ദുബായ്: യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനത്തിന് ഏപ്രില്‍ എട്ടിന് തുടക്കമാകും. ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക ക്ഷണത്തെ തുടര്‍ന്നാണ് രണ്ട് ദിവസത്തെ സന്ദര്‍ശനം.
ശൈഖ് ഹംദാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരുക്കുന്ന ഉച്ച വിരുന്നില്‍ പങ്കെടുക്കും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിന്റേയും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റേയും ഭാഗമായി മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തും.
ഒന്‍പതാം തിയ്യതി ശൈഖ് ഹംദാന്‍ മുംബൈ സന്ദര്‍ശിക്കും. മുംബൈയില്‍ ഇരുരാജ്യങ്ങളിലെയും പ്രമുഖ വ്യവസായികളുടെ ബിസിനസ് റൗണ്ട് ടേബിളിലും അദ്ദേഹം പങ്കെടുക്കും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ എട്ടിന് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.