ട്രംപ് തീരുവകളിലെ സുപ്രിം കോടതി വിധിയിലേക്ക് കാത്തിരുന്ന് ലോകം

ട്രംപ് തീരുവകളിലെ സുപ്രിം കോടതി വിധിയിലേക്ക് കാത്തിരുന്ന് ലോകം


വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് തുടങ്ങിയിട്ട വ്യാപാരയുദ്ധത്തിലെ ഏറ്റവും വലിയ പോരാട്ടത്തിന് ബുധനാഴ്ച തുടക്കം കുറിക്കുന്നു. 

ട്രംപ് ഭരണകൂടം ബുധനാഴ്ച യു എസ് സുപ്രിം കോടതിയില്‍ ഹാജരാകും. ചെറിയ ബിസിനസുകളും ചില സംസ്ഥാനങ്ങളുമായി നേരിട്ട് ഏറ്റുമുട്ടുന്ന കേസില്‍ ട്രംപ് ചുമത്തിയ ഭൂരിഭാഗം തീരുവകളും നിയമവിരുദ്ധമാണെന്നും അവ റദ്ദാക്കണമെന്നും വാദിക്കുന്നു.

കോടതി അവരുടെ വാദം അംഗീകരിച്ചാല്‍ ട്രംപിന്റെ വ്യാപാരനയം തകര്‍ന്നടിയാന്‍ സാധ്യതയുണ്ട്. ഏപ്രിലില്‍ അദ്ദേഹം പ്രഖ്യാപിച്ച വ്യാപകമായ ആഗോള തീരുവകള്‍ ഉള്‍പ്പെടെ മുഴുവന്‍ സംവിധാനങ്ങളിലും ഈ വിധിയിലെ തീരുമാനങ്ങള്‍ സ്വാധീനം ചെലുത്തും. മാത്രമല്ല ഈ തീരുവകളിലൂടെ സര്‍ക്കാര്‍ സമാഹരിച്ച ബില്യണ്‍കണക്കിന് ഡോളറുകള്‍ തിരിച്ചുനല്‍കേണ്ടിയും വരും. അന്തിമ തീരുമാനമെടുക്കാന്‍ ന്യായാധിപന്മാര്‍ക്ക് മാസങ്ങളോളം വാദങ്ങളും രേഖകളും പരിശോധിക്കേണ്ടിവരുമെന്നാണു സൂചന. ഒടുവില്‍ വോട്ടെടുപ്പിലൂടെയായിരിക്കും വിധി പുറപ്പെടുവിക്കുക.

ട്രംപ് ഈ കേസിനെ പോരാട്ടം എന്നാണ് വിശേഷിപ്പിച്ചത്. തനിക്ക് പരാജയം സംഭവിച്ചാല്‍ വ്യാപാര ചര്‍ച്ചകളില്‍ കൈകെട്ടി നില്‍ക്കേണ്ടി വരുമെന്നും രാജ്യസുരക്ഷയ്ക്ക് ഭീഷണി നേരിടുമെന്നുമുള്ള ഭീഷണി മുന്നറിയിപ്പ് പതിവുപോലെ അദ്ദേഹം നല്‍കിയിട്ടുണ്ട്. 

വ്യക്തിപരമായി വാദം കേള്‍ക്കാന്‍ കോടതിയില്‍ പോകില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. തനിക്ക് പോകാന്‍ വളരെ ആഗ്രഹമുണ്ടെങ്കിലും ആ തീരുമാനത്തിന്റെ പ്രാധാന്യം മറ്റൊന്നും മറികടക്കാതിരിക്കാന്‍ താന്‍ പോകുന്നില്ലെന്നും പറഞ്ഞ ട്രംപ് ഇത് തനിക്ക് വേണ്ടിയല്ല  നമ്മുടെ രാജ്യത്തിനു വേണ്ടിയാണെന്ന കാര്‍ഡും ഇറക്കിയിട്ടുണ്ട്. 

