ഗാസയിലെ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രയേലിൽ കൂറ്റൻ റാലി

ഗാസയിലെ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രയേലിൽ കൂറ്റൻ റാലി


ടെൽഅവീവ്: ഗാസയിലെ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രയേലിൽ കൂറ്റൻ റാലി.
ബന്ദിമോചനത്തിനും ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുമായി ഇസ്രായേൽ സർക്കാർ ഉടൻ കരാറിൽ ഒപ്പിടണമെന്നാവശ്യപ്പെട്ടാണ് ശനിയാഴ്ച രാത്രി ടെൽ അവീവിൽ ആയിരക്കണക്കിനുപേർ പങ്കെടുത്ത കൂറ്റൻ പ്രതിഷേധറാലി നടത്തിയത്. ബന്ദികളെ തിരിച്ചെത്തിക്കുന്നതിനായി യുദ്ധം നിർത്തണമെന്ന് പ്രതിഷേധക്കാർ ഇസ്രായേൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

ഇസ്രായേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ നിലപാടിൽ പ്രതിഷേധക്കാർ ആശങ്ക പ്രകടിപ്പിച്ചു. മുൻപ് ചെയ്തതുപോലെ നെതന്യാഹു ഈ കരാറും അട്ടിമറിക്കുമോ എന്ന ഭയം അവർ പങ്കുവെച്ചു.

'തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനും ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നു. നെതന്യാഹുവിൽ ഞങ്ങൾക്ക് ഒട്ടും വിശ്വാസമില്ല' പ്രതിഷേധ റാലിയിൽ പങ്കെടുത്ത ഗിൽ ഷെല്ലി പറഞ്ഞു. ഇപ്പോൾ വിശ്വാസം മുഴുവൻ തങ്ങൾ ട്രംപിൽ അർപ്പിക്കുന്നവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയിലിൽ പോകാതിരിക്കാനും പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനും വേണ്ടി മാത്രമാണ് നെതന്യാഹു യുദ്ധം തുടരാൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് ഇപ്പോൾ മനസ്സിലാക്കുന്നുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ഷെല്ലി പറഞ്ഞു.

അതിനിടെ, ഗാസ വംശഹത്യ അവസാനിപ്പിക്കാൻ ട്രംപ് മുന്നോട്ടുവെച്ച 20 ഇന യുദ്ധവിരാമ കരാറിനോടുള്ള ഹമാസിന്റെ തന്ത്രപരമായ പ്രതികരണം ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിനേറ്റ തിരിച്ചടിയായി. ബന്ദികളെ വിട്ടയക്കാമെന്ന് പ്രഖ്യാപിച്ചെങ്കിലും അതിൽ വ്യക്തത വരുത്താതെയും നിരായുധീകരണമെന്ന കരാർ വ്യവസ്ഥയോട് പ്രതികരിക്കാതെയും 'വിശദാംശങ്ങളിൽ കൂടുതൽ ചർച്ച വേണ'മെന്ന നിലപാടാണ് ഹമാസ് സ്വീകരിച്ചത്. ഹമാസിന്റെ ഈ പ്രതികരണത്തോട് ട്രംപ് അനുകൂലമായി പ്രതികരിച്ചതോടെയാണ് നെതന്യാഹു പെട്ടത്.

ചുരുക്കത്തിൽ, ആദ്യം അറബ് രാഷ്ട്ര നേതാക്കൾക്ക് മുന്നിൽ വെച്ച് ട്രംപ് അംഗീകാരം നേടിയ കരാറിനെ സ്വന്തം നിലക്ക് തിരുത്തിയ നെതന്യാഹുവിനോട് അതേനാണയത്തിൽ ഹമാസ് തിരിച്ചടിച്ചിരിക്കുന്നു. അവസാന വാക്ക് തന്റേതാകണമെന്ന നെതന്യാഹുവിന്റെ വാശിയാണ് ഇവിടെ പൊളിഞ്ഞത്.

