കുടുംബ സമ്മേളനം നടത്തി

കുടുംബ സമ്മേളനം നടത്തി


ടൊറന്റോ: വിശ്വാസത്താല്‍ നെയ്ത കുടുംബങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി സ്‌റ്റോഫ്‌വില്ലെ കനേഡിയന്‍ മാര്‍തോമാ ചര്‍ച്ചില്‍ കുടുംബ സമ്മേളനം അരങ്ങേറി. കാനഡയിലെ പല പ്രവിശ്യകളില്‍ നിന്നുമുള്ള മാര്‍ത്തോമാ പള്ളികളില്‍ നിന്നും 275 ഓളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 

വാട്ടര്‍ലൂ മൗണ്ട് സിയോണ്‍ ഇവാഞ്ചലിക്കല്‍ ലുത്തേറിയന്‍ ചര്‍ച്ച് പാസ്റ്റര്‍ റവ. ഡോ. ഫിലിപ് മത്തായി മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തില്‍ നോര്‍ത്ത് അമേരിക്ക രൂപതയുടെ അധ്യക്ഷന്‍ റൈറ്റ്. റവ. ഡോ. അബ്രഹാം മാര്‍ പൗലോസ് എപിസ്‌കോപ രക്ഷാധികാരിയും ഉദ്ഘാടകനുമായിരുന്നു. 

കുടുംബങ്ങളുടെ ഐക്യവും ആത്മീയ വളര്‍ച്ചയും പ്രമേയമാക്കി വിപുലമായ ചര്‍ച്ചകള്‍ നടന്നു. കുടുംബങ്ങള്‍ ആധുനിക കാലത്തു നേരിടുന്ന വെല്ലുവിളികളെ ക്രിസ്തീയ വിശ്വാസത്തിന്റെ പ്രകാശത്തില്‍ എങ്ങിനെ മറികടക്കാമെന്നു സമ്മേളനത്തില്‍ പരിശോധിച്ചു. ലിസ് കൊച്ചുമ്മന്‍ സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനറായും സ്‌റ്റോഫ്‌വില്ലെ കനേഡിയന്‍ മാര്‍തോമ ചര്‍ച്ച് വികാരി റവ. റോജി മാത്യൂസ് അബ്രഹാം, കാല്‍ഗറി സെന്റ് തോമസ് മാര്‍ തോമ ചര്‍ച്ച് വികാരി റവ. ജോജി ജേക്കബ്  എന്നിവര്‍ ക്ലര്‍ജി കണ്‍വീനര്‍മാരായും പ്രവര്‍ത്തിച്ചു. ഇവര്‍ക്ക് പുറമെ ഡോ. മേരി ഫിലിപ്, റവ. ഡോ. എം ജെ ജോസഫ്, ടോം ഫിലിപ്, റവ. അബ്രഹാം തോമസ്, ജോര്‍ജി ജോണ്‍ മാത്യു എന്നിവര്‍ വിവിധ പ്രായ പരിധിയിലുള്ളവര്‍ക്കു ക്ലാസുകള്‍ നടത്തി.

ഇതിന്റെ വിജയത്തിന്റെ കാരണം 14 സബ്കമ്മിറ്റികളില്‍ നിന്നുമുള്ള 60ഓളം ആളുകളുടെ അശ്രാന്ത പരിശ്രമമാണ്. ചരിത്രത്തില്‍ ആദ്യമായി നടന്ന ഈ കനേഡിയന്‍ മാര്‍ തോമ റീജ്യനല്‍ ഫാമിലി കോണ്‍ഫറന്‍സിന്റെ വിജയം ഇവരുടെ പരിശ്രമം മൂലമാണെന്നും അവരെ അത്യന്തം അനുമോദിക്കുന്നു എന്നും ബിഷപ്പ് തന്റെ അനുമോദന പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഇതൊരു നല്ല തുടക്കമാണെന്നും ഇനിയും ഇത് പോലുള്ള കോണ്‍ഫറന്‍സുകള്‍ മറ്റു പ്രവിശ്യകളിലും നടക്കണമെനും ബിഷപ്പ് തന്റെ ആഗ്രഹം പ്രകടിപ്പിച്ചു.