ബ്രസ്സല്‍സ്: യു എസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് മുന്നറിയിപ്പുകള്‍ യൂറോപ്പിന് മുമ്പില്‍ വലിച്ചിഴക്കുന്നത് പുതിയ പ്രതിസന്ധികള്‍. ഒന്നുകില്‍ അനാവശ്യമായ വിട്ടുവീഴ്ച ചെയ്യുകയെന്നതാണ് അവര്‍ക്കു മുമ്പിലുള്ള വഴികളിലൊന്ന്. സ്വന്തം താരിഫുകള്‍ കുറച്ച് സാമ്പത്തിക ചെലവുകള്‍ വഹിക്കുകയുമെന്നതാണ് വിട്ടുവീഴ്ച യൂറോപ്പിന് സമ്മാനിക്കാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി. അതല്ലെങ്കില്‍ ദുര്‍ബലമായ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന് യു എസിന് മുമ്പില്‍ പുതിയ തടസ്സങ്ങള്‍ സൃഷ്ടിക്കണം.
യൂറോപ്യന്‍ യൂണിയന്‍ വളരെക്കാലമായി സ്വതന്ത്ര വ്യാപാര നിയമങ്ങളെ അടിസ്ഥാനമാക്കുന്ന സംവിധാനത്തെ ശക്തമായി പ്രതിരോധിക്കുന്നുണ്ട്. കഴിഞ്ഞ മാസം നാല് തെക്കേ അമേരിക്കന്‍ രാജ്യങ്ങളുമായുള്ള ഭീമന്‍ വ്യാപാര കരാറാണ് പ്രഖ്യാപിച്ചത്. ആഭ്യന്തര, വിദേശ നയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് താരിഫുകള്‍ ഉപയോഗിക്കാനുള്ള ട്രംപിന്റെ പദ്ധതിയോട് ഏതുവിധത്തില്‍ പ്രതികരിക്കണമെന്ന നയങ്ങളും ആവിഷ്‌ക്കരിക്കുകയാണ്.
പൂര്‍ണ്ണമായ വ്യാപാര യുദ്ധം ഒഴിവാക്കാനാണ് യൂറോപ്പ് ആഗ്രഹിക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു എസ്. ഇരു സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള മൊത്തം വ്യാപാരവും വിദേശ അനുബന്ധ വില്‍പ്പനയും ഏകദേശം 8.7 ട്രില്യണ്‍ ഡോളറാണെന്ന് യൂറോപ്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പറയുന്നു.
ട്രംപ് ഭീഷണിപ്പെടുത്തിയതുപോലെ 20 ശതമാനം വരെ ആഗോള താരിഫ് ചുമത്താനാണ് യു എസ് നീക്കം നടത്തുന്നതെങ്കില്‍ യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയെ അത് കാര്യമായി ബാധിക്കും. യൂറോപ്പിന്റെ രോഗാതുരമായ സമ്പദ്വ്യവസ്ഥയെ യു എസ് നടപടികള്‍ തകര്‍ക്കുകയും യു എസിലേക്കുള്ള കയറ്റുമതിയെ ബാധിക്കുകയും ചെയ്യും.
ചൈനയ്ക്ക് മേല്‍ യു എസ് ഉയര്‍ന്ന താരിഫ് ചുമത്തിയാല്‍ അത് യൂറോപ്പിലെ ആഭ്യന്തര ഉത്പാദകര്‍ക്കായിരിക്കും പ്രഹരമാവുക. വില കുറഞ്ഞ ഉത്പന്നങ്ങള്‍ ചൈന യൂറോപ്പിലേക്ക് തിരിച്ചുവിടും.
കൂടുതല്‍ അമേരിക്കന്‍ ദ്രവീകൃത പ്രകൃതിവാതകവും പ്രതിരോധ സാമഗ്രികളും വാങ്ങുമെന്ന പ്രഖ്യാപനവും ബീജിംഗിനെ നേരിടുന്നതില്‍ ട്രംപുമായി സഹകരിക്കാനുള്ള വാഗ്ദാനവും ഉള്‍പ്പെടുന്ന നിര്‍ദ്ദേശങ്ങളിലൂടെ താരിഫ് ഭീഷണികളില്‍ ചിലത് മറികടക്കാന്‍ യൂറോപ്യന്‍ യൂണിയന് സാധിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്. യുക്രെയ്നെ പിന്തുണയ്ക്കുന്നതിന്റെ കൂടുതല്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനും യൂറോപ്യന്‍ യൂണിയന്‍ പ്രതിജ്ഞാബദ്ധമായേക്കാം, കൂടാതെ അംഗരാജ്യങ്ങള്‍ക്ക് സൈനിക ചെലവ് വര്‍ധിപ്പിക്കാനും കഴിയുമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രസ്തുത നീക്കങ്ങള്‍ ഫലിച്ചില്ലെങ്കില്‍ പ്രതികാര നടപടിക്കായി യൂറോപ്യന്‍ യൂണിയന്‍ നിരവധി മറ്റു സാധ്യതകളും തയ്യാറാക്കിയിട്ടുണ്ട്. നയതന്ത്രജ്ഞര്‍ വിശദമാക്കുന്നതുപോലെ രാഷ്ട്രീയമായി സെന്‍സിറ്റീവായ യു എസ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളെ ലക്ഷ്യമിടുന്ന താരിഫുകളും ഇതില്‍ ഉള്‍പ്പെടാം. 2018-ല്‍ ആദ്യ ട്രംപ് ഭരണകൂടം യൂറോപ്യന്‍ യൂണിയന്‍ സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് തീരുവ ഏര്‍പ്പെടുത്തിയതിന് ശേഷം ബര്‍ബണ്‍, ഹാര്‍ലി-ഡേവിഡ്സണ്‍ മോട്ടോര്‍സൈക്കിളുകള്‍ ഉള്‍പ്പെടെയുള്ള ക്ലാസിക് യു എസ് ഉത്പന്നങ്ങളിലാണ് യൂറോപ് തിരിച്ചടിച്ചത്.