കേസില്‍ തോല്‍ക്കുകയാണെങ്കില്‍ അമേരിക്ക സാമ്പത്തികമായി തളര്‍ന്നു പോകുമെന്നും വര്‍ഷങ്ങളോളം സാമ്പത്തിക അലമുറയിലായിരിക്കുമെന്നും അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എ്ന്നാല്‍ ട്രംപിന്റെ തീരുവകള്‍ അമേരിക്കയിലും വിദേശത്തുമുള്ള നിരവധി ബിസിനസുകള്‍ക്ക് വന്‍ നാശം വിതച്ചിട്ടുണ്ട്. 

യു എസിലെ കളിപ്പാട്ട വില്‍പ്പനക്കാരനായ ലേര്‍ണിംഗ് റിസോഴ്‌സസ് ഈ വര്‍ഷം മാത്രം 14 മില്യണ്‍ ഡോളര്‍ തീരുവയായി നല്‍കേണ്ടിവരുമെന്ന് സി ഇ ഒ റിക്ക് വോള്‍ഡന്‍ബര്‍ഗ് അറിയിച്ചു. തീരുവകള്‍ തങ്ങളുടെ ബിസിനസിനെ ഭയങ്കരമായി ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പല ബിസിനസുകളും സുപ്രിം കോടതിയില്‍ വിജയം പ്രതീക്ഷിക്കുന്നില്ല. തീരുവ നിയമവിരുദ്ധമാണെന്ന് വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും അത് സാധൂകരിക്കപ്പെടുമെന്നതിനുള്ള ഉറപ്പില്ലെന്നാണ് ജോര്‍ജിയ ആസ്ഥാനമായ കൂപ്പറേറ്റീവ് കോഫീസ് സ്ഥാപകന്‍ ബില്‍ ഹാരിസ് പറഞ്ഞത്.

അവരുടെ സഹകരണസംഘം ഏപ്രില്‍ മുതല്‍ ഏകദേശം 1.3 മില്യണ്‍ ഡോളര്‍ തീരുവയായി അടച്ചുകഴിഞ്ഞു.

ഈ കേസ് പരിഗണിക്കുന്നതിനിടെ സുപ്രിം കോടതി നേരിടുന്ന പ്രധാന ചോദ്യമാണ് പ്രസിഡന്റിന് എത്രത്തോളം അധികാരമുണ്ടെന്നത്. വിധിയുടെ ദിശ നിര്‍ണയിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ട്രംപ് പക്ഷത്തേക്കാണ് വിധി വരുന്നതെങ്കില്‍ ഭാവിയിലെ വൈറ്റ് ഹൗസ് നേതാക്കള്‍ക്കും കൂടുതല്‍ അധികാരം ലഭിക്കും.

വിഷയം 1977ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവര്‍സ് ആക്ട് (ഐഇഇഇപിഎ) അനുസരിച്ച് ചുമത്തിയ തീരുവകളെക്കുറിച്ചാണ്. ഈ നിയമം വേഗത്തിലും ലാഘവത്തിലും ചട്ടങ്ങള്‍ ഏര്‍പ്പെടുത്താന്‍ സഹായിക്കുന്നതാണ്. 

ട്രംപ് ഫെബ്രുവരിയില്‍ ചൈന, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതികള്‍ക്ക് തീരുവ ചുമത്തുകയും മയക്കുമരുന്ന് കടത്തലാണ് പെട്ടെന്ന് ഈ തിരുമാനമെടുക്കാനുള്ള കാരണമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഏപ്രിലില്‍ അദ്ദേഹം ലോകത്തിന്റെ ഭൂരിഭാഗം രാജ്യങ്ങളിലെയും ഉത്പന്നങ്ങള്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ തീരുവ ചുമത്തുകയും അമേരിക്കയുടെ വ്യാപാരക്കുറവ് 'അസാധാരണവും അപകടകരവുമായ ഭീഷണിയാണ്' എന്ന വാദം ഉന്നയിക്കുകയും ചെയ്തു. 

