആരംഭിക്കും. വിധി കേള്‍ക്കാന്‍ ഷാരോണ്‍ രാജിന്റെ മാതാപിതാക്കളും കോടതിയില്‍ എത്തും

2022 ഒക്ടോബറിലായിരുന്നു കേരളത്തിനെ നടുക്കിയ കൊലപാതകം നടന്നത്. നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. ഇരുവരുടെയും പ്രണയം ഗ്രീഷ്മയുടെ വീട്ടിലറിഞ്ഞതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഗ്രീഷ്മയോട് കുടുംബം ആവശ്യപ്പെടുകയും മറ്റൊരു വിവാഹം ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഷാരോണിനെ ബന്ധത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഷാരോണ്‍ പിന്മാറാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ഗ്രീഷ്മയും കുടുംബവും ഷാരോണിനെ ഒഴിവാക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കുകയായിരുന്നു. ഗ്രീഷ്മയുമായി കണ്ടുമുട്ടി തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ ഷാരോണ്‍ ഛര്‍ദ്ദിച്ച് അവശനാകുകയും ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നത്.

പാറശ്ശാലയിലെ ഷാരോണിനെ കൊലപ്പെടുത്താന്‍ പ്രതി ഗ്രീഷ്മ ഉപയോഗിച്ചത് കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കുന്ന കീടനാശിനിയായ കോപ്പര്‍ സള്‍ഫേറ്റ് എന്ന തുരിശ്. ഇത് തെളിയിക്കുന്നത് വെല്ലുവിളിയായിരുന്നുവെന്ന് പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. വി എസ് വിനീത് കുമാര്‍ പറഞ്ഞിരുന്നു. വിഷം കൊടുക്കല്‍, തട്ടിക്കൊണ്ടുപോകല്‍ എന്നിവയാണ് ഗ്രീഷ്മയ്ക്കെതിരെയുള്ള കുറ്റം. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെതിരെ തെളിവുകളുടെ അഭാവമുണ്ടായിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

കവുങ്ങ്, തെങ്ങ്, റബ്ബര്‍ തുടങ്ങിയവയ്ക്ക് കുമിള്‍നാശിനിയായി ഉപയോഗിക്കുന്നതാണ് കോപ്പര്‍ സള്‍ഫേറ്റ്. പേപ്പര്‍ പ്രിന്റിം?ഗ്, മണ്‍പാത്രങ്ങള്‍ക്ക് കളര്‍ നല്‍കല്‍, കെട്ടിട നിര്‍മ്മാണം എന്നിവയ്ക്കും തുരിശ് ഉപയോഗിക്കുന്നുണ്ട്. ഒരു ഗ്രാം കോപ്പര്‍ സള്‍ഫേറ്റ് മനുഷ്യ ശരീരത്തിലെത്തിയാല്‍ ആദ്യം ബാധിക്കുക കരളിനെയാണ്. 30 ഗ്രാം വരെ അകത്തുചെന്നാല്‍ മരണം സംഭവിക്കും. ഒരു മാസത്തെ ചികിത്സയ്‌ക്കൊടുവില്‍ ആന്തരികാവയവങ്ങള്‍ തകരാറിലായായിരുന്നു ഷാരോണിന്റെ മരണം. മകന്‍ നീലക്കളറില്‍ ഛര്‍ദിച്ചുവെന്നും നടക്കാന്‍ കഴിയാത്ത ഷാരോണിനെ സുഹൃത്താണ് വീട്ടിലെത്തിച്ചതെന്നും കുടുംബം പൊലീസിനോട് പറഞ്ഞിരുന്നു.