ഡോക്റ്റര്‍- രോഗി വിവര വിനിമയത്തെ കുറിച്ച് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ പഠനം നടത്തുന്നു

ഡോക്റ്റര്‍- രോഗി വിവര വിനിമയത്തെ കുറിച്ച് ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ പഠനം നടത്തുന്നു


 ആയുര്‍വേദം, സിദ്ധ, യുനാനി തുടങ്ങിയ പരമ്പരാഗത ഇന്ത്യന്‍ ചികിത്സാ സമ്പ്രദായങ്ങളുടെ അവിഭാജ്യ ഘടകമായ ഔഷധ സസ്യങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ ഔഷധങ്ങളും സപ്ലിമെന്റുകളും ഇന്ത്യക്കാര്‍ നൂറ്റാണ്ടുകളായി വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇന്ത്യയിലെ എഴുപതു ശതമാനം ആളുകളെങ്കിലും അല്ലോപ്പതിക് അല്ലാത്ത മരുന്നുകള്‍ എടുക്കുന്നുണ്ടെന്നാണ് കണക്ക്.  2007-ഇല്‍ നടന്ന പഠനത്തിനു ശേഷം മറ്റൊരു പഠനം നടന്ന വിവരം ലഭ്യമല്ലാത്തതു കൊണ്ടാണ് ഈ കണക്ക് ഉപയോഗിക്കുന്നത്.  പരമ്പരാഗത മരുന്നുകളോട് ഇന്‍ഡ്യക്കാര്‍ക്കുള്ള മമതയ്ക്ക് ഇപ്പോളും കുറവു വന്നതായി തെളിവുകള്‍ ഇല്ല.  ആയുര്‍വേദം, യുനാനി, സിദ്ധ, തുടങ്ങിയ ചികിത്സാമുറകള്‍ക്ക് ഇന്ത്യയില്‍ പ്രചാരം കൂടി വരുകയാണ് കാരണം ശാസ്ത്രീയ രീതികള്‍ ഉപയോഗിച്ച് നടത്തുന്ന പഠനങ്ങളും ഗവേഷണങ്ങളും ചികിത്സയുടെ ഫലങ്ങള്‍ തെളിവു സഹിതം പ്രസിദ്ധപ്പെടുത്തുകയും ഇന്ത്യയിലെ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കോണ്‍ട്രോള്‍സ് ഓര്‍ഗനൈസേഷന്‍ (CDSCO) അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്; ചെയ്യുന്നുണ്ട്. ആയുര്‍വേദ കോളേജുകളില്‍ നിന്ന് വിദ്യാഭാസം നേടിയിട്ടുള്ള അഞ്ചു ലക്ഷത്തിലധികം ഡോക്റ്റര്‍മാര്‍ ഗവണ്മെന്റ് സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും രോഗ ചികിത്സ നടത്തുന്നുണ്ട്. ചുക്ക്, കുരുമുളക്, മല്ലി, മഞ്ഞള്‍, നെല്ലിക്ക, ഏലക്കായ, ഗ്രാമ്പൂ തുടങ്ങിയ അനേകമനേകം ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍ ഡോക്ടര്‍മാരാരും പ്രിസ്‌ക്രൈബ് ചെയ്യാതെ ദശലക്ഷക്കണക്കിനാളുകള്‍ ഉപയോഗിക്കുന്നുണ്ട്. ഗ്രീക്കുകാരില്‍ തുടങ്ങി, പിന്നെ അറബി-പേര്‍ഷ്യന്‍ വികസനത്തിലൂടെ ദക്ഷിണേഷ്യയില്‍ ജനകീയമായ യുനാനി മരുന്നുകളും ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ചികിത്സാക്രമമെന്നറിയപ്പെടുന്ന സിദ്ധ ചികിത്സയില്‍ ഉപയോഗിക്കുന്ന മരുന്നുകളും ഇന്ത്യക്കാരുടെ പാരമ്പര്യ സംസ്‌ക്കാരം പോലെ പ്രിയപ്പെട്ടതും പ്രചുരപ്രചാരവുമാണ്. 

