ഒട്ടാവ: അമേരിക്കയിലെ ട്രംപ് ഭരണകൂടം എച്ച്-1ബി വിസ ഫീസ് കുത്തനെ ഉയര്‍ത്തിയതിന് പിന്നാലെ അവസരം മുതലെടുക്കാനുള്ള നീക്കങ്ങളുമായി കാനഡ. കുടിയേറ്റ നയം പുനഃപരിശോധിക്കുമെന്നും വിദേശ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധരെ ആകര്‍ഷിക്കാന്‍ തയ്യാറെടുക്കുകയാണെന്നും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി സൂചന നല്‍കി. മുന്‍പ് എച്ച്-1ബി വിസ ലഭിച്ചിരുന്നവരെ ആകര്‍ഷിക്കാനുള്ള അവസരമാണിതെന്ന്കാര്‍ണി ശനിയാഴ്ച ലണ്ടനില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അവരില്‍ പലരും സാങ്കേതിക മേഖലയില്‍ ഉള്ളവരാണെന്നും ജോലി ആവശ്യത്തിനായി മാറ്റത്തിന് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിഭകളെ ആകര്‍ഷിക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്നും ഇക്കാര്യത്തില്‍ വ്യക്തമായ നടപടി ഉണ്ടാകുമെന്നും കാര്‍ണി ലണ്ടനില്‍ പറഞ്ഞു. ഇത് കാനഡയ്ക്ക് ഒരു അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കാലത്ത് കാനഡയെ ഒഴിവാക്കിയിരുന്ന പ്രതിഭകളെ ആകര്‍ഷിക്കാനുള്ള ഒട്ടാവയുടെ ബോധപൂര്‍വമായ ശ്രമത്തെയാണ് ഈ പ്രസ്താവന സൂചിപ്പിക്കുന്നതെന്ന് നിരീക്ഷകര്‍ കരുതുന്നു.
ആമസോണ്‍, മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ് തുടങ്ങിയ ടെക് ഭീമന്മാര്‍ക്ക് പ്രധാന കനേഡിയന്‍ നഗരങ്ങളില്‍ നിലവില്‍ ഓഫീസുകളുണ്ട്. ഭീമമായ എച്ച് 1 ബി വിസ ഫീസ് ഒഴിവാക്കുന്നതിനായി അവര്‍ക്ക് അവിടെ നിയമനം വേഗത്തിലാക്കാന്‍ കഴിഞ്ഞേക്കുമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷം മുന്‍പത്തെ കണക്കനുസരിച്ച് ആമസോണിന് വാന്‍കൂവറിലെയും ടൊറന്റോയിലെയും ടെക് ഹബ്ബുകളിലായി 8,500-ല്‍ അധികം കോര്‍പ്പറേറ്റ്, ടെക്നോളജി ജീവനക്കാരുണ്ടായിരുന്നു. ഏപ്രിലിലെ കണക്കനുസരിച്ച് മൈക്രോസോഫ്റ്റിന് വാന്‍കൂവറിലെ ഒരു വികസന കേന്ദ്രത്തില്‍ 2,700 ജീവനക്കാരുമുണ്ടായിരുന്നു.
കാനഡ മാത്രമല്ല, വൈദഗ്ധ്യമുള്ള ഇന്ത്യന്‍ പ്രൊഫഷണലുകളെ ആകര്‍ഷിക്കാന്‍ ജര്‍മ്മനിയും യു.കെയും ഇതിനോടകം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കുടിയേറ്റക്കാര്‍ ജര്‍മ്മന്‍ സമൂഹത്തിന് നല്‍കുന്ന സംഭാവനകള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ജര്‍മ്മന്‍ അംബാസഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മാന്‍ ഇന്ത്യന്‍ പ്രതിഭകളെ പരസ്യമായി ക്ഷണിച്ചിരുന്നു. യുകെയില്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ ഗ്ലോബല്‍ ടാലന്റ് ടാസ്‌ക് ഫോഴ്‌സ് മികച്ച ശാസ്ത്രജ്ഞര്‍, അക്കാദമിക് വിദഗ്ധര്‍, ഡിജിറ്റല്‍ വിദഗ്ധര്‍ എന്നിവര്‍ക്കുള്ള വിസ തടസങ്ങള്‍ കുറയ്ക്കുന്നതിനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുകയാണ്. പ്രമുഖ സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദങ്ങളോ അഭിമാനകരമായ അവാര്‍ഡുകളോ ഉള്ളവര്‍ക്ക് ഫീസില്ലാത്ത പ്രവേശനം നല്‍കാനുള്ള സാധ്യതയടക്കം അവര്‍ പരിഗണിക്കുന്നുണ്ട്.
കാനഡയില്‍ നിലവില്‍ വലിയൊരു ഇന്ത്യന്‍ പ്രവാസി സമൂഹമാണ് ഉള്ളത്. 2022 ഏപ്രിലിനും 2023 മാര്‍ച്ചിനും ഇടയില്‍ കാനഡയിലേക്ക് കുടിയേറിയ 32,000 ടെക് തൊഴിലാളികളില്‍ പകുതിയോളം ഇന്ത്യക്കാരായിരുന്നു. 2024-ല്‍ ഏകദേശം 87,000 ഇന്ത്യക്കാര്‍ കനേഡിയന്‍ പൗരത്വം നേടി. 2022-ല്‍, 118,095 ഇന്ത്യക്കാര്‍ സ്ഥിരതാമസക്കാരായി മാറുകയും ചെയ്തിരുന്നു.
എച്ച്-1ബി ഫീസ് വര്‍ഘനയും മറ്റു പല രാജ്യങ്ങളിലെയും സമാനമായ നടപടികളും ആഗോളതലത്തില്‍ വിദഗ്ധരുടെ ഒഴുക്കില്‍ വലിയ പുനഃക്രമീകരണത്തിന് ഇടയാക്കിയിട്ടുണ്ട്. മികച്ച ശമ്പളം, സ്ഥിരതാമസത്തിനുള്ള സാധ്യതകള്‍ എന്നിവ വാഗ്ദാനംചെയ്യാന്‍ കഴിയുന്ന രാജ്യങ്ങള്‍ മുന്‍പ് യുഎസിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്ന വിദഗ്ധ തൊഴിലാളികളെ പിടിച്ചെടുക്കാനുള്ള നീക്കങ്ങളിലാണ്. ടെക് മേഖലയെയും വിശാലമായ സമ്പദ്?വ്യവസ്ഥയെയും ശക്തിപ്പെടുത്താനുള്ള ഒരു തന്ത്രപരമായ അവസരമായാണ് കാനഡയും ഇതിനെ കാണുന്നത്. ഇന്ത്യന്‍ പ്രൊഫഷണലുകളെ സംബന്ധിച്ചിടത്തോളം ആകര്‍ഷകമായ ഒരു ബദലായി കാനഡ ഉയര്‍ന്നുവരികയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
കഴിഞ്ഞയാഴ്ചയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ എച്ച്-1ബി വിസ അപേക്ഷകള്‍ക്ക് 100,000 ഡോളര്‍ എന്ന കനത്ത ഫീസ് ചുമത്തിക്കൊണ്ടുള്ള ഒരു എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചത്. ഇത് അമേരിക്കന്‍ ടെക് മേഖലയിലെ വിദേശ ജീവനക്കാര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു.
എച്ച്-1ബി വിസ ഫീസ് വര്‍ധനവ്: അവസരം മുതലാക്കാനൊരുങ്ങി കാനഡ