ഹമാസ് അംഗീകരിച്ചുവെങ്കിലും തത്ത്വത്തിൽ അവർ കരാർ നിരസിച്ചിരിക്കുകയാണെന്നാണ് യു.എസിലെ റിപ്പബ്ലിക്കൻ സെനറ്ററും നെതന്യാഹുവിന്റെ ഉറ്റ ചങ്ങാതിയുമായ ലിൻഡ്സേ  ഗ്രഹാം എക്‌സിൽ കുറിച്ചത്. ''നിരായുധീകരണമില്ല. ഗാസയെ പലസ്തീൻ നിയന്ത്രണത്തിൽ നിലനിർത്തുക, ബന്ദി മോചനത്തെ ചർച്ചകളുമായും മറ്റു പ്രശ്‌നങ്ങളുമായും കൂട്ടിക്കെട്ടുക. 'സ്വീകരിക്കുക അല്ലെങ്കിൽ നശിക്കുക' എന്ന പ്രസിഡന്റ് ട്രംപിന്റെ നിർദേശത്തോടുള്ള ഹമാസിന്റെ നിരാസമാണിത്.''

യു.എസിലെ ഇസ്രായേലിന്റെ മുൻ അംബാസഡറായ മൈക്കൽ ഹെർസോഗും സമാനമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. 'അതേ' എന്ന ആവരണമിട്ട 'അല്ല' എന്ന സന്ദേശമാണ് ഹമാസ് നൽകുന്നതെന്നാണ് ഹെർസോഗിന്റെ പ്രതികരണം. ഇങ്ങനെയാണ് വസ്തുതയെന്നിരിക്കിലും ഹമാസിന്റെ പ്രസ്താവനയെ സർവാത്മനാ സ്വീകരിച്ച് ആക്രമണം നിർത്താൻ ഇസ്രായേലിനോട് നിർദേശിച്ച ട്രംപിന്റെ നടപടിയിലാണ് പലരും അത്ഭുതം രേഖപ്പെടുത്തുന്നത്.

ഹമാസിന്റെ പ്രസ്താവന വന്ന് പല മണിക്കൂറുകൾ കഴിഞ്ഞാണ് നെതന്യാഹുവിന്റെ ഓഫിസ് പ്രതികരിച്ചത്. 'മുഴുവൻ ബന്ദികളുടെയും അടിയന്തര മോചന'ത്തിന് രാഷ്ട്രം തയാറാണെന്നാണ് ഹമാസിന്റെ പ്രസ്താവനയെ പരാമർശിക്കാതെ പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയത്. ഈ നിലപാടിനെ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യകക്ഷികൾ എങ്ങനെ സ്വീകരിക്കുമെന്നതും പ്രശ്നമാണ്. സമ്പൂർണ വിജയമില്ലാതെ യുദ്ധം അവസാനിപ്പിച്ചാൽ സർക്കാറിനെ വീഴ്ത്തുമെന്ന അവരുടെ ഭീഷണി നേരത്തേ നിലവിലുണ്ട്.

ഗാസപൂർണമായി പിടിച്ചെടുക്കണമെന്ന അഭിപ്രായമുള്ളവരും ഈ കൂട്ടത്തിലുണ്ട്. ട്രംപിന്റെ കരാറിലാകട്ടെ ഇതിന് അനുഗുണമായ വ്യവസ്ഥകളൊന്നും ഇല്ലെന്നതുതന്നെ ആ ക്യാമ്പിനെ അസ്വസ്ഥപ്പെടുത്തിയിരുന്നു. അതിനിടയിലാണ് ഇസ്രായേലിന്റെ മേൽക്കൈ നഷ്ടപ്പെടുന്ന തരത്തിലുള്ള തീർപ്പിലേക്ക് പോകുമെന്ന സൂചനയും വരുന്നത്. ഹമാസിന്റെ പ്രസ്താവനയെ യൂറോപ്യൻ, അറബ് രാഷ്ട്രങ്ങളും സ്വാഗതം ചെയ്തതും നെതന്യാഹുവിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.