ഒട്ടാവ: യു എസ് ഉത്പന്നങ്ങള്‍ക്ക് മേലുള്ള നിരവധി പ്രതികാര ഇറക്കുമതി താരിഫുകള്‍ കാനഡ പിന്‍വലിക്കുകയും പുതിയ വ്യാപാര, സുരക്ഷാ ബന്ധം സ്ഥാപിക്കുന്നതിന് അമേരിക്കയുമായി ചര്‍ച്ചകള്‍ ശക്തമാക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പറഞ്ഞു.
യു എസ് ഓട്ടോകള്‍, സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്കുള്ള കനേഡിയന്‍ താരിഫുകള്‍ തുടരുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
മൂന്ന് രാജ്യങ്ങളുള്ള യു എസ്- മെക്‌സിക്കോ- കാനഡ സ്വതന്ത്ര വ്യാപാര കരാറിന് അനുസൃതമായ കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തില്ലെന്ന് അമേരിക്ക അടുത്തിടെ വ്യക്തമാക്കിയിരുന്നതായി കാര്‍ണി ചൂണ്ടിക്കാട്ടി, ഇത് ഗുണപരമായ സംഭവവികാസമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ സാഹചര്യത്തിലും യു എസ് എം സി എയോടുള്ള കാനഡയുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി യു എസ് എം സി എയുടെ പരിധിയില്‍ വരുന്ന യു എസ് ഉത്പന്നങ്ങള്‍ക്ക് കാനഡയുടെ എല്ലാ താരിഫുകളും നീക്കം ചെയ്തുകൊണ്ട് കനേഡിയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ അമേരിക്കയുമായി പൊരുത്തപ്പെടുമെന്ന് പ്രഖ്യാപിക്കുന്നു'വെന്ന് അദ്ദേഹം പറഞ്ഞു.
കാനഡയും യു എസും ഇപ്പോള്‍ ഭൂരിഭാഗം സാധനങ്ങള്‍ക്കും സ്വതന്ത്ര വ്യാപാരം പുനഃസ്ഥാപിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവരുടെ വ്യാപാര പങ്കാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കനേഡിയന്‍ കയറ്റുമതി ഇപ്പോഴും യു എസ് താരിഫുകളുടെ താഴ്ന്ന നിലവാരത്തിന് വിധേയമാണെന്ന് ആവര്‍ത്തിച്ചു.
ഈ വാര്‍ത്ത കനേഡിയന്‍ ഡോളറിന് നേട്ടമുണ്ടാക്കാന്‍ സഹായിച്ചു.
മാസങ്ങളായി പുതിയ സാമ്പത്തിക, സുരക്ഷാ ബന്ധത്തെക്കുറിച്ച് കാനഡ അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെങ്കിലും ഇരുപക്ഷവും കരാറിലെത്തിയിരുന്നില്ല.
യു എസ് ഭരണകൂടത്തെ പ്രകോപിപ്പിച്ചുകൊണ്ട് കാനഡയും ചൈനയും മാത്രമാണ് എതിര്‍ താരിഫുകള്‍ ഉപയോഗിച്ച് അമേരിക്കയ്ക്കെതിരെ തിരിച്ചടിക്കുന്നത്.
വ്യാഴാഴ്ച കാര്‍ണി ഡൊണാള്‍ഡ് ട്രംപുമായി സംസാരിക്കുകയും താരിഫ് ഉയര്‍ത്തുന്നത് ചര്‍ച്ചകള്‍ക്ക് തുടക്കമിടുമെന്ന് യു എസ് പ്രസിഡന്റ് തന്നോട് പറഞ്ഞിരുന്നതായി കാര്‍ണി വ്യ്ക്തമാക്കുകയും ചെയ്തു.
താരിഫ് നീക്കം ചെയ്യാനുള്ള കാര്‍ണിയുടെ തീരുമാനത്തെക്കുറിച്ച് ഓവല്‍ ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ട്രംപ് 'നല്ല കാര്യം' എന്ന് വിശേഷിപ്പിച്ചു.
