ആലപ്പുഴ: അരനൂറ്റാണ്ടു കാലത്തെ കാത്തിരിപ്പിനാണ് അന്ത്യമായത്. പിതാവിന്റെ ശവകുടീരം കണ്ടെത്തിയപ്പോള്‍ തിരുവല്ല കുമ്പനാട് സ്വദേശിനി ഷീല ജോണിന് കണ്ണീര്‍ അടക്കാനായില്ല.
മലേഷ്യന്‍ നഗരമായ ക്ലാങ്ങില്‍ 58 വര്‍ഷം മുമ്പ് മരിച്ച പിതാവ് സി എം മാത്യൂസിന്റെ ശവകുടീരമാണ് ഷീല കണ്ടെത്തിയത്. ക്ലാങ്ങിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ ഭര്‍ത്താവ് ജോണ്‍ മുണ്ടക്കയത്തിനും മകന്‍ അലന്‍ മാത്യുവിനുമൊപ്പം കരഞ്ഞുകലങ്ങിയ കണ്ണുകളോടെയെങ്കിലും ഷീല ശവകുടീരത്തില്‍ മെഴുകുതിരികള്‍ കത്തിച്ചു.
ക്ലാങ്ങിലെ കാരി ദ്വീപില്‍ റബ്ബര്‍ എസ്റ്റേറ്റ് മാനേജരായി ജോലി ചെയ്തിരുന്ന പിതാവ് മരിക്കുമ്പോള്‍ ഷീലയുടെ പ്രായം വെറും ആറു വയസ്സായിരുന്നു.
ഷീലയും സഹോദരനും ക്ലാങ്ങിലാണ് ജനിച്ചത്. 1950കളുടെ അവസാനത്തില്‍ തങ്ങള്‍ കാരി ദ്വീപിലാണ് താമസിച്ചിരുന്നതെന്ന് ഷീലയ്ക്ക് ഓര്‍മയുണ്ട്.ബ്രിട്ടീഷ് പ്ലാന്ററായ എഡ്വേര്‍ഡ് വാലന്റൈന്‍ ജോണ്‍ കാരിയുടെ ഒരു റബ്ബര്‍ തോട്ടത്തിന്റെയും ഫാക്ടറിയുടെയും മാനേജരായിരുന്നു മാത്യൂസ. വിവാഹ ശേഷം ഭാര്യ റൈച്ചലിനേയും മാത്യു മലേഷ്യയിലേക്ക് കൂട്ടി. കുഞ്ഞുങ്ങളുടെ ജനനവും അവിടെ തന്നെയായി.
1966 സെപ്തംബര്‍ 9നാണ് ഹൃദയാഘാതത്തെ തുടര്‍ന്നാണ് സി എം മാത്യൂസ് മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയാതെ വന്നതോടെയാണ് ക്ലാങ്ങിലെ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തിയത്.
പിതാവിന്റെ മരണ ശേഷം ക്ലാങ്ങില്‍ അധികകാലം നില്‍ക്കാന്‍ ഷീലയുടെ കുടുംബത്തിന് സാധിക്കുമായിരുന്നില്ല. ഒരു വര്‍ഷത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് പിതാവിന്റെ ഓര്‍മയ്ക്കായി അമ്മ ശവകുടീരം നിര്‍മിച്ചുവെന്നും ഷീല പറഞ്ഞു. അതില്‍ അദ്ദേഹത്തിന്റെ മാര്‍ബിളില്‍ കൊത്തിവെച്ച ഫോട്ടോയും 'സി എം മാത്യൂസ്, 1966 സെപ്റ്റംബര്‍ 9-ന് നിര്യാതനായി' എന്ന കൊത്തിവെക്കലുമുണ്ടായിരുന്നു.
അക്കാലത്ത് ഈ സ്ഥലത്ത് നിരവധി പള്ളികള്‍ ഉണ്ടായിരുന്നുവെന്ന് ഷീല ഓര്‍ക്കുന്നു. വര്‍ഷങ്ങളായി ആരും നോക്കാനില്ലാത്തതിനാല്‍ കല്ലറ കുറ്റിക്കാടുകള്‍ കൊണ്ട് മൂടിയിരുന്നു. അതുകൊണ്ടുതന്നെ പലതവണ ശ്രമിച്ചിട്ടും അവര്‍ക്ക് അത് കണ്ടെത്താന്‍ കഴിഞ്ഞില്ല.
മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ് ഷീലയുടെ ഭര്‍ത്താവ് ജോണ്‍ മുണ്ടക്കയം. അദ്ദേഹം 1990-ല്‍ ക്ലാങ്ങില്‍ പോയെങ്കിലും സെമിത്തേരി കണ്ടെത്തുന്നതില്‍ പരാജയപ്പെടുകയായിരുന്നു. എങ്കിലും ഷീലയുടെ കുടുംബം ശ്രമങ്ങള്‍ തുടരുകയും തന്റെ പിതാവിനൊപ്പം ജോലി ചെയ്തിരുന്ന മലേഷ്യയില്‍ താമസിച്ചിരുന്ന മറ്റ് ഇന്ത്യക്കാരെ ബന്ധപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അഴരില്‍ പലരും ഇന്ത്യയിലേക്ക് മടങ്ങുകയോ മറ്റെവിടേക്കെങ്കിലും മാറുകയോ ചെയ്തിരുന്നു.
അതിനിടയിലാണ് ഷീലയുടെ സഹോദരന്റെ മകന്‍ രോഹന്‍ സുരേഷ് കുന്നംകുളം സ്വദേശിയായ അജിന്‍ സൈമണ്‍ എന്ന സുഹൃത്തിനെ ക്വാലാലംപൂരില്‍ വച്ച് കണ്ടുമുട്ടിയും പള്ളിയും കല്ലറയും തിരിച്ചറിഞ്ഞതും.
ഇന്ത്യയില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമുള്ള കുടിയേറ്റക്കാരാണ് ക്ലാങ്, കാരി ദ്വീപുകളില്‍ കൂടുതലും താമസിക്കുച്ചിരുന്നത്. സെന്റ് മേരീസ് പള്ളിയിലെ ഇടവകക്കാരില്‍ ഭൂരിഭാഗവും അവരാണെന്നും ജോണ്‍ പറഞ്ഞു.
1990ല്‍ ഒരു പത്രപ്രവര്‍ത്തന അവാര്‍ഡ് വാങ്ങാന്‍ സിംഗപ്പൂരില്‍ പോയ ജോണ്‍ ചടങ്ങിന് ശേഷം മലേഷ്യയിലെത്തുകയും ശവകുടീരം കണ്ടുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. മലയാളി അസോസിയേഷന്‍ നേതാവായ പി ടി ചാക്കോയും അന്നു കൂടെയുണ്ടായിരുന്നു. എന്നാല്‍ പ്രദേശം മുഴുവന്‍ കുറ്റിക്കാടുകളായതിനാല്‍ സ്ഥലം കണ്ടെത്താന്‍ സാധിക്കാതെ മടങ്ങുകയായിരുന്നുവെന്ന് ജോണ്‍ പറഞ്ഞു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിരവധി മരണങ്ങളുണ്ടായതോടെയാണ് സെമിത്തേരി വൃത്തിയാക്കാന്‍ പ്രാദേശിക അധികാരികള്‍ ശ്രമിച്ചത്. അതേതുടര്‍ന്നാണ് ഷീലയ്ക്ക് അച്ഛന്റെ ശവകുടീരം കണ്ടെത്താന്‍ സാധിച്ചത്. ശവകുടീരത്തില്‍ ഷീലയുടെ അച്ഛന്റെ ഫോട്ടോ കൊത്തിവെച്ചതും ശവകുടീരമേതെന്ന് തിരിച്ചറിയാന്‍ സഹായിച്ചു.
ജീര്‍ണാവസ്ഥയിലായ കല്ലറ പുനര്‍നിര്‍മിക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്ന് ജോണ്‍ പറഞ്ഞു.
കാരി ദ്വീപ് പൂര്‍ണമായും ഓയില്‍ പാം കൃഷിയിലേക്ക് മാറിയെന്ന് ഷീല പറഞ്ഞു. തന്റെ ആദ്യ വര്‍ഷങ്ങളില്‍ പഠിച്ച സ്‌കൂള്‍, താമസിച്ചിരുന്ന വീട്, അച്ഛന്‍ ജോലി ചെയ്തിരുന്ന ഫാക്ടറി എന്നിവയെല്ലാം ഇപ്പോള്‍ പൊളിച്ചുമാറ്റിയെന്നും അവര്‍ തിരിച്ചറിയുന്നു.