പലിശ നിരക്കുകൾ ഉടനൊന്നും കുറയില്ല

പലിശ നിരക്കുകൾ  ഉടനൊന്നും കുറയില്ല


പണപ്പെരുപ്പ അപകടസാധ്യതകള്‍ക്കിടയില്‍ പലിശ നിരക്ക് കുറയ്ക്കുന്നത് ക്രമാനുഗതമായി മാത്രമെന്ന് ബാങ്ക് ഓഫ് കാനഡ

ടൊറോന്റോ: പണപ്പെരുപ്പം സമീപകാലത്ത് കുറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും അത് അപകടമേഖലയിൽ നിന്ന് താഴെയെത്താത്തയിട്ടുണ്ടെന്ന് ഉറപ്പില്ലാത്തതിനാൽ ബാങ്ക് ഓഫ് കാനഡ മുഖ്യ പലിശ നിരക്ക് കുറക്കുന്നത് വൈകിച്ചേക്കുമെന്ന് സൂചന.

ഏപ്രില്‍ 10ന് ചേർന്ന ബാങ്കിന്റെ പോളിസി നിരക്ക് തീരുമാനിക്കുന്ന സമിതിയുടെ ചർച്ചകൾ സംബന്ധിച്ചുള്ള റിപ്പോർട്ടാണ് ഈ സൂചന നൽകുന്നത്. ആറാം തവണ ബാങ്കിന്റെ ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് 5.0 ശതമാനത്തില്‍ നിലനിർത്തുന്നതിനാണ് സമിതി അന്ന് തീരുമാനിച്ചത്.

യോഗശേഷം മാധ്യമപ്രവർത്തകരെ കണ്ട ബാങ്ക് ഓഫ് കാനഡ ഗവര്‍ണര്‍ ടിഫ് മാക് ലെം സൂചിപ്പിച്ചതുപോലെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലെ സമീപകാല പുരോഗതി സമിതിയെ പ്രോത്സാഹിപ്പിച്ചെങ്കിലും നിരക്ക് കുറയ്ക്കലിലേക്ക് നീങ്ങാൻ സമയമായെന്ന് സമിതിക്ക് തോന്നിയില്ല.

സമിതി യോഗം ചേരുമ്പോഴേക്ക് കാനഡയില്‍ വാര്‍ഷിക പണപ്പെരുപ്പം 2.8 ശതമാനമായി കുറഞ്ഞിരുന്നു. സെന്‍ട്രല്‍ ബാങ്കിന്റെ പ്രധാന പണപ്പെരുപ്പ വിലയിരുത്തൽ ഘടകങ്ങൾ പക്ഷെ അപ്പോഴും അപകടമേഖലയിൽ തന്നെയായിരുന്നു. മാര്‍ച്ചില്‍ പണപ്പെരുപ്പ നിരക്ക് 2.9 ശതമാനമായി ഉയര്‍ന്നിരുന്നതായി നിരക്ക് നിലനിര്‍ത്തി ഒരാഴ്ചയ്ക്ക് ശേഷം സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്തത് അവരുടെ തീരുമാനം ശരിയായിരുന്നുവെന്നും കാട്ടി.

ബാങ്ക് ഓഫ് കാനഡയുടെ അവസാന നിരക്ക് തീരുമാനത്തിന് ശേഷം ജൂണിലെ ആദ്യ വെട്ടിക്കുറവ് സാധ്യമാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് മാക് ലെം പറയുന്നു. എന്നാല്‍  വര്‍ദ്ധിച്ചു വരുന്ന ഭവനവിലകളും വാടക നിരക്കുകളുമെല്ലാം പണപ്പെരുപ്പം സ്ഥിരതയുള്ള അവസ്ഥയിലേക്ക് നീങ്ങുന്നത് സംബന്ധിച്ച് ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഇതേ കാരണത്തൽ ഏപ്രിൽ 10ൻറെ യോഗം പണപ്പെരുപ്പം ഇപ്പോഴും വളരെ ഉയര്‍ന്നതാണെന്ന് വിലയിരുത്തുകയും വില സമ്മര്‍ദ്ദങ്ങള്‍ നിയന്ത്രിക്കാന്‍ ഉയര്‍ന്ന പലിശനിരക്ക് കൂടുതല്‍ സമയം നിലനിർത്തേണ്ടതുണ്ടെന്ന നിഗമനത്തിലെത്തുകയും ചെയ്തുവെന്നാണ് ആ യോഗത്തിൻറെ മിനുട്ട്സ് കാട്ടുന്നത്.

സാമ്പത്തിക ഡാറ്റ എപ്പോള്‍ ബാങ്ക് ഓഫ് കാനഡയ്ക്ക് പോളിസി നിരക്കില്‍ ആദ്യ വെട്ടിക്കുറവ് വരുത്താൻ  മതിയായ ആത്മവിശ്വാസം നല്‍കുമെന്നതിനെക്കുറിച്ച് നയരൂപീകരണ സമിതിയംഗങ്ങൾക്കിടയില്‍ വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ടായിരുന്നു. എന്നാല്‍ വായ്പയെടുക്കല്‍ ചെലവ് ലഘൂകരിക്കുന്നത് വേഗത്തില്‍ നടക്കില്ലെന്ന് ചര്‍ച്ചകള്‍ മുന്നറിയിപ്പ് നല്‍കി.

'എപ്പോഴാണ് പോളിസി നിരക്ക് കുറയ്ക്കാന്‍ സാഹചര്യങ്ങള്‍ അനുവദിക്കുക എന്നതിനെക്കുറിച്ച് വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നെങ്കിലും, അപകടസാധ്യതകളും പണപ്പെരുപ്പം ലക്ഷ്യത്തിലേക്ക് മടങ്ങുന്നതിനുള്ള മന്ദഗതിയിലുള്ള പാതയും കണക്കിലെടുക്കുമ്പോള്‍ ധനനയ ലഘൂകരണം ക്രമാനുഗതമായിരിക്കുമെന്ന് അവര്‍ ചര്‍ച്ചയില്‍ സമ്മതിച്ചതായി മിനുട്ട്സ് പറയുന്നു.