അമേരിക്കന്‍ മലയാളികള്‍ക്ക് സാംസ്‌കാരിക കേന്ദ്രമൊരുങ്ങുന്നു ; അലയുടെ പദ്ധതിക്ക് സാംസ്‌കാരിക കേരളത്തിന്റ പിന്തുണ

അമേരിക്കന്‍ മലയാളികള്‍ക്ക് സാംസ്‌കാരിക കേന്ദ്രമൊരുങ്ങുന്നു ; അലയുടെ പദ്ധതിക്ക് സാംസ്‌കാരിക കേരളത്തിന്റ പിന്തുണ


നേപ്രിവില്‍: അമേരിക്കന്‍ മലയാളിയുടെ എക്കാലത്തോയും ആഗ്രഹമായ കേരള കലാ സാംസ്‌കാരിക കേന്ദ്രം ഷിക്കാഗോയില്‍ തുടങ്ങാന്‍ അല ( ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക ) മുന്‍കൈയെടുക്കുന്നു.

അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്‌കാരിക സംഘടനയായ അലയുടെ ഈ സ്വപ്‌ന പദ്ധതിയുടെ ധന സമാഹരണത്തിനായി ചിത്രവര്‍ണം എന്ന പേരില്‍ സംഗീത പരിപാടി ഏപ്രില്‍ ഇരുപത്തിയെട്ടിന് നേപ്രിവില്‍ യെല്ലോ ബോക്ലിസ് ( Yellow Box, Naperville )  നടക്കും. കെ എസ് ചിത്ര നയിക്കുന്ന ഈ പരിപാടിയില്‍ സംഗീതജ്ഞന്‍ ശരത്ത്, പിന്നണിഗായകരായ നിഷാന്ത്, അനാമിക എന്നിവരും  മറ്റ് ഒമ്പത് കലാകാരന്മാരും അണിനിരക്കും.
ഇതോടൊപ്പം തന്നെ കേരളത്തിന്റെ തനിമ ഉയര്‍ത്താന്‍ കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് കേരള എക്‌സ്‌പോ എന്ന വിപണന മേള സംഘടിപ്പിക്കും. ഖാദി, മലയാളം മിഷന്‍, ക്രാഫ്റ്റ് വില്ലേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങള്‍ എക്‌സ്‌പോയില്‍ ലഭ്യമാക്കും.  അലയുടെ മറ്റു പരിപാടികളെപ്പോലെ തന്നെ പുസ്തകമേളയും കേരളത്തിന്റെ രുചിവൈവിധ്യം എടുത്തുകാട്ടുന്ന ഭക്ഷ്യമേളയും സംഘടിപ്പിക്കും.
എഐ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐഎക്‌സ്‌ഐ ജിഎഐ ( iXi gAI ) ആണ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍ . എല്‌മെസ്റ്റ് എക്‌സ്‌റെന്‍ഡഡ് കെയര്‍ സെന്റര്‍ ( Elmhurst Extended Care Center ) , സെര്‍ട്ടിഫൈഡ് അക്കൗണ്ടിങ്ങ് ആന്റ് ടാക്‌സ് ഐഎന്‍സിയും (Certified Accounting & Tax Inc )  , കോള്‍ഡ് വെല്‍  ബാങ്കര്‍ റിയല്‍ട്ടിയും ( Coldwell Banker Realty) പരിപാടിയുടെ സ്‌പോണ്‍സര്‍മാരാണ്.

ലോകത്തെവിടെയായാലും തങ്ങളുടെ തനിമയെ ചേര്‍ത്തുപിടിക്കാന്‍ താല്‍പ്പര്യപ്പെടുന്ന മലയാളികള്‍ക്കായി അമേരിക്കയില്‍ ഒരു ഇടം എന്ന നിലയിലാണ് അല ഈ സംരംഭവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. മലയാളിയുടെ സാംസ്‌കാരിക പൈതൃകം അമേരിക്കന്‍ മണ്ണിലും കാത്തു സൂക്ഷിക്കാനും അടുത്ത തലമുറയിലേക്ക് അത് പകര്‍ന്നു നല്‍കാനും ഈ പദ്ധതി ലക്ഷ്യം കാണുന്നതിലൂടെ സാധിക്കുമെന്ന് അല വിശ്വസിക്കുന്നു. കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മലയാളി പ്രവാസിക്ക് അനുകൂലമായ അന്തരീക്ഷവും സൗകര്യവും നല്‍ക്കാന്‍ പ്രാപ്തമായ ഒരു കെട്ടിടം നിര്‍മ്മിക്കുക എന്നതാണ് ഷിക്കാഗോയിലെ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആദ്യ പടി. വിപുലമായ ലൈബ്രറിയടക്കം ഈ പദ്ധതിയുടെ ഭാഗമാണ്. ഇതിനു വേണ്ട ധനസമാഹരണത്തിനു കൂടിയാണ് ചിത്രവര്‍ണ്ണം എന്ന പരിപാടി കെഎസ് ചിത്രയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്നത്. ഏപ്രില്‍ ഇരുപത്തിയെട്ടിന് നടക്കുന്ന വര്‍ണാഭമായ പരിപാടിയില്‍  പങ്കെടുക്കാനും ഈ ഉദ്യമത്തില്‍ സഹകരിക്കാനും താല്‍പര്യമുള്ളവര്‍ എത്രയും വേഗം ടിക്കറ്റ് എടുത്ത് പരിപാടിയില്‍ പങ്കെടുക്കണം എന്ന് അലയുടെ ഭാരവാഹികള്‍ അറിയിച്ചു .


അനുപമ വെങ്കിടേഷ് ,
അല