എന്നാല്‍ പ്രസ്തുത നിയമത്തിലൂടെ പ്രസിഡന്റിന് വ്യാപാരം നിയന്ത്രിക്കാന്‍ അധികാരം നല്‍കുന്നുണ്ടെങ്കിലും തീരുവ എന്ന വാക്ക് എവിടേയുമില്ലെന്നാണ് ട്രംപ് വിരുദ്ധ പക്ഷത്തുള്ളവര്‍ പറയുന്നത്. ഭരണഘടനപ്രകാരം നികുതി ചുമത്താനുള്ള അധികാരം കോണ്‍ഗ്രസിനാണെന്നും അവര്‍ വാദിക്കുന്നു.

രണ്ട് പാര്‍ട്ടികളിലുമുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ അതേ നിലപാടാണ് എടുത്തത്. 200-ലധികം ഡെമോക്രാറ്റിക് അംഗങ്ങളും ഒരു റിപ്പബ്ലിക്കന്‍ സെനറ്ററും സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും അടിയന്തരനിയമം പ്രസിഡന്റിന് വ്യാപാര നീക്കങ്ങള്‍ക്ക് തീരുവയെ ആയുധമാക്കാനുള്ള അധികാരം നല്‍കുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. 

കഴിഞ്ഞ ആഴ്ച സെനറ്റ് ട്രംപിന്റെ തീരുവകള്‍ക്കെതിരെ മൂന്ന് പ്രമേയങ്ങളാണ് പാസാക്കിയത്. ഹൗസില്‍ അവ അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷയില്ലെങ്കിലും ബിസിനസ് ഗ്രൂപ്പുകള്‍ അതിലൂടെ സുപ്രിം കോടതിക്ക് വ്യക്തമായ സന്ദേശമെത്തുമെന്ന് വിശ്വസിക്കുന്നു.

മൂന്ന് കോടതികള്‍ ഇതിനകം ട്രംപ് ഭരണകൂടത്തിനെതിരെ വിധി പറഞ്ഞിട്ടുണ്ട്. സുപ്രിം കോടതി ബുധനാഴ്ച വാദം കേള്‍ക്കുകയും ജനുവരി മുതല്‍ ജൂണ്‍ വരെ ഏതെങ്കിലും സമയത്ത് അന്തിമ വിധി പ്രതീക്ഷിക്കുകയും ചെയ്യാം. 

ഇതിനകം അടച്ചിട്ടിരിക്കുന്ന 90 ബില്യണ്‍ ഡോളറിലധികം ഇറക്കുമതി നികുതികള്‍ക്ക് ഈ കേസ് ബാധകമാകുമെന്നാണ് വെല്‍സ് ഫാര്‍ഗോയുടെ കണക്ക്. 

സര്‍ക്കാരിന് തിരിച്ചടവ് നല്‍കേണ്ടിവന്നാല്‍ കൂപ്പറേറ്റീവ് കോഫീസ് അതിനായി ശ്രമിക്കുമെന്നും എന്നാല്‍ അതിലൂടെ ഉണ്ടായ നഷ്ടങ്ങള്‍ മുഴുവനായും തിരികെ പിടിക്കാനാകില്ലെന്നും ഹാരിസ് പറഞ്ഞു. തങ്ങളുടെ ഊര്‍ജ്ജമാണ് ഇതിലൂടെ നഷ്ടമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോടതി വിധി അനുകൂലമല്ലെങ്കില്‍ പ്രസിഡന്റ് മറ്റൊരു നിയമപ്രകാരം 15 ശതമാനം വരെ തീരുവ 150 ദിവസത്തേക്ക് ചുമത്താനുള്ള വ്യവസ്ഥ പ്രയോഗിക്കുമെന്നാണ് വൈറ്റ് ഹൗസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെ വരികയാണെങ്കില്‍ ബിസിനസുകള്‍ക്ക് കുറച്ച് ആശ്വാസം ലഭിക്കാന്‍ സാധ്യതയുണ്ട്. കാരണം പ്രസിഡന്റിന് പുതിയ വ്യവസ്ഥകള്‍ പ്രഖ്യാപിക്കണമെങ്കില്‍ മുന്നറിയിപ്പുകളും നടപടിക്രമങ്ങളും പാലിക്കേണ്ടതുണ്ട്. 

