കവീക്കുന്ന്: സ്‌കൂള്‍ മാനേജറുടെ യാത്രയയപ്പ് അവിസ്മരണീയമാക്കി കവീക്കുന്ന് സെന്റ് എഫ്രേംസ് യു പി സ്‌കൂള്‍. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് വടകരയുടെ യാത്രയയപ്പാണ് കായികം മുഖ്യ പ്രമേയമാക്കി ഹ്രസ്വ സിനിമ നിര്‍മ്മിച്ച് സ്‌കൂള്‍ അവിസ്മരണീയമാക്കിയത്.
'കൈറ്റ്‌സ്' എന്ന പേരുള്ള കുട്ടിയുടെ കഥ പറയുന്ന ഹ്രസ്വ സിനിമയാണ് യാത്രയയപ്പിനോടനുബന്ധിച്ചു പുറത്തിറക്കിയത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായി 75കാരനായ ഫാ. ജോസഫ് വടകരയും അരങ്ങു തകര്‍ത്തു. സ്‌കൂള്‍ അധ്യാപകരും മറ്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സ്‌കൂളിലെ മുഴുവന്‍ കുട്ടികളും അധ്യാപകരും പി ടി എ പ്രതിനിധികളും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി ജോസഫും പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
കവീക്കുന്നിന്റെ ദൃശ്യഭംഗിയും മീനാറതോട്, പാമ്പൂരാംപാറ തീര്‍ഥാടനകേന്ദ്രം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. സ്‌കൂളിലെ അധ്യാപകനായ ജോബിന്‍ ആര്‍ തയ്യില്‍ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഐറീന ടോണിയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദൃശ്യ സാങ്കേതിക മികവുള്ള ചിത്രം പുത്തേട്ട് സിനിമാസില്‍ പ്രദര്‍ശിപ്പിച്ചു. കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍ മുഖ്യാതിഥിയായിരുന്നു.