വിദേശത്താണെങ്കിലും, പതിവായി ഡോക്റ്ററെ കണ്ട് അസുഖങ്ങള്‍ക്കും  കൊളെസ്റ്റെറോള്‍ പോലുള്ള കണ്ടീഷനുകള്‍ക്കും മരുന്നുകള്‍ വാങ്ങി കഴിക്കുന്നുണ്ടെങ്കിലും, നേരത്തെ പറഞ്ഞ ചികിത്സാ സമ്പ്രദായത്തില്‍ പെട്ട മരുന്നുകളോ ചുക്കുവെള്ളം, വെളുത്തുള്ളി, അതുപോലുള്ള ഹെര്‍ബല്‍ ഉല്പന്നങ്ങളോ മറ്റെന്തെങ്കിലും ലേഹ്യമോ കഷായമോ വൈറ്റമിന്‍ പോലുള്ള ഡയറ്ററി സപ്പ്‌ളിമെന്റുകളോ എടുക്കുന്നവര്‍ ഇന്ത്യക്കാരുടെ ഇടയില്‍ ധാരാളം. ഇത്തരം ആരോഗ്യ-ക്ഷേമ സംബന്ധമായ സാധനങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ (side effects) ഇല്ലായെന്ന പൊതുവിശ്വാസം നില നില്‍ക്കുന്നുണ്ട്. പക്ഷെ, പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത് മറിച്ചാണെന്നതാണ് വാസ്തവം. ശരീരം മരുന്നിനെ വലിച്ചെടുക്കുന്നതിനെയും (absorption) മരുന്നിന്റെ ശരീരത്തിലേക്കുള്ള വിതരണത്തെയും (distribution) ശരീരത്തില്‍ അതിന്റെ പരിണാമത്തെയും (metabolism) ശരീരത്തില്‍ നിന്നുള്ള വിസര്‍ജ്ജനത്തെയും (excretion) അല്ലെങ്കില്‍ മരുന്നിന്റെ ഗുണത്തെയും പല ഉല്‍പ്പന്നങ്ങളും പ്രസക്തമായ വിധം ചികിത്സയെ ബാധിക്കുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. രോഗികള്‍ ഡോക്റ്ററെ കാണുമ്പോള്‍ പൊതുവെ എന്തെല്ലാം മരുന്നുകളാണ് എടുക്കുന്നതെന്ന് ഡോക്റ്റര്‍മാരുടെ ഓഫീസില്‍ ചോദിക്കാറുണ്ട്.  'ദോഷമുണ്ടാക്കാത്ത' അല്ലെങ്കില്‍ 'ആരോഗ്യം വര്‍ധിപ്പിക്കുന്ന' സാധനങ്ങളാണെന്ന ധാരണയില്‍ പലരും അവയെ മരുന്നുകളുടെ കൂട്ടത്തില്‍ പെടുത്താറില്ല. ഇംഗ്ലീഷ് മരുന്നുകള്‍ കൂടാതെ ഡയറ്ററി സപ്പ്‌ളിമെന്റുകളോ ഹെര്‍ബല്‍ ഉല്പന്നങ്ങളോ എടുക്കുന്നുണ്ടെന്ന കാര്യം അവര്‍ ഡോക്റ്ററോടു വെളിപ്പെടുത്തുന്നുണ്ടെന്നോ അല്ലെങ്കില്‍ ഡോക്റ്ററുമായുള്ള സംസാരത്തില്‍ എത്രത്തോളം അതുള്‍പ്പെടുന്നുണ്ടെന്നോ അറിയില്ല. ഇക്കാരണങ്ങള്‍ മൂലം  ഡോക്റ്റര്‍മാരുമായുള്ള (അല്ലെങ്കില്‍ നേഴ്‌സ് പ്രാക്ടീഷണര്മാര്‍/ഫിസിഷ്യന്‍ അസ്സിസ്റ്റന്റുമാര്‍) ആരോഗ്യസംബന്ധമായ സംഭാഷണങ്ങളില്‍ എന്തെങ്കിലും ഡയറ്ററി സപ്പ്‌ളിമെന്റുകളോ ആയുര്‍വേദ/സിദ്ധ/യുനാനി മരുന്നുകളോ മറ്റു ഹെര്‍ബല്‍ ഉല്പന്നങ്ങളോ എടുക്കുന്നുണ്ടെന്ന കാര്യം ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമത്രെ.