ഇത് പണം സംബന്ധിച്ച കാര്യം മാത്രമല്ലെന്നും പ്രസിഡന്റ് ഞായറാഴ്ച തീരുവ പ്രഖ്യാപിച്ച് ബുധനാഴ്ച പ്രാബല്യത്തില്‍ വരുത്തുകയായിരുന്നുവെന്നും മുന്‍കൂട്ടി അറിയിപ്പോ പ്രക്രിയയോ ഒന്നും നടത്തിയില്ലെന്നും ട്രേഡ് അഭിഭാഷകന്‍ ടെഡ് മര്‍ഫി പറഞ്ഞു.

കോടതിയുടെ കാഴ്ചപ്പാടുകളെ കുറിച്ച് നിലവില്‍ വ്യക്തത ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബൈഡന്‍ സര്‍ക്കാരിന്റെ വിദ്യാര്‍ഥി വായ്പ മാപ്പ് പദ്ധതിപോലുള്ള പ്രധാന നയങ്ങള്‍ തള്ളിയ ചരിത്രമുണ്ട്. എന്നാല്‍ നിലവില്‍ ഒന്‍പത് ജഡ്ജിമാരില്‍ ആറുപേര്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ്മാര്‍ നിയമിച്ചവരാണ്. മാത്രമല്ല അതില്‍ മൂന്നു പേര്‍ ട്രംപിന്റെ നിയമനങ്ങളില്‍ പെടുന്നവരുമാണ്. അതുകൊണ്ടുതന്നെ സുപ്രിം കോടതി പല ദിശകളിലേക്കും നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് ബൈഡന്‍ ഭരണകൂടത്തിലെ മുന്‍ ട്രേഡ് അഭിഭാഷകയും ഇപ്പോള്‍ വൈലി പങ്കാളിയുമായ ഗ്രേറ്റ പൈഷ് പറയുന്നത്. 

കോടതി തീരുവകള്‍ റദ്ദാക്കുമെങ്കിലും 'അടിയന്തരാവസ്ഥ'യുടെ അര്‍ഥം സംബന്ധിച്ച വിഷയത്തില്‍ വ്യക്തമായ നിലപാട് എടുക്കില്ലെന്നാണ് അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ഫെല്ലോ ആഡം വൈറ്റ് പ്രതീക്ഷിക്കുന്നത്. 

കേസുണ്ടായതോടെ വൈറ്റ് ഹൗസിന്റെ വ്യാപാര കരാറുകളെ സങ്കീര്‍ണമാക്കിയെന്നും ജൂലായില്‍ യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാക്കിയ കരാറും അതിലൊന്നാണെന്നും അദ്ദേഹം പറയുന്നു.

അമേരിക്കയുടെ 39 ശതമാനം തീരുവ കാരണം വളര്‍ച്ചാ പ്രവചനം താഴ്ന്ന സാഹചര്യത്തില്‍ ട്രംപ് ഭരണകൂടത്തിനെതിരായ വിധി താന്‍ സ്വാഗതം ചെയ്യുമെന്നാണ് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഷോക്ലാറ്റ്സ് കാമില്‍ ബ്ലോച്ച് എന്ന ചോക്ലേറ്റ് കമ്പനിയുടെ മേധാവി ഡാനിയല്‍ ബ്ലോച്ച് പറഞ്ഞത്. തീരുവകള്‍ ഒഴിവാക്കാന്‍ കോടതി തീരുമാനിച്ചാല്‍ അത് മികച്ച സൂചനയായിരിക്കുമെന്നും എന്നാല്‍ അതിലൂടെ എല്ലാ പ്രശ്‌നങ്ങളും തീരും എന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.