ജയ്പൂര്‍: രാജസ്ഥാനിലെ ഫലോഡിയില്‍ ഭാരത് മാല എക്‌സ്പ്രസ് വേയില്‍ ഞായറാഴ്ച രാത്രി ടെമ്പോ ട്രാവലര്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിച്ചുകയറി പതിനഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു.
ഫലോഡി പൊലീസ് സൂപ്രണ്ട് കുന്ദന്‍ കന്‍വാരിയ പറയുന്നതനുസരിച്ച് അപകടത്തില്‍പ്പെട്ടവര്‍ 220 കിലോമീറ്റര്‍ അകലെയുള്ള കൊളായത്ത് ക്ഷേത്രം സന്ദര്‍ശിച്ച് ജോധ്പൂരിലേക്ക് മടങ്ങുകയായിരുന്നു. മരിച്ചവരെല്ലാം ജോധ്പൂരിലെ ഫലോഡി പ്രദേശവാസികളാണ്.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഗ്രീന്‍ കോറിഡോര്‍ വഴി ജോധ്പൂരിലേക്ക് മാറ്റി.
അതിവേഗത്തില്‍ വന്ന ടെമ്പോ ട്രാവലര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ വാഹനം പൂര്‍ണ്ണമായും തകര്‍ന്നു.
അപകടത്തിലും യാത്രക്കാരുടെ മരണത്തിലും രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ എന്നിവര്‍ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.
കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടും സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി.
