ലോകത്തെ ക്രൈസ്തവരെ രക്ഷിക്കാന്‍ സജ്ജരും സന്നദ്ധരുമാണ് തങ്ങളെന്ന് ട്രംപ്

ലോകത്തെ ക്രൈസ്തവരെ രക്ഷിക്കാന്‍ സജ്ജരും സന്നദ്ധരുമാണ് തങ്ങളെന്ന് ട്രംപ്


വാഷിങ്ടണ്‍: ലോകമെമ്പാടുമുള്ള ക്രൈസ്തവ ജനതയെ രക്ഷിക്കാന്‍ തങ്ങള്‍ സജ്ജരും സന്നദ്ധരുമാണെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.

നൈജീരിയയിലെ അക്രമങ്ങളുടെ പശ്ചാതലത്തിലാണ് ട്രംപിന്റെ വാക്കുകള്‍. കോണ്‍ഗ്രസ്മാന്‍ റൈലി മൂര്‍, ചെയര്‍മാന്‍ ടോം കോള്‍ ഹൗസ് അപ്രോപ്രിയേഷന്‍സ് കമ്മിറ്റിയുമായി ചേര്‍ന്ന് ഉടന്‍ നൈജീരിയന്‍ വിഷയത്തില്‍ അന്വേഷണം നടത്തി തനിക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്ക് അസ്തിത്വ ഭീഷണിയാണ് നേരിടുന്നതെന്നു പറഞ്ഞ ട്രംപ് ആയിരക്കണക്കിന് ക്രിസ്ത്യാനികളെ കൊന്നൊടുക്കുകയാണെന്നും ഈ കൂട്ടക്കൊലകള്‍ക്ക് റാഡിക്കല്‍ ഇസ്ലാമിസ്റ്റുകളാണ് ഉത്തരവാദികളെന്നും ആരോപിച്ചു. അതുകൊണ്ടുതന്നെ നൈജീരിയയെ 'പ്രത്യേക ആശങ്കയുള്ള രാജ്യം' ആയി പ്രഖ്യാപിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ അതോടെ കാര്യം തീരുന്നില്ലെന്ന് വിശദീകരിച്ച ട്രംപ്  നൈജീരിയയിലേതു പോലെയുള്ള കൂട്ടക്കൊലകള്‍ നടക്കുമ്പോള്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും ട്രൂത്ത് സോഷ്യലില്‍ എഴുതി. 

മുസ്ലിം- ക്രൈസ്തവ സമൂഹങ്ങള്‍ തമ്മിലുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി. 

ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നടക്കുമ്പോള്‍ അമേരിക്ക മൗനം പാലിക്കില്ലെന്നും ട്രംപ് പറഞ്ഞു. 

കഴിഞ്ഞ ജൂണില്‍ നൈജീരിയന്‍ ബിഷപ്പിന്റെ ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ ഇരുപതിലധികം പേരാണ് കൊല്ലപ്പെട്ടത്. ക്രൈസ്തവ പീഡനങ്ങളെ കുറിച്ച് യു എസ് കോണ്‍ഗ്രസില്‍ മൊഴി നല്‍കിയതിന് പിന്നാലെയായിരുന്നു ഈ ആക്രമണം എന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നൈജീരിയയില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കാന്‍ യു എസ് കൂടുതല്‍ സമ്മര്‍ദം ചെലുത്തേണ്ട സമയമാണിതെന്ന് അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള മാര്‍ക്ക് വോക്കര്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.