ലെവിറ്റേറ്റ് മഹാഓണം: ഘോഷയാത്രയില്‍ പങ്കെടുക്കാം 1001 ഡോളര്‍ സമ്മാനവും

ലെവിറ്റേറ്റ് മഹാഓണം: ഘോഷയാത്രയില്‍ പങ്കെടുക്കാം 1001 ഡോളര്‍ സമ്മാനവും


ടൊറന്റോ: വടക്കന്‍ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി ആഘോഷങ്ങളിലൊന്നായി മാറിയ ലെവിറ്റേറ്റ് മഹാഓണത്തിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. യങ് ആന്‍ഡ് ഡണ്ടാസിലെ സാങ്കൊഫ സ്‌ക്വയറില്‍ സെപ്റ്റംബര്‍ ഏഴ് ഞായറാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് 11 വരെയാണ് ഇത്തവണത്തെ മഹാഓണം.

കലാ- സാംസ്‌കാരിക പരിപാടികള്‍ക്കായി ടൊറന്റോ നഗരം ഒരുക്കിയിട്ടുള്ള യങ്-ഡണ്ടാസ് സ്‌ക്വയറില്‍ കഴിഞ്ഞവര്‍ഷം നടന്ന ഏറ്റവും വലിയ രണ്ടാമത്തെ പരിപാടിയായിരുന്നു മഹാഓണമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ ആഹ്ലാദത്തില്‍ക്കൂടിയാണ് സംഘാടകര്‍.  അതുകൊണ്ടുകൂടിയാകണം പരിപാടിയുടെ മെച്ചപ്പെട്ട ഒരുക്കങ്ങള്‍ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുമായി ഇക്കുറി ടൊറന്റോ സിറ്റിയുടെ ഗ്രാന്‍ഡും ലഭ്യമായിട്ടുണ്ട്.

കേരളത്തില്‍ നിന്നുള്ള 'കൊമ്പന്‍' ആണ് ഇത്തവണത്തെ ആകര്‍ഷണം. ഇതിനുപുറമെ, മലയാളി കൂട്ടായ്മകള്‍ക്കായി ഒരുക്കുന്ന സാംസ്‌കാരിക ഘോഷയാത്രയും മഹാഓണത്തിന് വ്യത്യസ്തത പകരും. ഇതാദ്യമായാണ് ഇവിടെ മലയാളി സംഘടനകള്‍ക്കു ക്ലബുകള്‍ക്കു കൂട്ടായ്മകള്‍ക്കുമെല്ലാമായി ഘോഷയാത്ര ഒരുക്കുന്നത്. കാനഡയിലേക്ക് എത്തുന്ന രാജ്യാന്തരവിദ്യാര്‍ഥികളെയും നവകുടിയേറ്റക്കാരെയും ഇവിടങ്ങളിലെ മലയാളിക്കൂട്ടായ്മകളുമായി കോര്‍ത്തിണക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്ന് മുഖ്യസംഘാടകന്‍ ജെറിന്‍ രാജ് അറിയിച്ചു. ഏറ്റവും മികച്ച രീതിയില്‍ ഘോഷയാത്രയില്‍ പങ്കെടുക്കുന്ന ടീമുകളിലൊന്നിന് 1001 ഡോളര്‍ പ്രോല്‍സാഹനവും നല്‍കുമെന്നും വ്യക്തമാക്കി. ടീമുകള്‍ പൊതുസമ്മേളനത്തിന് തൊട്ടുമുന്‍പായി വേദിയില്‍ കയറിയാകും ഘോഷയാത്ര അവസാനിപ്പിക്കുക.

