'ബോര്‍ഡ് ഓഫ് പീസ്'ല്‍ ചേരാനുള്ള ക്ഷണം ട്രംപ് പിന്‍വലിച്ചു; കാനഡ പ്രധാനമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് ട്രംപ്

'ബോര്‍ഡ് ഓഫ് പീസ്'ല്‍ ചേരാനുള്ള ക്ഷണം ട്രംപ് പിന്‍വലിച്ചു; കാനഡ പ്രധാനമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് ട്രംപ്


വാഷിങ്ടണ്‍: കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്ക് 'ബോര്‍ഡ് ഓഫ് പീസ്'ല്‍ ചേരുന്നതിന് നല്‍കിയ ക്ഷണം യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പിന്‍വലിച്ചു.

ട്രംപ് ആവിഷ്‌കരിച്ച ആഗോള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച സംഘടനയില്‍ ചേരുന്നതിന് ഫീസ് നല്‍കില്ലെന്ന് കാര്‍ണി നയിക്കുന്ന കാനഡ സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് ഈ നീക്കം. യു എസ് നേതൃത്വത്തിലുള്ള ആഗോള ക്രമവ്യവസ്ഥയില്‍ തകര്‍ച്ച സംഭവിച്ചുവെന്ന കാര്‍ണിയുടെ പരാമര്‍ശം ഈ ആഴ്ച ആഗോള ശ്രദ്ധ നേടിയിരുന്നു.

ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ട്രംപ് കാര്‍ണിയെ അഭിസംബോധന ചെയ്ത് ഇതുവരെ രൂപീകരിച്ചിട്ടുള്ളതില്‍ ഏറ്റവും പ്രശസ്തമായ നേതൃസമിതിയായ 'ബോര്‍ഡ് ഓഫ് പീസ്'ല്‍ കാനഡയുടെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്കു നല്‍കിയ ക്ഷണം പിന്‍വലിക്കുന്നതായി ഈ കത്ത് അറിയിക്കുന്നു എന്ന് കുറിച്ചു.

ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ കാര്‍ണി നടത്തിയ പ്രസംഗത്തിനുശേഷമാണ് യു എസ് പ്രസിഡന്റ് ട്രംപും കാനഡ പ്രധാനമന്ത്രി കാര്‍ണിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരസ്യമായത്. യു എസ് നേതൃത്വത്തിലുള്ള നിയമാധിഷ്ഠിത ആഗോള ക്രമവ്യവസ്ഥയില്‍ തകരാര്‍ ഉണ്ടായെന്ന കാര്‍ണിയുടെ പരാമര്‍ശത്തിന് ദാവോസില്‍ സദസ്സ് കൈയ്യടിച്ചിരുന്നു.

അമേരിക്കന്‍ ആധിപത്യ കാലഘട്ടത്തില്‍ പുരോഗതി കൈവരിച്ച കാനഡ പോലുള്ള മധ്യശക്തികള്‍ പുതിയ യാഥാര്‍ഥ്യം അംഗീകരിക്കേണ്ടതുണ്ടെന്നും വലിയ ശക്തികളെ അനുസരിക്കുന്നത് ആക്രമണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കില്ലെന്നും കാര്‍ണി പറഞ്ഞു.

ഇതിന് പിന്നാലെ ട്രംപ് അടുത്ത ദിവസം നടത്തിയ പ്രസംഗത്തില്‍ കാര്‍ണിയെ പരിഹസിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്‌സിനാലാണ് കാനഡ ജീവിക്കുന്നതെന്നും അടുത്ത തവണ നിങ്ങള്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ അത് ഓര്‍ക്കുക മാര്‍ക്ക് എന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇതിന് മറുപടിയായി കാനഡ യു എസിനെ ആശ്രയിച്ചല്ല നിലനില്‍ക്കുന്നതെന്നും കാനഡ വളരുന്നത് ഞങ്ങള്‍ കാനഡക്കാരായതിനാലാണെന്നും കാര്‍ണി പറഞ്ഞിരുന്നു. 

യുദ്ധത്തില്‍ തകര്‍ന്ന ഗാസയുടെ പുനര്‍നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനായാണ് 'ബോര്‍ഡ് ഓഫ് പീസ്' ആദ്യം ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍, സംഘടനയുടെ ചാര്‍ട്ടര്‍ അതിന്റെ പ്രവര്‍ത്തനങ്ങളെ അധീന പാലസ്തീന്‍ പ്രദേശങ്ങളിലേക്കു മാത്രമായി പരിമിതപ്പെടുത്തുന്നില്ല.

സംഘര്‍ഷം ബാധിച്ചതോ ഭീഷണിയിലായതോ ആയ പ്രദേശങ്ങളില്‍ സ്ഥിരത പ്രോത്സാഹിപ്പിക്കുകയും വിശ്വസനീയവും നിയമാനുസൃതവുമായ ഭരണസംവിധാനം പുനഃസ്ഥാപിക്കുകയും ദീര്‍ഘകാല സമാധാനം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ അന്തര്‍ദേശീയ സംഘടനയുടെ ലക്ഷ്യമെന്ന് ക്ഷണിക്കപ്പെട്ട രാജ്യങ്ങള്‍ക്ക് അയച്ച ചാര്‍ട്ടറിന്റെ ആമുഖത്തില്‍ വ്യക്തമാക്കുന്നതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.

അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി സമാധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംഘടന ഏറ്റെടുക്കുമെന്നും രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.