മാഗ് മെഗാ ഓണാഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച

മാഗ് മെഗാ ഓണാഘോഷം സെപ്റ്റംബര്‍ 7 ശനിയാഴ്ച


മിസൗറി സിറ്റി: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) മെഗാ ഓണാഘോഷത്തിന് ആതിഥേയത്വം വഹിക്കുന്നതിന് മിസോറി സിറ്റിയിലെ സെന്റ് ജോസഫ് ഹാള്‍ ഒരുങ്ങിക്കഴിഞ്ഞു. സെപ്റ്റംബര്‍ 7ന് മിസോറി സിറ്റിയിലെ സെന്റ് ജോസഫ് ഹാള്‍ കേരളത്തിന്റെ ചടുലമായ നിറങ്ങളും സമ്പന്നമായ പാരമ്പര്യങ്ങളും കൊണ്ട് സജീവമാകും. 

പുലികളി, കളരിപ്പയറ്റ് വള്ളംകളി മുതലായ ഓണത്തിന്റെ സമ്പന്നമായ അനുഭവങ്ങളെ അനുസ്മരിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളുമായി ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ അവിസ്മരണീയമായ അനുഭവമാകുമെന്ന് മാഗ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അറിയിച്ചു. 

ചലച്ചിത്ര താരം ശ്വേതാ മേനോന്‍, പ്രശസ്ത പിന്നണി ഗായിക അഹി അജയന്‍ എന്നിവര്‍ ഈ വര്‍ഷത്തെ മാഗിന്റെ ഓണാഘോഷ പരിപാടികളില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഹൂസ്റ്റണിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായ സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, ജഡ്ജ്മാരായ സുരേന്ദ്രന്‍ കെ പാട്ടേല്‍, ജൂലി മാത്യു എന്നിവരും മാഗിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നു.

കേരളത്തിന്റെ വിളവെടുപ്പുത്സവമായ ഓണത്തിന് ലോകമെമ്പാടുമുള്ള മലയാളികളുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. നിറപ്പകിട്ടാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ നിന്നിട്ടുള്ള മാഗ് ഈ വര്‍ഷത്തെ ഓണാഘോഷവും വന്‍ വിജയമാക്കുവാന്‍ എല്ലാ വിധ ഒരുക്കങ്ങളും ചെയ്തുകൊണ്ടിരിക്കുന്നു. ആഘോഷങ്ങള്‍ രാവിലെ പത്തരയ്ക്ക് ആരംഭിക്കും. ദിവസം മുഴുവന്‍ സന്തോഷവും സംഗീതവും നൃത്തവും പരമ്പരാഗത കേരളീയ ഭക്ഷണവിഭവങ്ങളും ഒക്കെയായി പൂര അനുഭവം തന്നെ മാഗ് ഒരുക്കുന്നു 

ചെണ്ടമേളം, തിരുവാതിര, മാര്‍ഗംകളി, മാവേലി തമ്പുരാന്റെ എഴുന്നള്ളിപ്പ്, ഫാഷന്‍ ഷോ, പുലികളി, കളരിപ്പയറ്റ് എന്നിവ പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളാണ്.