ഫിലഡല്‍ഫിയ: പുതുമയാര്‍ന്ന ഓണാഘോഷ പരിപാടികളുമായി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ട്രൈസ്റ്റേറ്റ് കേരളാ ഫോറം. ഓഗസ്റ്റ് 23ന് ഫിലഡല്‍ഫിയയില്‍ ഓണാഘോഷം പൊടിപൊടിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഉച്ചയ്ക്ക് 2 മണിയോടെ ആസ്വാദകരില്‍ ആവേശത്തിരയുണര്‍ത്തി പഞ്ചാരിമേളത്തിന്റെ താളമുയരും. പിന്നീടങ്ങോട്ട് ആര്‍പ്പോ ഇര്‍ര്‍റോ എന്ന പേര് അന്വര്‍ഥമാക്കിക്കൊണ്ട് ആഘോഷങ്ങള്‍ അരങ്ങു തകര്‍ക്കും. ട്രൈസ്റ്റേറ്റ് ഏരിയയിലെ മുഴുവന്‍ മലയാളികളെയും ഒന്നിച്ചൊരു കുടക്കീഴില്‍ അണിനിരത്തികൊണ്ടാണ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണം കളറാക്കുന്നത്. ഫിലാഡല്‍ഫിയ സിറ്റി കമ്മീഷണര്‍ സേത്ത് ബ്ലൂസ്റ്റൈന്‍ പരിപാടിയില്‍ മുഖ്യാതിഥിയാകും.
മുന്‍ വര്‍ഷങ്ങളിലേതു പോലെ മെഗാ തിരുവാതിര, ഓണസദ്യ, മാവേലി എഴുന്നള്ളത്ത്, ഗാനമേള, പഞ്ചാരിമേളം എന്നു തുടങ്ങി മലയാളത്തിന്റെ മണവും മാധുര്യവും വിളിച്ചോതുന്ന ഗംഭീര വിരുന്ന് തന്നെയാണ് ഇത്തവണയും ട്രൈസ്റ്റേറ്റ് കേരള ഫോറം ഒരുക്കിയിരിക്കുന്നത്. പാട്ടും നൃത്തവും മിമിക്രിയുമെല്ലാമായി ഓണാഘോഷം അതി ഗംഭീരമാക്കാന്‍ കഴിവുറ്റ കലാകാരന്മാരുടെ ഒരു വലിയ നിര തന്നെ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്.
കേരളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായകന്‍ അഫ്‌സലും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ ഓണാഘോഷത്തിന്റെ മാസ്റ്റര്‍പീസാകും.
ഗാനമേളയില്‍ അതിഥി കലാകാരനായി ഗായകന്‍ പന്തളം ബാലനും പങ്കെടുക്കും. ഒരുകാലത്ത് ഉത്സവപ്പറമ്പുകളിലെ ഗാനമേളകളില്‍ ഹരമായിരുന്ന ഗായകനാണ് പന്തളം ബാലന്‍. ഇദ്ദേഹത്തിന്റെ ഗാനമേളകള്‍ അമ്പലപ്പറമ്പുകളില്‍ ജനസമുദ്രം തീര്‍ക്കുമായിരുന്നു. 1988ല്‍ ദേവരാജന്‍ മാസ്റ്റര്‍ ആണ് സിനിമയില്‍ പാടാനുള്ള അവസരം ബാലനു നല്‍കിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം പിന്നീട് പാടിയത് 2001ല്‍ രവീന്ദ്രന്‍ മാസ്റ്റര്‍ ഈണം നല്‍കിയ 'പകല്‍പൂരം' എന്ന സിനിമയിലെ 'നടവഴിയും ഇടവഴിയും' എന്നു തുടങ്ങുന്ന ടൈറ്റില്‍ ഗാനമാണ്. കാണികള്‍ക്ക് ആസ്വാദനത്തിന്റെ അരങ്ങൊരുക്കുന്ന ട്രൈസ്റ്റേറ്റ് കേരളാ ഫോറം, കലാപരിപാടികള്‍ക്ക് പുറമേ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ വ്യക്തികളെ ആദരിച്ചുകൊണ്ടും മാതൃകയാകുന്നു. ഉയര്‍ന്ന ബഹുമതിയായി മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ചടങ്ങില്‍ സമ്മാനിക്കും. ഏഷ്യാനെറ്റ് ന്യൂസ് യുഎസ്എ ഹെഡ് ഡോ. കൃഷ്ണ കിഷോര്‍ ആണ് ഈ വര്‍ഷത്തെ മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് അര്‍ഹനായിരിക്കുന്നത്.
മെഗാ തിരുവാതിര, വിഭവ സമൃദ്ധമാര്‍ന്ന ഓണ സദ്യ, മാവേലി എഴുന്നള്ളത്ത് എന്നിങ്ങനെ ഓരോന്നിലും കൂട്ടായ്മയുടെ കയ്യൊപ്പ് പതിപ്പിച്ച് മുന്‍ വര്‍ഷങ്ങളില്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഇത്തവണയും ചരിത്രം ആവര്‍ത്തിക്കാനൊരുങ്ങുകയാണ്. ഒരുക്കളെല്ലാം പൂര്‍ത്തിയായി, ആഘോഷ വേദിയില്‍ ആരവമുണരാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പു മാത്രമെന്ന് സംഘാടകര്‍ പറയുന്നു.
ബിനു മാത്യു, സാജന്‍ വര്‍ഗ്ഗീസ്, ജോര്‍ജ് ഓലിക്കല്‍, അഭിലാഷ് ജോണ്‍, വിന്‍സെന്റ് ഇമ്മാനുവല്‍, സുമോദ് നെല്ലിക്കാല, അലക്‌സ് ബാബു, അരുണ്‍ കോവാട്ട്, രാജന്‍ സാമുവല്‍, അലക്സ് തോമസ്, ജോബി ജോര്‍ജ്, ഫിലിപ്പോസ് ചെറിയാന്‍, സുധാ കര്‍ത്താ, തോമസ് പോള്‍, ആഷാ അഗസ്റ്റിന്‍, ജോര്‍ജ് നടവയല്‍, റോണി വര്‍ഗ്ഗീസ്, ജീമോന്‍ ജോര്‍ജ്, സുരേഷ് നായര്‍, കുര്യന്‍ രാജന്‍ എന്നിവരാണ് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷത്തിന്റെ അരങ്ങിലും അണിയറയിലുമായി പ്രവര്‍ത്തിക്കുന്ന സംഘാടകര്‍. ബ്രിജിറ്റ് വിന്‍സെന്റ്്, ശോശാമ്മ ചെറിയാന്‍, സെലിന്‍ ഓലിക്കല്‍ എന്നിവര്‍ ബെസ്റ്റ് കപ്പിള്‍ കോഡിനേറ്റര്‍മാര്‍. ജോണ്‍ പണിക്കര്‍, ജോര്‍ജ്കുട്ടി ലൂക്കോസ് എന്നിവരാണ് കര്‍ഷകരത്ന കോഡിനേറ്റര്‍മാര്‍.