ന്യൂഡല്‍ഹി: യമുനാ നദി വീണ്ടും മാലിന്യ കേന്ദ്രമായതില്‍ ബി ജെ പി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി. ഛഠ് മഹോത്സവം കഴിഞ്ഞതോടെ യമുന നദി വീണ്ടും ദയനീയാവസ്ഥയിലേക്കു മടങ്ങിയതായി ആം ആദ്മി പാര്‍ട്ടി ആരോപിച്ചു.
ആം ആദ്മി പാര്‍ട്ടി നേതാവ് സൗരഭ് ഭരദ്വാജ് യമുനയില്‍ നേരിട്ടെത്തി നടത്തിയ 'റിയാലിറ്റി ചെക്ക്' വീഡിയോ പങ്കുവെച്ച് നദിയിലെ കടുത്ത മലിനീകരണവും ചെളിക്കുഴികളും പുറത്തുകൊണ്ടുവന്നു.
വ്യാജ യമുനയ്ക്കരികിലുള്ള യഥാര്‍ഥ യമുനയുടെ അവസ്ഥ നോക്കൂവെന്നും മലിനജലത്തോടെ നിറഞ്ഞ നദി വീണ്ടും അതിന്റെ ദുരവസ്ഥയിലേക്ക് മടങ്ങിയെന്നാണ് ഭാരദ്വാജ് പറഞ്ഞത്. അദ്ദേഹം പങ്കുവെച്ച വീഡിയോയില്‍ കരിമയ ജലം കാണിച്ചും നദിയിലേക്കു കാല്‍ വെച്ചപ്പോള്‍ ചെളിയില്‍ മൂടിയതും കാണിക്കുന്നു.
ഛഠ് പൂജയ്ക്ക് മുമ്പ് ഭക്തര്‍ യമുനയില്‍ ആചാരപരമായ മുങ്ങല്‍ നടത്തുന്നതിനാല്‍ നദിയുടെ സ്ഥിതി ഗണ്യമായി മെച്ചപ്പെട്ടതായായിരുന്നു ബി ജെ പിയുടെ അവകാശവാദം.
ഭാരദ്വാജ് ആരോപിച്ചതനുസരിച്ച് പ്രധാനമന്ത്രി സന്ദര്‍ശിച്ച 'വ്യാജ യമുന'യുടെ തെളിവുകള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി സര്‍ക്കാര്‍. വ്യാജ യമുനയുമായി പിടിക്കപ്പെട്ടതിനു ശേഷം ഇപ്പോള്‍ തെളിവുകള്‍ നശിപ്പിക്കുകയാണ് ബി ജെ പി സര്‍ക്കാറെന്നും ഫില്‍റ്റര്‍ ചെയ്ത വെള്ളം എത്തിച്ച പൈപ്പ് നീക്കംചെയ്യുന്നതായും അവര്‍ നിയമവിരുദ്ധമായ പ്രവര്‍ത്തിയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഛഠ് പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ആചാര മുങ്ങലിനായി വസുദേവ് ഘട്ടില്‍ ഒരു കൃത്രിമ കുളം സൃഷ്ടിച്ച് വസിരാബാദ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റില്‍ നിന്നും ശുദ്ധജലം പൈപ്പിലൂടെ എത്തിക്കുകയായിരുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നു.
ഡല്‍ഹി ബി ജെ പി സര്‍ക്കാര്‍ യമുന ശുദ്ധീകരണത്തിനുള്ള യഥാര്‍ഥ ശ്രമങ്ങള്‍ക്ക് പകരം 'കോസ്‌മെറ്റിക് ഷോ'കളും രാഷ്ട്രീയ നാടകവത്കരണങ്ങളുമാണ് നടത്തുന്നതെന്ന് ആം ആദ്മി പാര്‍ട്ടിയുടെ രേഖാ ഗുപ്തയുടെ നേതൃത്വത്തില്‍ ആരോപിക്കുന്നു. നദി ശുദ്ധമാണെന്ന് അവകാശപ്പെടുന്ന ബി ജെ പി നേതാക്കളും മുഖ്യമന്ത്രിയും യമുനയിലെ വെള്ളം കുടിച്ചു കാണിക്കണമെന്ന വെല്ലുവിളിയും ആം ആദ്മി പാര്‍ട്ടി പലതവണ ഉന്നയിച്ചിട്ടുണ്ട്.