യൂറോപ്യന്‍ യൂണിയന്‍ നേരിടുന്ന വെല്ലുവിളികളിലൊന്ന് ട്രംപിന്റെ പ്രവചനാതീത സമീപനമാണ്. അദ്ദേഹം അധികാരത്തിലെത്തിയാല്‍ സ്വീകരിക്കുന്ന ഏതൊരു നടപടിക്കും ഇത് ബാധകമാണ്. താരിഫുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ട്രംപിന്റെ ഉപദേഷ്ടാക്കള്‍ക്ക് വ്യത്യസ്ത വീക്ഷണങ്ങളുണ്ടെന്നതിന് പുറമേ എല്ലാത്തരം ലെവികളില്‍ നിന്നുമുള്ള പണപ്പെരുപ്പ അപകടസാധ്യതകളെക്കുറിച്ച് ചില മുന്നറിയിപ്പുകളും ഉണ്ട്.
ട്രംപിന്റെ വ്യാപാര പദ്ധതികള്‍ പ്രാദേശിക സുരക്ഷ, യുക്രെയ്നിനുള്ള പിന്തുണ, ഗ്രീന്‍ലാന്‍ഡിന് മേലുള്ള താത്പര്യം എന്നിവയുമായെല്ലാം ബന്ധപ്പെട്ടേക്കാം. പുതിയ ഭരണകൂടവുമായി നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നതിന് പുറമേ ട്രംപിന്റെ ചില ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്ന പങ്കാളിയായി യൂറോപ്യന്‍ യൂണിയനെ സ്ഥാപിക്കാനും ശ്രമിക്കും.
പരസ്പര പ്രയോജനകരമായ ഫലങ്ങള്‍ക്കായി ട്രംപ് ഭരണകൂടവുമായി പ്രവര്‍ത്തിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പദ്ധതിയിടുന്നുവെന്ന് എക്‌സിക്യൂട്ടീവ് ബോഡിയായ യൂറോപ്യന്‍ കമ്മീഷന്റെ വക്താവ് പറഞ്ഞു. എന്നാല്‍ ആവശ്യമെങ്കില്‍, തങ്ങളുടെ നിയമാനുസൃത വ്യവസായങ്ങളെയും കമ്പനികളെയും അംഗരാജ്യങ്ങളെയും സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 100 ശതമാനം താരിഫ് ഏര്‍പ്പെടുത്തുന്നതില്‍ യു എസിനൊപ്പം ചേരുന്നതിനുപകരം യൂറോപ്യന്‍ യൂണിയന്‍ ചൈനീസ് സബ്സിഡികള്‍ സംബന്ധിച്ച് ഒരു മാസത്തോളം നീണ്ട അന്വേഷണം നടത്തുകയും ഏകദേശം 35 ശതമാനം വരെ അധിക താരിഫുകള്‍ ഈടാക്കുകയും ചെയ്തു.
ട്രംപ് തന്റെ ചില വ്യാപാര ഭീഷണികള്‍ പാലിക്കുകയാണെങ്കില്‍ ആഗോള വ്യാപാര രംഗം പുനര്‍ നിര്‍മിക്കപ്പെടാനാണ് സാധ്യത. മാത്രമല്ല ശക്തമായ പ്രതിരോധം സൃഷ്ടിക്കാനും കൂട്ടായ്മ സമ്മര്‍ദ്ദം നേരിടും. യു എസിനെതിരെ പ്രതികാര താരിഫുകളും ചൈനയ്ക്ക് മേലുള്ള പുതിയ തീരുവകളുമെല്ലാം ഇതില്‍ ഉള്‍പ്പെടും. ഒന്നുകില്‍ യു എസിനെ പ്രീണിപ്പിക്കുക അല്ലെങ്കില്‍ വര്‍ധിച്ചുവരുന്ന ചൈനീസ് ഇറക്കുമതികള്‍ക്കെതിരെ പ്രതിരോധിക്കുക എന്നതാണ് യൂറോപ്യന്‍ യൂണിയനുമുമ്പിലുള്ള മാര്‍ഗ്ഗം.
