ഓട്ടവ: കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഭരണത്തകര്‍ച്ചയെതുടര്‍ന്ന് രാജിവെച്ചതിനു പിന്നാലെ പുതിയ നേതാവിനെ കണ്ടെത്താനും നഷ്ടമായ ജനസമ്മതി വീണ്ടെടുക്കാനുമുള്ള കഠിന പരിശ്രമത്തിലാണ് ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി. നേതൃസ്ഥാനത്തേക്ക് യോഗ്യരായ പലരുടെയും പേരുകള്‍ പരിഗണിക്കുന്നതായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിലൊരുപേര് തൊഴില്‍ മന്ത്രി സ്റ്റീവന്‍ മക് കിനോണിന്റേതാണ്. എന്നാല്‍ അടുത്ത നേതാവാകാന്‍ താന്‍ മത്സര രംഗത്തേക്കില്ലെന്നാണ് സ്റ്റീവന്‍ മക് കിനോണ്‍ വ്യക്തമാക്കിയത്. ലിബറല്‍ പാര്‍ട്ടിക്ക് ഇംഗ്ലീഷും ഫ്രഞ്ചും സംസാരിക്കാന്‍ കഴിയുന്ന, അനുഭവപരിചയവും, വിവേചനാധികാരവുമുള്ള ഒരു നേതാവിനെയാണ് ആവശ്യമെന്നാണ് ഗാറ്റിനോ എംപിയായ മക് കിനോണ്‍ അഭിപ്രായപ്പെട്ടത്.
ലിബറല്‍ പാര്‍ട്ടിയുടെ മികച്ച ശബ്ദമാകാന്‍ തനിക്ക് ആവുമെന്നും എന്നാല്‍ നേതാവിനെകണ്ടെത്താനുള്ള നീക്കം വളരെ വേഗത്തിലായതിനാല്‍ നേതൃത്വ മത്സരത്തില്‍ തന്റെ പദ്ധതിയനുസരിച്ചുള്ള ഒരു പ്രചാരണം നടത്താന്‍ സാധ്യമാകില്ലെന്നാണ് സ്റ്റീവന്‍ മക് കിനോണ്‍ പറയുന്നത്.
നേതൃത്വത്തിനായി മത്സരിക്കുന്നതിനുപകരം, മന്ത്രിയെന്ന നിലയില്‍ തന്റെ നിലവിലെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്പര്യം. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനായി ഏറ്റവും മികച്ച വ്യക്തിയെ തിരഞ്ഞെടുക്കാന്‍ തന്റെ അകമഴിഞ്ഞസഹായം ഉണ്ടാകുമെന്നും അദ്ദേഹംഉറപ്പുനല്‍കി.
വിദേശകാര്യ മന്ത്രി മെലനി ജോളി, ധനമന്ത്രി ഡൊമിനിക് ലെബ്ലാ, കാബിനറ്റ് മന്ത്രി അനിറ്റ ആനന്ദ് എന്നിവര്‍ ലിബറല്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ആരായിരിക്കും ട്രൂഡോയുടെ പിന്‍ഗാമി എന്നത് അറിയാന്‍ മാര്‍ച്ച് 9 വരെ കാത്തിരിക്കണം എന്നാണ് ലിബറല്‍ പാര്‍ട്ടി പറയുന്നത്. അന്നാകും പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയെന്നും നേതാക്കള്‍ അറിയിച്ചു.
ട്രൂഡോയുടെ പിന്‍ഗാമിയാകാനുള്ള മത്സരത്തിനില്ലെന്ന് തൊഴില്‍ മന്ത്രി സ്റ്റീവന്‍ മക് കിനോണ്‍