കാനഡയോട് വളരെ നല്ലവരായിരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും തനിക്ക് കാര്‍ണിയെ വളരെയധികം ഇഷ്ടമാണെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ താരിഫുകള്‍ക്കെതിരെ നിലകൊള്ളുമെന്ന് വാഗ്ദാനം ചെയ്താണ് ഏപ്രിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കാര്‍ണി വിജയിച്ചത്. എന്നാല്‍ പിന്നീട് മൃദുസ്വരം സ്വീകരിക്കുകയായിരുന്നു.
ജൂണ്‍ അവസാനത്തോടെ കാര്‍ണി നിര്‍ദ്ദിഷ്ട ഡിജിറ്റല്‍ സേവന നികുതി റദ്ദാക്കുകയും ഓഗസ്റ്റ് 1നകം ഇരുപക്ഷത്തിനും ഒരു കരാറിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടുതല്‍ ഉപരോധങ്ങളെക്കുറിച്ചുള്ള ചര്‍ച്ച ജൂലൈയില്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.
ട്രംപ് കാനഡയില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം എന്നിവയുടെ താരിഫ് 50 ശതമാനമായി വര്‍ധിപ്പിച്ചപ്പോള്‍ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍, അലുമിനിയം ഉത്പന്നങ്ങളുടെ 25 ശതമാനം താരിഫിലും അദ്ദേഹം സ്ഥിരത പുലര്‍ത്തി.
മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്രംപിന്റെ പ്രാരംഭ തീരുവകള്‍ക്ക് മറുപടിയായി മാര്‍ച്ച് 6ന് അമേരിക്കയില്‍ നിന്ന് പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്ന 30 ബില്യണ്‍ ഡോളര്‍ സാധനങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തി.
യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 155 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സാധനങ്ങള്‍ ലക്ഷ്യമിടുന്നതിന്റെ മൊത്തത്തിലുള്ള പ്രതികാര പദ്ധതിയുടെ ഭാഗമായിരുന്നു 30 ബില്യണ്‍ ഡോളര്‍.
അന്തിമ കരാറിലെത്തുക എളുപ്പമായിരിക്കില്ലെന്നും വര്‍ഷങ്ങളായി യു എസ് ആവശ്യങ്ങളുടെ പട്ടിക വളരെ നീണ്ടതാണെന്നും ട്രൂഡോയുടെ ഓഫീസില്‍ യു എസ് ബന്ധങ്ങളുടെ ചുമതല വഹിച്ചിരുന്ന ബ്രയാന്‍ ക്ലോ പറഞ്ഞു.
ആക്രമണാത്മക നിലപാട് സ്വീകരിക്കുന്നതിനുപകരം കൂടുതല്‍ മിതമായ സമീപനം സ്വീകരിക്കേണ്ട സമയമാണിതെന്ന് കാര്‍ണി പറഞ്ഞു.
സ്റ്റീല്‍, അലുമിനിയം, ഓട്ടോകള്‍, തടി എന്നിവയുള്‍പ്പെടെ ഇപ്പോഴും താരിഫ് നേരിടുന്ന തന്ത്രപരമായ മേഖലകളിലും കാനഡയില്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ അവലോകനത്തിലും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കാര്‍ണി പറഞ്ഞു.
2020 ജൂലൈ 1ന് പ്രാബല്യത്തില്‍ വന്ന് ആറ് വര്‍ഷത്തിന് ശേഷം 2026 ജൂലൈയില്‍ യു എസ് എം സി എ ഔദ്യോഗികമായി അവലോകനത്തിനായി വരുന്നു.
അവലോകനം വസന്തകാലത്ത് ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാര്‍ണി പറഞ്ഞു. പക്ഷേ തയ്യാറെടുപ്പുകള്‍ ഉടന്‍ ആരംഭിക്കും.
കനേഡിയന്‍ കമ്പനികളെയും സമ്പദ്വ്യവസ്ഥയെയും വിശാലമായ താരിഫുകളില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ ഈ കരാര്‍ നിര്‍ണായകമായതിനാല്‍, യു എസ് എം സി എ സ്വതന്ത്ര വ്യാപാര കരാറിന് കീഴില്‍ ഉറച്ച കരാര്‍ നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ബിസിനസ്സ് നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കാര്‍ണി അമേരിക്കയോട് വളരെ മൃദു സമീപനം സ്വീകരിക്കുന്നുവെന്ന് ഈ ആഴ്ച പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവുകള്‍ ആരോപിച്ചിരുന്നു.