ന്യൂ യോര്‍ക്ക് സംസ്ഥാനത്തെ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സുമാരുടെ സ്വര സംഘടന ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂ യോര്‍ക്ക് (ഐനാനി), രോഗിയും ഡോക്ട്ടരും (അല്ലെങ്കില്‍ നേഴ്‌സ് പ്രാക്ടീഷണര്‍/ഫിസിഷ്യന്‍ അസിസ്റ്റന്റ്) തമ്മിലുള്ള വിവര വിനിമയത്തെ വിലയിരുത്തുന്നതിനുള്ള ഒരു പഠനം നടത്തുകയാണ്.  ലോങ്ങ് ഐലന്റിലെ അഡാല്‍ഫായ് യൂണിവേഴ്‌സിറ്റിയുടെ ഇന്‌സ്ടിട്യൂഷനല്‍ റിവ്യൂ ബോര്‍ഡ് പഠനത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ പരിശോധിച്ചു അംഗീകാരം നല്‍കിയശേഷമാണ് ഐനാനി ഈ പഠനം തുടങ്ങിയത്.  പഠനത്തിന്റെ പ്രിന്‍സിപ്പാള്‍ ഇന്‍വെസ്‌റിഗേറ്റര്‍ ഡോ. ആനി ജേക്കബ് നോര്‍ത്ത് വെല്‍ ഹെല്‍ത്തില്‍ നേഴ്‌സ് സയന്റിസ്റ്റും അഡല്‍ഫായ് യൂണിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് ക്ലിനിക്കല്‍ പ്രൊഫെസ്സറുമാണ്.  ഡോ. മേഴ്സി ജോസെഫ്, ടെസി തോമസ്, ഡോ. അന്നാ ജോര്‍ജ്, പോള്‍  പനക്കല്‍ എന്നിവര്‍ സഹ ഇന്‍വെസ്റ്റിഗേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നു.  എല്ലാവരും ഒന്നുകില്‍ ഫൈന്‍സ്‌റ്റൈന്‍ ഇന്‍സ്റ്റിട്യൂട്ട്‌സ് ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ചിലോ അഡല്‍ഫായ് യൂണിവേഴ്‌സിറ്റിയിലോ റിസേര്‍ച്ചര്‍മാരായി അഫിലിയേറ്റ് ചെയ്തവരാണ്.  

പഠനം ഒരു സര്‍വ്വേ രൂപത്തിലാണ് നടത്തുന്നത്.  പ്രായ വിഭാഗം, ജോലി, താമസിക്കുന്ന സ്ഥലത്തെ പിന് കോഡ് എന്നിവ മാത്രമേ വ്യക്തിഗത സ്‌ക്രീനിങ്ങില്‍ ഉള്ളൂ.  തുടര്‍ന്നുള്ള വളരെ ലളിതമായ ചോദ്യങ്ങള്‍ ഏകദേശം പത്തില്‍ താഴെ മിനുട്ടുകള്‍ കൊണ്ട് തീര്‍ക്കാം.  ഇരുന്നൂറിനും മുന്നൂറിനുമിടയ്ക്ക് ഇന്ത്യക്കാരുടെ പങ്കാളിത്തമാണ് ഐനാനി പ്രതീക്ഷിക്കുന്നത്.

സംഗമത്തിന്റെ യു എസിലെ വായനക്കാരോട് ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തിന് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഈ സര്‍വേയില്‍ പങ്കെടുത്തു സഹായിക്കണമെന്ന് പ്രിന്‍സിപ്പാള്‍ ഇന്‍വെസ്‌റിഗേറ്റര്‍ ഡോ. ആനി ജേക്കബും ഐനാനി പ്രെസിഡന്റും സഹ ഇന്‍വെസ്‌റിഗേറ്ററുമായ ഡോ. അന്നാ ജോര്ജും താല്പര്യപ്പെടുന്നു.  ഇതോടൊപ്പമുള്ള ഫ്‌ലായറിലെ QR കോഡ് സ്‌കാന്‍ ചെയ്താല്‍ സര്‍വേയിലേക്കുള്ള ലിങ്ക് കിട്ടും.

വിവരങ്ങള്‍ക്കും വിവരങ്ങള്‍ക്കും ഡോ. അന്നാ ജോര്‍ജ് (inanypresident@gmail.com), പോള്‍ പനക്കല്‍ (paul.panakal@liu.edu), ഡോ. മേഴ്‌സി ജോസെഫ് (mjoseph@adelphi.edu), ടെസി തോമസ് (tesithomas@mail.adelphi.edu).  ഡോ. ആനി ജേക്കബ് (ajacob@adelphi.edu