വാഷിംഗ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പിനുള്ള സമയം അടുത്തിരിക്കെ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വീണ്ടും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്രാന്‍ മംദാനിയെ വിമര്‍ശിച്ച് രംഗത്ത്. മംദാനി സോഷ്യലിസ്റ്റിനെക്കാള്‍ മോശമാണെന്നാണ് ട്രംപിന്റെ പരാമര്‍ശം.
തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ട്രംപ് മംദാനിയെ നിരന്തരം ആക്രമിക്കുകയും അദ്ദേഹത്തെ 'കമ്മ്യൂണിസ്റ്റ്' എന്ന് വിശേഷിപ്പിക്കുകയും ഒരുകാലത്ത് പൗരത്വം നഷ്ടപ്പെടുത്താമെന്ന സൂചനയും നല്‍കിയിരുന്നു.
സി ബി എസ് ചാനലിന്റെ 60 മിനുട്‌സ് പരിപാടിക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് തന്റെ നിലപാട് ആവര്‍ത്തിച്ചു. 'മംദാനി സോഷ്യലിസ്റ്റ് അല്ല, കമ്മ്യൂണിസ്റ്റാണ്,' ട്രംപ് പറഞ്ഞു. സോഷ്യലിസ്റ്റിനേക്കാള്‍ ഏറെ മോശമാണ് അയാളെന്നും ട്രംപ് പറഞ്ഞു.
ഞായറാഴ്ച രാത്രി സംപ്രേഷണം ചെയ്ത അഭിമുഖത്തിന്റെ പ്രചാരണ ക്ലിപ്പില്‍ അഭിമുഖകര്‍ത്താവ് മംദാനിയുടെ സ്ഥാനാര്‍ഥിത്വത്തെയും സ്വയം പ്രഖ്യാപിച്ച സോഷ്യലിസ്റ്റ് അസ്തിത്വത്തേയും കുറിച്ച് ചിലര്‍ അദ്ദേഹത്തെ ഇടതുപക്ഷ പതിപ്പായയും കരിഷ്മയുള്ള, പഴയ നിയമങ്ങള്‍ തകര്‍ക്കുന്ന ഒരാളായാണ് വീക്ഷിക്കുന്നുണ്ടെന്നും ചോദിച്ചപ്പോള്‍ ട്രംപിന്റെ പ്രതികരണം താന്‍ നല്ല കാഴ്ചയുള്ള ആളണെന്നായിരുന്നു. മംദാനിയെ കുറിച്ച് ട്രംപ് നേരത്തെ അഭിപ്രായപ്പെട്ടത് അവന്‍ ഭയങ്കരമായി കാണപ്പെടുന്നുവെന്നും അവന്റെ ശബ്ദം അസഹനീയമാണെന്നും അവന്‍ അത്ര ബുദ്ധിമാനല്ലെന്നുമായിരുന്നു.
മംദാനിക്ക് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാതി ഹോക്കുലും അമേരിക്കന്‍ സെനറ്റര്‍ ബേര്‍ണി സാന്‍ഡേഴ്‌സും ഹൗസ് ഡെമോക്രാറ്റിക് നേതാവ് ഹകീം ജെഫ്രിസും മാന്‍ഹട്ടന്‍ അപ്പര്‍ വെസ്റ്റ് സൈഡ് പ്രതിനിധി ജെറോള്‍ഡ് നാഡ്‌ലറും മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പിന് നേരിട്ടുള്ള വോട്ടെടുപ്പ് കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു. ഡെമോക്രാറ്റ് സോഹ്രാന്‍ മംദാനി, റിപ്പബ്ലിക്കന്‍ കര്‍ട്ടിസ് സ്ലിവ, സ്വതന്ത്ര സ്ഥാനാര്‍ഥിയായി മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ എന്നിവരാണ് പ്രധാന മത്സരാര്‍ഥികള്‍. ഈ വര്‍ഷത്തെ അമേരിക്കയിലെ ഏറ്റവും ശ്രദ്ധേയമായ തെരഞ്ഞെടുപ്പുകളിലൊന്നായി ന്യൂയോര്‍ക്ക് മേയര്‍ പോരാട്ടം കണക്കാക്കപ്പെടുന്നു.
അതേസമയം, വോട്ടെടുപ്പിന് മുമ്പായി മംദാനി നടത്തിയ വികാരനിര്‍ഭരമായ പ്രസംഗത്തില്‍ തന്റെ എതിരാളികള്‍ 'വംശീയമായ' ആക്രമണങ്ങള്‍ നടത്തിയതായി വിമര്‍ശിച്ചു. തന്റെ മുസ്ലിം മതവിശ്വാസം അഭിമാനത്തോടെ സ്വീകരിക്കുമെന്ന വാഗ്ദാനവുമായി അദ്ദേഹം ബ്രോങ്ക്‌സിലെ ഒരു പള്ളിയുടെ പുറത്തുനിന്ന് പ്രസംഗിച്ചു. മതനേതാക്കള്‍ അദ്ദേഹത്തോടൊപ്പം നിന്നു. രാഷ്ട്രീയരംഗത്തേക്ക് കടക്കുമ്പോള്‍ മതപരമായ തിരിച്ചറിയല്‍ മറയ്ക്കണമെന്നായിരുന്നു പലരും നല്‍കിയ ഉപദേശം എന്ന് മംദാനി പറഞ്ഞു.
കണ്ണുനനഞ്ഞ്, തളര്‍ന്ന ശബ്ദത്തില്‍ മംദാനി തന്റെ അനുജത്തി സെപ്റ്റംബര്‍ 11ന് ശേഷം ഹിജാബ് ധരിച്ചതിനാല്‍ സബ്‌വേ യാത്ര നിര്‍ത്തിയ കഥ പങ്കുവെച്ചു. ഈ പ്രസംഗത്തിനുശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നിരവധി നേതാക്കളും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും മംദാനിയെ വിമര്‍ശിച്ചു.
