ഇന്ത്യന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഡാലസില്‍ ഞായറാഴ്ച വന്‍ വരവേല്‍പ്പ്

ഇന്ത്യന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഡാലസില്‍ ഞായറാഴ്ച വന്‍ വരവേല്‍പ്പ്


ഡാലസ്: ഇന്ത്യന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് സെപ്റ്റംബര്‍ എട്ടിന് ഞായറാഴ്ച ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡാലസില്‍ വന്‍ വരവേല്‍പ്പ് നല്‍കും. പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള ആദ്യ യു എസ് സന്ദര്‍ശനമാണിത്. 

ഡാലസിലെ ഇര്‍വിംഗ് ടൊയോട്ട മ്യൂസിക് ഫാക്ടറി പവലിയന്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് നാലു മണിക്ക് ഡാലസിലെ ഇന്ത്യാക്കാരും അമേരിക്കന്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവര്‍ത്തകരും പങ്കെടുക്കുന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി പ്രസംഗിക്കും.

ആദ്യമായി  ഡാലസില്‍ എത്തുന്ന രാഹുല്‍ ഗാന്ധിയെ ആകാംക്ഷയോടെയാണ് ഡാലസിലെ സമൂഹം കാത്തിരിക്കുന്നത്. 

മനുഷ്യാവകാശങ്ങളും ഭരണഘടനയും മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ഇന്ത്യാ   മുന്നണിയുടെയും അമരക്കാരനായ രാഹുല്‍ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനം വളരെയധികം പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നതാണെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.

ഡാലസിലെ പൊതുയോഗത്തിന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ കേരള, തമിഴ്നാട്, ഹരിയാന, കര്‍ണാടക, ആന്ധ്രാപ്രദേശ്, പഞ്ചാബ്, തെലുങ്കാന, ഗുജറാത്ത്, മഹാരാഷ്ട്രാ, ഉത്തര്‍പ്രദേശ് തുടങ്ങിയ വിവിധ സ്റ്റേറ്റ് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഘടകങ്ങള്‍ ഒന്നിച്ചാണ് നേതൃത്വം നല്‍കുന്നത്. 

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു എസ് എ വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ നടന്ന രാഹുല്‍ ഗാന്ധിയുടെ സ്വീകരണ അവലോകന സമ്മേളനത്തില്‍ ഐ ഒ സി യു എസ് എ കേരളഘടകം സൗത്ത് സോണല്‍ ചെയര്‍മാന്‍ സാക് തോമസ്, സോണല്‍ ഭാരവാഹികളായ സന്തോഷ് കാപ്പില്‍, മാത്യു നൈനാന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നു.

സമ്മേളനത്തിന് പ്രവേശനം തികച്ചും സൗജന്യമാണ്. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കേണ്ടവര്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. https://tinyurl.com/49tdrpp9 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.