ചെങ്കടലിലെ ആക്രമണങ്ങള്‍ ഇസ്രായേല്‍ കപ്പലുകളെ മാത്രം ലക്ഷ്യമാക്കി ഹൂതികള്‍

ചെങ്കടലിലെ ആക്രമണങ്ങള്‍ ഇസ്രായേല്‍ കപ്പലുകളെ മാത്രം ലക്ഷ്യമാക്കി ഹൂതികള്‍


സന: ചെങ്കടലിലെ ആക്രമണങ്ങള്‍ ഇസ്രായേല്‍ അനുബന്ധ കപ്പലുകളിലേക്ക് മാത്രമായി ഹൂത്തികള്‍ പരിമിതപ്പെടുത്തിയേക്കുമെന്ന് സൂചന. 

2023 ഒക്ടോബര്‍ 7ന് ഇസ്രായേല്‍- ഹമാസ് യുദ്ധം ആരംഭിച്ചതു മുതല്‍ പാലസ്തീനികള്‍ക്കും ഹമാസിനും പിന്തുണ പ്രകടിപ്പിക്കുന്നതിനായി ഹൂത്തികള്‍ ചെങ്കടലിലെ കപ്പല്‍ പാതകളില്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. 

ഹൂതി ആക്രമണങ്ങള്‍ ആഗോള കപ്പല്‍ യാത്രകളെ തടസ്സപ്പെടുത്തിയിരുന്നു. കപ്പലുകള്‍ ചെങ്കല്‍ മാര്‍ഗ്ഗം ഒഴിവാക്കി ദീര്‍ഘവും ചെലവേറിയതുമായ യാത്രകള്‍ നടത്താന്‍ നിര്‍ബന്ധിതരായി.

ഇസ്രായേലും ഹമാസും തമ്മിലുള്ള രണ്ടാമത്തെ വെടിനിര്‍ത്തല്‍ ഞായറാഴ്ച ആരംഭിച്ചതോടെയാണ് ഹൂത്തികള്‍ പുതിയ തീരുമാനമെടുത്തത്. 

ഇസ്രായേല്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം വെടിനിര്‍ത്തലിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ണ്ണമായി നടപ്പിലാക്കിയാല്‍ നിര്‍ത്തലാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കടല്‍മാര്‍ഗ്ഗമുള്ള ആക്രമണങ്ങളുടെ പേരില്‍ ഹൂതി വിമതരെ ലക്ഷ്യമിട്ട് വ്യോമാക്രമണം ആരംഭിച്ച യു എസ്, യു കെ എന്നിവയ്ക്കെതിരെ വീണ്ടും ആക്രമണം ആരംഭിച്ചു.

ഏതെങ്കിലും ആക്രമണം ഉണ്ടായാല്‍ ആക്രമണകാരിയായ രാജ്യത്തിനെതിരെ ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും അറിയിച്ചു. 

എന്നാല്‍ ചെങ്കടല്‍ ഇടനാഴിയിലേക്ക് വീണ്ടും പ്രവേശിക്കാന്‍ ആഗോള സ്ഥാപനങ്ങള്‍ക്ക് ഹൂത്തികളുടെ പ്രഖ്യാപനം പര്യാപ്തമല്ലെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

കപ്പല്‍ ഉടമകളെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടനയായ ബിംകോയുടെ സമുദ്ര സുരക്ഷാ മേധാവി ജേക്കബ് പി ലാര്‍സണിന്റെ അഭിപ്രായത്തില്‍ ഗാസ വെടിനിര്‍ത്തല്‍ കരാര്‍ ദുര്‍ബലമാണ്.

വെടിനിര്‍ത്തല്‍ കരാറുകളില്‍ നിന്നുള്ള ചെറിയ വ്യതിയാനങ്ങള്‍ പോലും ശത്രുതയിലേക്ക് നയിച്ചേക്കാമെന്ന് വിലയിരുത്തപ്പെടുന്നു. ഇത് പിന്നീട് വിശാലമായ അന്താരാഷ്ട്ര ഷിപ്പിംഗിനെതിരെ വീണ്ടും ഭീഷണി ഉയര്‍ത്താന്‍ ഹൂത്തികളെ പ്രേരിപ്പിക്കുമെന്നും ലാര്‍സണ്‍ പറഞ്ഞു.