ഗാസ: ഇസ്രായേലും ഹമാസും തമ്മിലുള്ള വെടി നിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലായി. നേരത്തെ തീരുമാനിച്ച സമയത്തില്‍ നിന്നും മൂന്നു മണിക്കൂറോളം വൈകിയാണ് കരാര്‍ നടപ്പിലായത്.
കരാറിന്റെ ഭാഗമായി മോചിപ്പിക്കേണ്ട മൂന്ന് സ്ത്രീകളുടെ പട്ടിക ഹമാസ് ഇസ്രായേലിന് കൈമാറിയതിനെത്തുടര്‍ന്ന് ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 11:15നാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.
പോരാട്ടം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും മൂന്ന് ഇസ്രായേലി തടവുകാരെയും ഏകദേശം 95 പാലസ്തീന്‍ തടവുകാരെയും ആദ്യ ദിവസം മോചിപ്പിക്കുകയും ചെയ്യുമെന്ന് കരാര്‍ വ്യവസ്ഥ ചെയ്യുന്നു.
മൂന്ന് തടവുകാരുടെയും മോചനം ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് ശേഷം നടക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഏഴ് ദിവസത്തിനുള്ളില്‍ മറ്റ് നാല് സ്ത്രീ തടവുകാരെ മോചിപ്പിക്കുമെന്നും അതില്‍ പറഞ്ഞിരുന്നു.
ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ ആരംഭിച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് സ്ഥിരീകരിച്ചു.
മോചിപ്പിക്കപ്പെടുന്ന മൂന്നുപേരും ഇസ്രായേല്‍ പൗരന്മാരാണെന്നും അവരില്‍ ഒരാള്‍ക്ക് റൊമാനിയന്‍ പൗരത്വവും മറ്റൊരാള്‍ക്ക് ബ്രിട്ടീഷ് പൗരത്വവുമുണ്ടെന്നും ഖത്തര്‍ വക്താവ് മജീദ് അല്‍-അന്‍സാരി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ഹമാസും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഖത്തറും ഈജിപ്തും അമേരിക്കയുമായിരുന്നു മധ്യസ്ഥന്മാര്‍.
നേരത്തെ, കരാറിന് കീഴില്‍ മോചിപ്പിക്കപ്പെടുന്ന ആദ്യത്തെ മൂന്ന് തടവുകാരുടെ പേരുകള്‍ നല്‍കുന്ന പട്ടിക പാലസ്തീന്‍ ഗ്രൂപ്പ് നല്‍കാത്തതിനെത്തുടര്‍ന്ന് കാലതാമസത്തിന് ഇസ്രായേല്‍ ഹമാസിനെ കുറ്റപ്പെടുത്തി. എന്നാല്‍ എന്താണെന്ന് വ്യക്തമാക്കാതെ 'സാങ്കേതിക' കാരണങ്ങളാണ് കാലതാമസമുണ്ടാക്കിയതെന്ന് ഹമാസ് പറഞ്ഞു.
റോമി ഗോണന്‍, ഡോറോണ്‍ സ്റ്റെയിന്‍ബ്രെച്ചര്‍, എമിലി ദമാരി എന്നീ പേരുകളാണ് ഹമാസ് കൈമാറിയ പട്ടികയിലുണ്ടായിരുന്നത്.
വെടി നിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലായതോടെ പാലസ്തീനികള്‍ അവരുടെ വീടുകളിലേക്ക് മടങ്ങാനാരംഭിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് പാലസ്തീനികളാണ് വടക്കന്‍ ഗാസയിലെയും തെക്കന്‍ ഗാസയിലെയും ജബാലിയ, റാഫ എന്നിവയുള്‍പ്പെടെ മുമ്പ് പോകാന്‍ അനുവാദമില്ലാത്ത പ്രദേശങ്ങളിലേക്ക് പുറപ്പെട്ടത്. എന്നാല്‍ പലരുടേയും വീടുകളൊന്നും അവിടങ്ങളിലില്ലെന്നും മടങ്ങുന്നവര്‍ക്കും അക്കാര്യം അറിയാമെന്നും അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എങ്കിലും മിക്ക പാലസ്തീനികളും പറയുന്നത് അവര്‍ തങ്ങളുടെ കൂടാരങ്ങള്‍ വീടിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ സ്ഥാപിക്കുമെന്നാണ്.
തങ്ങള്‍ക്ക് ജീവന്‍ തിരികെ കിട്ടിയതില്‍ വളരെയധികം സന്തോഷിക്കുന്നതായി വടക്കന്‍ ഗാസയില്‍ നിന്നുള്ള ഒരു പാലസ്തീന്‍ വനിതയെ അല്‍ ജസീറ ഉദ്ധരിച്ചു. വെടി നിര്‍ത്തല്‍ കരാര്‍ നല്ല വാര്‍ത്തയാണെന്നും അതിന് പങ്കുവഹിച്ചവര്‍ക്കും യുദ്ധം അവസാനിപ്പിക്കാന്‍ സഹായിച്ചവര്‍ക്കും നന്ദി പറയുന്നതായും അവര്‍ വിശദമാക്കി.
വിവിധ ഗവര്‍ണറേറ്റുകളിലുടനീളം സുരക്ഷയും ക്രമസമാധാനവും നിലനിര്‍ത്തുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് പാലസ്തീന്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ഗാസയിലെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് പറഞ്ഞു. തെരുവുകള്‍ വീണ്ടും തുറക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ശ്രമം തുടങ്ങിയതായും കൂട്ടിച്ചേര്‍ത്തു. കുടിയിറക്കപ്പെട്ട ആളുകളുടെ തിരിച്ചുവരവ് അടുത്ത ആഴ്ച ആരംഭിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിനു തൊട്ടുമുമ്പും ഇസ്രായേല്‍ സൈന്യം ഗാസയില്‍ ആക്രമണം നടത്തിയിരുന്നു. കുറഞ്ഞത് 19 പാലസ്തീനികള്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഗാസയിലെ സിവില്‍ ഡിഫന്‍സ് പറഞ്ഞു.ാറണ്ട് നേരിടുന്നു.