ന്യൂയോര്‍ക്ക്: ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിന്‍ എയ്‌റോസ്പെയ്സ് കമ്പനി. ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റ് തങ്ങളുടെ പതിനൊന്നാം മിഷനായി ബഹിരാകാശത്തേക്ക് യാത്ര തിരിക്കുന്നത് ആറ് സ്ത്രീകളുമായാണ്.
ലോകപ്രശസ്ത സംഗീതജ്ഞ കാറ്റി പെറി ഉള്‍പ്പെടെയുള്ള ആറ് വനിതകളാണ് ഈ മിഷനില്‍ അംഗമാകുന്നത്. യൂണിസെഫിന്റെ ഗുഡ്വില്‍ അംബാസിഡറും കലയിലൂടെ കുട്ടികളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഫയര്‍വര്‍ക്ക് ഫൗണ്ടേഷന്‍ സ്ഥാപകയുമാണ് കാറ്റി പെറി.
നാസയിലെ മുന്‍ റോക്കറ്റ് സയന്റിസ്റ്റും സംരംഭകയുമായ ഐഷ ബൊവെയാണ് മറ്റൊരു യാത്രിക. സ്റ്റെംബോര്‍ഡ്, ലിംഗോ എന്നീ സ്ഥാപനങ്ങളുടെ ഉടമ കൂടിയായ ഐഷ ചെറുപ്പക്കാര്‍ക്കടിയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്.
ബയോസ്‌ട്രോനോട്ടിക്‌സ് ഗവേഷകയും ലൈംഗിക ക്രൂരകൃത്യങ്ങള്‍ക്ക് ഇരയായ സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അമാന്‍ഡ ഗുയെന്‍ ആണ് മറ്റൊരു യാത്രിക. വിയറ്റ്‌നാമില്‍ നിന്നുള്ള ആദ്യത്തെ ബഹിരാകാശ യാത്രിക കൂടിയാണിവര്‍. പുരസ്‌കാര ജേതാവും മികച്ച പത്രപ്രവര്‍ത്തകയുമായ ഗെയില്‍ കിങ്ങും ഈ യാത്രയിലുണ്ട്. ചലച്ചിത്ര പ്രവര്‍ത്തക കെരിയാന്‍ ഫ്‌ലിന്‍, എമ്മി അവാര്‍ഡ് ജേതാവാവായ പത്രപ്രവര്‍ത്തകയും പൈലറ്റുമായ ലോറന്‍ സാഞ്ചസ് എന്നിവരും ഈ ദൗത്യത്തിലുണ്ട്. ഏപ്രില്‍ 14നാണ് ആറ് വനിതകളുമായി ന്യൂ ഷെപ്പേര്‍ഡ് റോക്കറ്റ് ബഹിരാകാശത്തേക്ക് യാത്രതിരിക്കുക.