ഒട്ടാവ: കാനഡയില്‍ 47,000 വിദേശ വിദ്യാര്‍ത്ഥികള്‍ വിസ നിയമങ്ങള്‍ ലംഘിച്ച് താമസിക്കുന്നുണ്ടെന്ന് ഐആര്‍സിസി (ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ) പ്രതിനിധി ഐഷ സഫര്‍ ഹൗസ് ഓഫ് കോമണ്‍സ് കമ്മിറ്റിക്ക് മുമ്പാകെ വെളിപ്പെടുത്തി. വിസാ നിബന്ധനകള്‍ പ്രകാരം ഇവര്‍ ക്ലാസുകളില്‍ പങ്കെടുക്കേണ്ടതുണ്ട്. എന്നാല്‍ ഈ വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നില്ല.
കാനഡയിലെ പോസ്റ്റ്‌സെക്കന്‍ഡറി സ്ഥാപനങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍. തട്ടിപ്പിലൂടെയുള്ള കുടിയേറ്റത്തിന്റെ ഒരു പ്രധാന കേന്ദ്രം ഇന്ത്യയാണെന്നും ഐഷ കമ്മിറ്റിയില്‍ പറഞ്ഞു. ഏത് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് തട്ടിപ്പുകള്‍ നടത്തുന്നതെന്നും, അവയില്‍ ഏറ്റവും കൂടുതല്‍ പേര്‍ എവിടെ നിന്ന് വരുന്നവരാണെന്നും കണ്‍സര്‍വേറ്റീവ് എംപി മിഷേല്‍ റെംപെല്‍ ഗാര്‍ണര്‍ ചോദിച്ചപ്പോഴാണ് സഫര്‍ ഈ മറുപടി നല്‍കിയത്. 'ഇന്ത്യ പ്രധാന രാജ്യങ്ങളിലൊന്നാണ്,' സഫര്‍ പറഞ്ഞു.
വിസാ നിബന്ധനകള്‍ ലംഘിച്ച് കൃത്യമായി 47,175 പേരാണ് കാനഡയില്‍ താമസിക്കുന്നത്. 'അവര്‍ നിയമലംഘകരാണോ എന്ന് ഞങ്ങള്‍ ഇതുവരെ നേരിട്ട് പരിശോധിച്ച് നിര്‍ണ്ണയിച്ചിട്ടില്ല. ഇത് സ്ഥാപനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുന്ന പ്രാഥമിക വിവരങ്ങളാണ്,' സഫര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഓണ്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷനോട് പറഞ്ഞു.
കാനഡയില്‍ പഠനത്തിനുള്ള വിസയിലൂടെ എത്തിയ വിദ്യാര്‍ത്ഥികള്‍ അനധികൃതമായി താമസിക്കുന്നത് തിരിച്ചറിയുന്നത് അതത് സ്ഥാപനങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടിലൂടെയാണ്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥിയെ ക്ലാസില്‍ കാണാതായാം കാനഡയിലെ പോസ്റ്റ്‌സെക്കന്‍ഡറി സ്ഥാപനങ്ങള്‍ അക്കാര്യം ഐആര്‍സിസിക്ക് റിപ്പോര്‍ട്ട് ചെയ്യും. ഇങ്ങനെയാണ് 47,175 എന്ന കണക്ക് ലഭിച്ചതെന്ന് ഐഷ സഫര്‍ വിശദീകരിച്ചു.
എത്ര അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ വിസ നിയമങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് കൃത്യമായ കണക്കുണ്ടാക്കുന്നത് വെല്ലുവിളി നിറഞ്ഞതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിയമലംഘകരായ വിസ ഉടമകളെ കണ്ടെത്തുകയും നീക്കം ചെയ്യുകയും ചെയ്യുന്നത് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയുടെ (CBSA) ഉത്തരവാദിത്തമാണെന്നും അവര്‍ വ്യക്തമാക്കി. കാനഡയിലുള്ള ഏതൊരു വിദേശ പൗരനും കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയുടെ അധികാരപരിധിയില്‍ വരും. അവര്‍ക്ക് ഒരു അന്വേഷണ സംഘവും ഉണ്ടെന്ന് ഐഷ പറഞ്ഞു.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വര്‍ഷത്തില്‍ രണ്ടുതവണ പരിശോധന നടത്തിയാണ് ഐആര്‍സിസി വ്യാജ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നത്. ഒരു വിദ്യാര്‍ത്ഥി ക്ലാസുകളില്‍ പങ്കെടുക്കുന്നില്ലെന്ന് ഒരു സ്ഥാപനം റിപ്പോര്‍ട്ട് ചെയ്താല്‍, ആ വിവരങ്ങള്‍ വ്യക്തിയുടെ ഫയലില്‍ ചേര്‍ക്കും. തുടര്‍ന്നുള്ള ഏതൊരു ഇമിഗ്രേഷന്‍ അപേക്ഷാ തീരുമാനങ്ങളിലും ഈ ഫയല്‍ നിര്‍ണായകമായിരിക്കും. ഐആര്‍സിസിയുടെ അന്വേഷണത്തിന് ശേഷം വ്യക്തികളെ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ക്കായി കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിക്ക് കൈമാറാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
അതെസമയം വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കുന്നതില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം പരാജയപ്പെട്ടാല്‍ ഐആര്‍സിസിക്ക് നിലവില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ കഴിയില്ലെന്നും ഇതേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഈ വര്‍ഷം ആദ്യം, ഐആര്‍സിസിയുടെ ഡാറ്റ പ്രകാരം, 2024 ലെ വസന്തകാലത്ത് മാത്രം, സ്റ്റുഡന്റ് വിസയില്‍ രാജ്യത്ത് പ്രവേശിച്ച 50,000 വിദേശ പൗരന്മാര്‍ ഹാജരായിട്ടില്ല എന്ന് അവര്‍ രജിസ്റ്റര്‍ ചെയ്ത സ്‌കൂളുകള്‍ അറിയിച്ചതായി നാഷണല്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അതില്‍ 19,582 പേര്‍ ഇന്ത്യന്‍ പൗരന്മാരായിരുന്നു. 4,279 കേസുകളുമായി, ഹാജരാകാത്തവര്‍ ഉള്ളതായി ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ചൈനക്കാരാണ്.
കാനഡയില്‍ 47,000 വിദേശ വിദ്യാര്‍ത്ഥികള്‍ വിസ നിയമങ്ങള്‍ ലംഘിച്ച് താമസിക്കുന്നുണ്ടെന്ന് ഐആര്‍സിസി ; ഭൂരിപക്ഷവും ഇന്ത്യക്കാര്‍
