കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ ദൗത്യസംഘം അറബിക്കടലില്‍ ഒമാന് സമീപം പാകിസ്താന്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കി. ഒമാന്‍ തീരത്തു നിന്നും 350 നോട്ടിക്കല്‍ മൈല്‍ കിഴക്കാണ് ഇന്ത്യന്‍ നാവികസേന സേവനം നടത്തിയത്.
ഇറാനിയന്‍ മത്സ്യബന്ധന യാനം അല്‍ ഒമീദിയില്‍ നിന്നും ഐഎന്‍എസ് ത്രികാന്തിന് അപകട കോള്‍ ലഭിക്കുകയായിരുന്നു. അന്വേഷണത്തില്‍ എഞ്ചിന്‍ ജോലി ചെയ്യുന്നതിനിടെ കപ്പലിലെ ഒരാള്‍ക്ക് വിരലുകള്‍ക്ക് ഗുരുതരമായ പരിക്കേറ്റതായും അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്നും ഇറാനിലേക്കുള്ള യാത്രാമധ്യേ എഫ് വി അബ്ദുല്‍ റഹ്മാന്‍ ഹന്‍സിയ എന്ന മറ്റൊരു പാസഞ്ചര്‍ കപ്പലിലേക്ക് അദ്ദേഹത്തെ മാറ്റിയതായും കണ്ടെത്തി.
പരിക്കേറ്റ ക്രൂ അംഗത്തിന് വൈദ്യസഹായം നല്‍കുന്നതിന് ത്രികാന്ത് ഉടന്‍ തന്നെ ഗതി മാറ്റി എഫ് വി അബ്ദുല്‍ റഹ്മാന്‍ ഹന്‍സിയയുടെ സമീപമെത്തുകയായിരുന്നു. കപ്പലിന്റെ ക്രൂവില്‍ 11 പാകിസ്ഥാനികളും 5 ഇറാനിയന്‍ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. പരിക്കേറ്റ പാകിസ്ഥാന്‍ പൗരന് ഒന്നിലധികം ഒടിവുകളും കൈകള്‍ക്ക് ഗുരുതരമായ പരിക്കുകളും ഉണ്ടായിരുന്നു.
ഐഎന്‍എസ് ത്രികാന്തിന്റെ മെഡിക്കല്‍ ഓഫീസറും മാര്‍ക്കോസ് (മറൈന്‍ കമാന്‍ഡോകള്‍), കപ്പലിന്റെ ബോര്‍ഡിംഗ് ടീം എന്നിവരടങ്ങുന്ന സംഘവും സഹായം നല്‍കുന്നതിനായി എഫ് വിയില്‍ കയറി. ലോക്കല്‍ അനസ്തേഷ്യ നല്‍കിയ ശേഷം, കപ്പലിന്റെ മെഡിക്കല്‍ സംഘം പരിക്കേറ്റ വിരലുകളില്‍ തുന്നലും സ്പ്ലിന്റിങ്ങും നടത്തി. മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി കൃത്യസമയത്ത് രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിഞ്ഞു. അതുവഴി പരിക്കേറ്റ വിരലുകളുടെ സ്ഥിരമായ നഷ്ടം തടയാനായി.
കൂടാതെ, ഇറാനില്‍ എത്തുന്നതുവരെ ക്രൂവിന്റെ ക്ഷേമം ഉറപ്പാക്കാന്‍ എഫ് വിക്ക് ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സാധനങ്ങള്‍ നല്‍കി. തങ്ങളുടെ സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കാന്‍ സമയബന്ധിതമായി സഹായിച്ചതിന് ഇന്ത്യന്‍ നാവികസേനയോട് മുഴുവന്‍ ക്രൂവും നന്ദി അറിയിച്ചു