മാലി: മാലിയിലെ സംഗീത ജോഡിയായ അമൗദു ആന്‍ഡ് മറിയത്തിന്റെ ഗിറ്റാറിസ്റ്റും ഗായകനുമായ അമൗദു ബഗയോകോ വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് അന്തരിച്ചു. എഴുപതു വയസായിരുന്നു.
അമൗദുയും ഭാര്യ മറിയം ഡൗംബിയയും അന്ധഗായകരാണ്. മാലിയുടെ തലസ്ഥാനമായ ബമാകോയിലെ യുവ അന്ധര്‍ക്കായുള്ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചാണ് ഈ ദമ്പതികള്‍ പരിചയത്തിലായത്.
അവര്‍ ഒന്നു ചേര്‍ന്ന് സംഗീതട്രൂപ്പ് രൂപീകരിക്കുകയും തങ്ങളുടെ പരമ്പരാഗത മാലിയന്‍ സംഗീതം റോക്ക് ഗിറ്റാറുകളും വെസ്റ്റേണ്‍ ബ്ലൂസും ചേര്‍ന്ന് ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആല്‍ബങ്ങള്‍ വില്‍ക്കുന്നത്ര പ്രശസ്തിയിലേക്ക് കുതിച്ചുയരുകയും ചെയ്തു. ഇവര്‍ക്ക് ഗ്രാമി നാമനിര്‍ദ്ദേശം ലഭിച്ചിരുന്നു.
2006 ജര്‍മനിയില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പിനായി ഔദ്യോഗിക ഗാനം രചിക്കുകയും 2024ലെ പാരീസില്‍ നടന്ന ഒളിംപിക് ഗെയിംസിന്റെ സമാപന ചടങ്ങില്‍ സംഗീതം അവതരിപ്പിക്കുകയും ചെയ്തു.