ഇന്ത്യന്‍ യുവാവിനെ കുത്തിക്കൊന്നതിന് പിന്നില്‍ വംശീയ വിദ്വേഷം

ഇന്ത്യന്‍ യുവാവിനെ കുത്തിക്കൊന്നതിന് പിന്നില്‍ വംശീയ വിദ്വേഷം


ഒട്ടാവ: ഇന്ത്യന്‍ യുവാവ് കാനഡയില്‍ കുത്തേറ്റു മരിച്ചതിനു പിന്നില്‍ വംശീയ വിദ്വേഷമെന്നു റിപ്പോര്‍ട്ട്. ഗുജറാത്തിലെ ബാവ് നഗര്‍ സ്വദേശി ധര്‍മേഷ് കതിരേയയാണ് കൊല്ലപ്പെട്ടത്. റോക്ക് ലന്‍ഡിലെ മിലാനോ പിസാ സെന്ററിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട ധര്‍മേഷ്.

ഒട്ടാവയ്ക്കു സമീപമുള്ള തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് ഏപ്രില്‍ നാലിന് ധര്‍മേഷ് ആക്രമിക്കപ്പെട്ടത്. ഒരു ദിവസം വൈകിയാണ് ബന്ധുക്കള്‍ വിവരം അറിഞ്ഞത്. ധര്‍മേഷ് താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലെ അലക്കു മുറിയ്ക്കു സമീപത്തു വച്ചാണ് അയല്‍വാസിയും വെളുത്ത വര്‍ഗക്കാരനുമായ അറുപതുകാരന്‍ ധര്‍മേഷിനെ കുത്തിക്കൊലപ്പെടുത്തിയത്.

ഇയാള്‍ മുമ്പും പലതവണ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിരുന്നതായും ധര്‍മേഷിനും ഭാര്യയ്ക്കുമെതിരെ നിരന്തരം വംശീയ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2019ല്‍ വിദ്യാര്‍ഥിയായി കാനഡയിലെത്തിയതാണ് ധര്‍മേഷ്. ആക്രമണത്തിനു പിന്നാലെ പൊലീസ് അക്രമിയെ കസ്റ്റഡിയില്‍ എടുത്തെങ്കിലും വിശദ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സംഭവത്തെ കുറിച്ച് ഒന്റാറിയോ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

ഇന്ത്യന്‍ പൗരനെതിരായ ആക്രമണത്തില്‍ ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അപലപിച്ചു. വിഷയം പരിശോധിച്ചു വരികയാണെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. വംശീയ വിദ്വേഷമാണ് കൊലപാതകത്തിനു പിന്നിലെന്ന് കനേഡിയന്‍ അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യന്‍ യുവാവിനെ കുത്തിക്കൊന്നതിന് പിന്നില്‍ വംശീയ വിദ്വേഷം