ഗാസ സിറ്റി: വെടിനിര്‍ത്തല്‍ ബന്ദി കൈമാറ്റ കരാര്‍ പ്രകാരം മൂന്ന് വനിതകളെ ഹമാസ് ആദ്യം കൈമാറി. ഹമാസിന്റെ സായുധവിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് അംഗങ്ങളാണ് ബന്ദികളെ വാഹനത്തില്‍ ബന്ദി കൈമാറ്റം നടക്കുന്ന സെന്‍ട്രല്‍ ഗാസ സിറ്റിയിലെ സരായ സ്‌ക്വയറില്‍ എത്തിച്ചത്. അവിടെ ബന്ദികൈമാറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ നിരവധി പാലസ്തീനികള്‍ തടിച്ചുകൂടിയിരുന്നു.
നൂറുകണക്കിന് ഗാസക്കാര്‍ ബന്ദികളുമായെത്തിയ വാഹനങ്ങള്‍ക്ക് ചുറ്റുംകൂടി. കാറില്‍നിന്ന് മൂന്ന് വനിത ബന്ദികള്‍ പുറത്തിറങ്ങി അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റിയുടെ വാഹനത്തില്‍ കയറി. യുവതികള്‍ പൂര്‍ണ ആരോഗ്യവതികളാണെന്ന് റെഡ് ക്രോസ് ഉറപ്പുവരുത്തി. ബന്ദികളായ ഡോറണ്‍ സ്റ്റയിന്‍ ബ്രച്ചര്‍ (31), ബ്രിട്ടീഷ് ഇസ്രായേലി പൗരത്വമുള്ള എമിലി ദമാരി (28), റോമി ഗോനെന്‍ (24) എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്.
തുടര്‍ന്ന്, ബന്ദികളാക്കിയിരുന്ന മൂന്ന് സ്ത്രീകളെ റെഡ് ക്രോസിന് ഔദ്യോഗികമായി കൈമാറിയതായി ഹമാസ് പ്രതിനിധി വാര്‍ത്ത ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.
പാലസ്തീന്‍ മാധ്യമങ്ങളടക്കം മേഖലയിലെ വിവിധ ടെലിവിഷന്‍ ചാനലുകള്‍ ഇതിന്റെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തു. എക്‌സിലൂടെയും ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മുമ്പ് ഇസ്രയേലി തടവുകാരെ മോചിപ്പിച്ചപ്പോള്‍ ബന്ദി കൈമാറ്റ ദൃശ്യങ്ങള്‍ ഹമാസ് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു.
പകരമായി 90 പേരെ ഇസ്രായേല്‍ മോചിപ്പിക്കും. പോപുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (പി.എഫ്.എല്‍.പി) നേതാവ് ഖാലിദ ജറാറും മോചിപ്പിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്. വിട്ടയക്കുന്നവരില്‍ 69 പേര്‍ സ്ത്രീകളും 21 പേര്‍ കുട്ടികളുമാണ്. ഇതില്‍ 12 പേര്‍ 19 വയസ്സിന് താഴെയുള്ളവരാണ്.
ബന്ദി കൈമാറ്റം ആരംഭിച്ചു; മൂന്നുവനിതകള്‍ മോചിതരായി; എത്തിച്ചത് സായുധ വാഹനത്തില്‍