യൂറോപ്യന്‍ യൂണിയനും മറ്റുള്ളവരും ലോക വ്യാപാര സംഘടനയുടെ നിയമത്തിന് അനുസൃതമായും സംഘര്‍ഷം ഒഴിവാക്കുന്ന തരത്തിലും ഏതെങ്കിലും പ്രതികരണങ്ങള്‍ രൂപപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിയമങ്ങള്‍ അടിസ്ഥാനമാക്കുന്ന ക്രമത്തിലും ലോക വ്യാപാര സംഘനടയുടെ നയങ്ങളിലും കഴിയുന്നത്ര ഉറച്ചുനില്‍ക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് ഒരു യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞന്‍ പറഞ്ഞത്. എന്നാല്‍ ട്രംപുമായുള്ള ചര്‍ച്ചകള്‍ ബുദ്ധിമുട്ടായിരിക്കുമെന്നും കാരണം അദ്ദേഹം അത് കാര്യമാക്കുന്നില്ലെന്നും നയതന്ത്രജ്ഞന്‍ വിശദമാക്കി.
ബ്രസ്സല്‍സിന്റെ വ്യാപാര നയങ്ങള്‍ യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങളെയാണ് ബാധിക്കുക. ചില രാജ്യങ്ങള്‍ സംഘര്‍ഷങ്ങള്‍ ശമിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ താത്പര്യപ്പെടുമ്പോള്‍ മറ്റു ചില രാജ്യങ്ങള്‍ ശക്തമായ പ്രതികാര നടപടികളില്‍ നിന്നുള്ള രാഷ്ട്രീയ നേട്ടങ്ങളെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ പ്രതികരണം സങ്കീര്‍മായേക്കും.
ആഗോള വ്യാപാര നിയമങ്ങള്‍ പാലിക്കണമെന്ന യൂറോപ്യന്‍ യൂണിയന്റെ നിര്‍ബന്ധത്തെ അടുത്തിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ചോദ്യം ചെയ്തിരുന്നു. ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള യൂറോപ്യന്‍ യൂണിയന്റെ താരിഫ് തങ്ങളുടെ വ്യവസായത്തെ സംരക്ഷിക്കാന്‍ പ്രാപ്തമല്ലെന്നാണ് അദ്ദേഹം പറയുന്നത്. വ്യാപാര സംഘടനയുടെ നിയമങ്ങള്‍ ചൈനയോ അമേരിക്കയോ മുഖവിലക്കെടുക്കുന്നില്ലെന്നും മാക്രോണ്‍ ചൂണ്ടിക്കാട്ടി.
ലോക വ്യാപാര സംഘടനയോട് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെങ്കിലും അക്കാര്യത്തില്‍ മാറ്റം വേണമെന്ന നിലപാടാണ് യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കമ്മീഷണര്‍ മരോഷ് സെഫ്‌കോവിച്ച് പ്രകടമാക്കിയത്. വ്യാപാര സംവിധാനത്തില്‍ യൂറോപ്യന്‍ യൂണിയന്‍ നേരിടുന്ന പ്രശ്‌നങ്ങളെ വിജയകരമായി മറികടക്കാന്‍ ലോക വ്യാപാര സംഘടനയെ പുനര്‍നിര്‍മിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
ട്രംപിന്റെ ഭീഷണികള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായുള്ള സ്വതന്ത്ര വ്യാപാരം ഇരട്ടിയാക്കാനുള്ള യൂറോപ്യന്‍ യൂണിയന്റെ നിലപാടുകളെ ശക്തിപ്പെടുത്തുന്നുവെന്നും വ്യാപാര വിദഗ്ധര്‍ വിശ്വസിക്കുന്നുണ്ട്.
പല രാജ്യങ്ങളും ഒരുമിച്ച് നില്‍ക്കേണ്ടത് ആവശ്യമാണെന്നും ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ ശക്തരാകാന്‍ സാധിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് കമ്മീഷണര്‍ സിസിലിയ മാല്‍സ്‌ട്രോം പറഞ്ഞു.
ജര്‍മ്മനി ആസ്ഥാനമായ കീല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി വേള്‍ഡ് ഇക്കണോമിയുടെ സമീപകാല റിപ്പോര്‍ട്ട് പ്രകാരം യൂറോപ്യന്‍ യൂണിയന്റെ സമ്പദ്‌വ്യവസ്ഥയെ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യാപാര സംവിധാനത്തിലെ തകര്‍ച്ച യു എസ് താരിഫുകള്‍ മാത്രമുള്ളതിനേക്കാള്‍ കൂടുതല്‍ ബാധിക്കുമെന്നാണ് കണ്ടെത്തിയത്.
ആഗോള വ്യാപാര സംവിധാനം പരമാവധി തകരാതെ നിലനിര്‍ത്താന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രമിക്കണമെന്നാണ് ഓസ്ട്രിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് റിസര്‍ച്ചിന്റെ ഡയറക്ടറും റിപ്പോര്‍ട്ടിന്റെ പഠനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളുമായ ഗബ്രിയേല്‍ ഫെല്‍ബര്‍മെയര്‍ പറഞ്ഞത്.