പന്ത്രണ്ട് മണിക്കൂര്‍ നീളുന്ന ആഘോഷത്തില്‍ നാല്‍പതിലേറെ സംഘങ്ങളാണ് കലാ- സാംസ്‌കാരിക- നൃത്ത- സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നത്. കലാസംഘത്തില്‍ ഒന്റാരിയോ പ്രവിശ്യയ്ക്ക് പുറത്തുനിന്ന് മാത്രമല്ല, അമേരിക്കയില്‍നിന്നുള്ളവരും ഉള്‍പ്പെടുന്നു എന്ന പ്രത്യേകതയുമുണ്ട് ഇക്കുറി. പ്രതീക്ഷിച്ചതിലുമേറെ അപേക്ഷകള്‍ ലഭിച്ചതിനാല്‍ പ്രമുഖ സിനിമാ സംവിധായകന്‍ കെ മധുവിന്റെ നേതൃത്വത്തിലാണ് ഇത്തവണ പ്രകടനങ്ങള്‍ വിഡിയോയിലൂടെയും മറ്റു വിലയിരുത്തി കലാസംഘങ്ങളുടെ പേരുകള്‍ പ്രഖ്യാപിച്ചത്. പുതിയ സംഘങ്ങള്‍ക്ക് അവസരം നല്‍കുന്നതിനും ഇതിലൂടെ വഴിയൊരുങ്ങി. കഴിഞ്ഞതവണ കെ മധു മഹാഓണം വേദിയില്‍ നേരിട്ടെത്തി പരിപാടികള്‍ ആസ്വദിക്കുകയും സംഘാടനമികവിനെ പ്രശംസിക്കുകയും ചെയ്തിരുന്നു.

കേരളത്തിന്റെ സാംസ്‌കാരികപൈതൃകം കനേഡിയന്‍ ജനതയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മഹാഓണം പരിപാടി തികഞ്ഞ അച്ചടക്കത്തില്‍ ആസൂത്രണം ചെയ്തത്. അതു ശരിവയ്ക്കുന്നതായി ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തതിലൂടെ. രാജ്യാന്തര വിദ്യാര്‍ഥികളിലെയും യുവജനങ്ങളിലെയും മികവുറ്റ കലാകാരന്മാരെ കണ്ടെത്തി അവര്‍ക്കു വേദിയൊരുക്കുന്നതിനും മഹാഓണം വഴിയൊരുക്കി. നൂറിലേറെ ചെണ്ട കലാകാരന്മാരാണ് മഹാഓണത്തിന് പൂരത്തിന്റെ കൂടി പെരുമ പകരാന്‍ അണിനിരക്കുക.  കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് ആസ്വദിക്കാന്‍ പാകത്തിന് ഒട്ടേറെ കേരളീയ കലാരൂപങ്ങളും ഫ്‌ളാഷ് മോബും ഡിജെയുമെല്ലാമുണ്ടാകും. വിവിധയിനം ഭക്ഷ്യവിഭവങ്ങളുടെ സ്റ്റാളുകളുമുണ്ടാകും.

ജെറിന്‍ രാജ്, മരിയ നികിത, ഫറാസ് മുഹമ്മദ്, ആന്‍സി ഏബ്രഹാം, അലീന തോമസ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. പത്തോളം ടീം ലീഡുകളും നൂറിലേറെ വളന്റിയര്‍മാരും ഒപ്പമുണ്ട്. മഹാഓണത്തിന്റെ പ്രായോജകരായി ലെംഫൈ മണി ട്രാന്‍സ്ഫര്‍, ഗ്രീസ് മല്ലു, റിയല്‍റ്റര്‍ ജെഫിന്‍ വാലയില്‍ ജോസഫ്, കോസ്‌കോ, എല്‍ട്രോണോ, മൊണാക്കോ ബില്‍ഡേഴ്‌സ്, യോക് ഇമിഗ്രേഷന്‍, മീ സ്‌മൈല്‍സ്, ഗോള്‍ഡ് മാക്‌സ്, ലിസ, റോയല്‍ കേരള ഫുഡ്‌സ്, എന്‍ഡി പ്രഫഷനല്‍സ്, സെന്റ് ജോസഫ്‌സ് ഡെന്റല്‍ ക്ലിനിക്, കൊക്കാടന്‍സ് ഗ്രൂപ്പ് തുടങ്ങിയവര്‍ ഒപ്പം ചേര്‍ന്നിട്ടുണ്ട്.

ഡിജിറ്റല്‍ ഡിസ്‌പ്ലേകളാല്‍ സമ്പന്നമായ യങ് ആന്‍ഡ് ഡണ്ടാസ് സ്‌ക്വയറില്‍ ദിവസേന ലക്ഷത്തോളം പേരുടെ സാന്നിധ്യമാണുണ്ടാകാറുള്ളത്. പ്രവേശനം സൗജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.mahaonam.ca,  6477814743.