മനില: ഫിലിപ്പീന്‍സില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. 20 പേര്‍ മരിച്ചു. മധ്യ ഫിലിപ്പീന്‍സിലെ സെബൂ മേഖലയില്‍ ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം 10 ഓടെയാണ് ശക്തമായ ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 30 ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ബോഹോള്‍ പ്രവിശ്യയിലെ കാലാപ്പെയ്ക്ക് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിന് പിന്നാലെ ചില പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങി. നാല് കെട്ടിടങ്ങളും ആറ് പാലങ്ങളും പൂര്‍ണമായി തകര്‍ന്നെന്ന് സെബു പ്രവിശ്യ അധികൃതര്‍ അറിയിച്ചു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍പെട്ടാണു മരണം. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സുനാമി ഭീഷണിയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ബോഹോയിലെ ബോഗോയില്‍ മരണസംഖ്യ കൂടുമെന്നാണ് കരുതുന്നതെന്ന് ദുരന്ത നിവാരണ ഉദ്യോഗസ്ഥനായ റെക്‌സ് യഗോട്ട് വാര്‍ത്താ ഏജന്‍സിയായ എപിയോട് ഫോണിലൂടെ പറഞ്ഞു. 'ഒരു മലയോര ഗ്രാമത്തിലെ ചേരികളില്‍ മണ്ണിടിച്ചിലും പാറകളും വീണു. അവിടെ തിരച്ചില്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുകയാണ്'.
സാന്‍ റെമിജിയോ മുനിസിപ്പാലിറ്റിയിലെ പോലീസ് ഉദ്യോഗസ്ഥനായ ഫെലിപ്പ് കബാഗ് എഎഫ്പിയോട് സംസാരിച്ചു. 'ഞങ്ങള്‍ക്ക് അഞ്ച് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.' മരിച്ചവരുടെ വിവരങ്ങള്‍ ഉടന്‍ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് ജിയോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് പറയുന്നത് അനുസരിച്ച്, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ബോഹോള്‍ പ്രവിശ്യയിലെ കാലാപ്പെയ്ക്ക് ഏകദേശം 11 കിലോമീറ്റര്‍ കിഴക്ക്‌തെക്ക് കിഴക്കായിട്ടാണ്. ഈ പ്രദേശത്ത് ഏകദേശം 33,000 ആളുകള്‍ താമസിക്കുന്നുണ്ട്. ശക്തമായ കുലുക്കം കാരണം ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. ഒരു പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചു. പല പ്രദേശങ്ങളിലും വൈദ്യുതി മുടങ്ങി.
കടല്‍നിരപ്പില്‍ ചെറിയ വ്യതിയാനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലെയ്‌തെ, സെബു, ബിലിറാന്‍ എന്നീ മധ്യ ദ്വീപുകളിലെ താമസക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ത്തീരത്ത് നിന്ന് മാറിനില്‍ക്കാനും തീരത്തേക്ക് പോകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ഈ ഭൂകമ്പത്തില്‍ നിന്ന് സുനാമി ഭീഷണിയില്ലെന്നാണ് അറിയിച്ചത്. മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളൊന്നും ആവശ്യമില്ല.
ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം, 20 മരണം; തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങി അനേകര്‍
