അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം

അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം


കാബൂള്‍: അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ (യു എസ് ജി എസ്) റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് അഫ്ഗാനിസ്ഥാനിന്റെ വടക്കന്‍ മേഖലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 6.3 തീവ്രതയുള്ള ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. നാലുപേര്‍ മരിക്കുകയും അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റതായും പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പ്രാദേശിക സമയം പുലര്‍ച്ചെ 12.59നാണ് ഭൂകമ്പം ഉണ്ടായത്. ഖുല്‍മില്‍ നിന്ന് ഏകദേശം 22 കിലോമീറ്റര്‍ പടിഞ്ഞാറ്- തെക്ക് പടിഞ്ഞാറ് ഭാഗത്തായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയത്. ഭൂതലത്തില്‍ നിന്ന് 28 കിലോമീറ്റര്‍ ആഴത്താണ് ഭൂകമ്പമെന്ന്  ഉണ്ടായതെന്ന് യു എസ് ജി എസ് അറിയിച്ചു.

ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (ജി എഫ് ഇസെഡ്) നടത്തിയ പ്രാഥമിക വിലയിരുത്തലില്‍ ഭൂകമ്പം ഹിന്ദുകുഷ് മേഖലയിലാണുണ്ടായതെന്നും, അതേ തീവ്രതയുള്ളതാണെങ്കിലും ആഴം വെറും 10 കിലോമീറ്റര്‍ മാത്രമാണെന്നും വ്യക്തമാക്കിയിരുന്നു.

ശനിയാഴ്ച രാത്രിയില്‍ അതേ പ്രദേശത്ത് 4.9 തീവ്രതയുള്ള കുലുക്കം അനുഭവപ്പെട്ടതിനു 48 മണിക്കൂറിനുള്ളിലാണ് പുതിയ ഭൂകമ്പം സംഭവിച്ചത്. ഈ വിവരം യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ (ഇ എം എസ് സി) ആണ് സ്ഥിരീകരിച്ചത്.

പ്രധാന സീസ്മിക് ഫാള്‍റ്റ് ലൈന്‍സിന്മേല്‍ സ്ഥിതി ചെയ്യുന്ന അഫ്ഗാനിസ്ഥാന്‍ പതിവായി ശക്തമായ ഭൂകമ്പങ്ങള്‍ അനുഭവിക്കുന്ന രാജ്യമാണ്. ഓഗസ്റ്റില്‍ പാകിസ്ഥാന്‍ അതിര്‍ത്തിക്കു സമീപം ഉണ്ടായ 6.0 തീവ്രതയുള്ള ഭൂകമ്പത്തില്‍ 2,200-ത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. 2023 ഒക്ടോബറില്‍ ഉണ്ടായ ഇരട്ട 6.3 തീവ്രതയുള്ള ഭൂകമ്പങ്ങള്‍ പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ വന്‍ നാശനഷ്ടം വിതച്ച് കുറഞ്ഞത് നാലായിരം പേരെങ്കിലും ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായി.

ഈ വര്‍ഷം സെപ്റ്റംബര്‍ 5-ന് രാത്രിയിലും 5.0 തീവ്രതയുള്ള ഭൂകമ്പം അഫ്ഗാനിസ്ഥാനില്‍ അനുഭവപ്പെട്ടിരുന്നു. അതിന് മുമ്പ്, കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ 6.0 തീവ്രതയുള്ള ഭൂകമ്പം 2,200-ത്തിലധികം പേരുടെ ജീവന്‍ കവര്‍ന്നിരുന്നു. ഇത് കഴിഞ്ഞ വര്‍ഷങ്ങളിലെ ഏറ്റവും ഭീകരമായ ഭൂകമ്പങ്ങളിലൊന്നാണ്.