ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ (മാഗ്) ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ജനുവരി 26-ാം തീയതി, ഞായറാഴ്ച രാവിലെ 9:00 മണിക്ക് സ്റ്റാഫ്ഫോര്‍ഡിലെ കേരള ഹൗസില്‍ നടന്ന ചടങ്ങില്‍ പ്രമുഖ വ്യക്തികളടക്കം നിരവധിപേര്‍ പങ്കെടുത്തു. പ്രധാന അതിഥികളായി ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജ്ജ്, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ടില്‍, ജുഡീഷ്യല്‍ ജഡ്ജിമാരായ സുരേന്ദ്രന്‍ കെ. പടേല്‍, ജൂലി മാത്യു എന്നിവുണ്ടായിരുന്നു. കൂടാതെ, നിരവധി കൗണ്ടി, നഗര ഉദ്യോഗസ്ഥരും പങ്കെടുത്തു. മാഗ് സെക്രട്ടറി രാജേഷ് വര്‍ഗീസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രസ്റ്റി സുജിത് ചാക്കോ നന്ദി പ്രസംഗം നടത്തി. അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചതിനുശേഷം, മേയര്‍ കെന്‍ മാത്യു മറ്റ് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരോടൊപ്പം അമേരിക്കന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന്, മാഗ് പ്രസിഡന്റ് ജോസ് കെ. ജോണ്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി. ചടങ്ങിന്റെ ഭാഗമായി പ്രോഗ്രാം കോഡിനേറ്റര്‍ രേഷ്മയുടെയും രേനുവിന്റേയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ദേശഭക്തി നൃത്തം എല്ലാവരെയും ആകര്‍ഷിച്ചു. തുടര്‍ന്ന് മാഗ് പ്രസിഡന്റിന്റെ പ്രസംഗവും മുഖ്യാതിഥി ജഡ്ജ് കെ.പി. ജോര്‍ജ്ജിന്റെ മുഖ്യ പ്രഭാഷണവും നടന്നു. ട്രസ്റ്റി ബോര്‍ഡ് അംഗം ജോജി ജോസഫ് സ്‌നേഹോപഹാരപ്രസംഗം നടത്തി. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ആശംസകള്‍ അറിയിച്ചു.
മലയാളി അസോസിയേഷന്റെ ചരിത്രത്തിലാദ്യമായി ഈ വര്‍ഷം മാഗ് നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തില്‍ അവതരിപ്പിച്ച ഗുഡ് സമാരിറ്റന്‍ പുരസ്‌കാരത്തിന് തുയെറ്റ് വിന്‍, അജിത് പിള്ള എന്നിവര്‍ അര്‍ഹരായി. ഒരു വാഹനാപകട സമയത്ത് ഇവര്‍ നല്‍കിയ ആത്മാര്‍ത്ഥ സേവനം പരിഗണിച്ചാണ് അവരെ തെരഞ്ഞെടുത്തത്. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജ്ജ്, തുയെറ്റ് വിനിനും മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ടില്‍ അജിത് പിള്ളയ്ക്കും പുരസ്‌കാരം കൈമാറി. മാഗ് മുന്‍ പ്രസിഡന്റുമാര്‍, ബോര്‍ഡ് അംഗങ്ങള്‍, ഫോമ ഫോക്കാന ഡബ്ലിയു എം സി എന്നീ സംഘടനകളുടെ നേതാക്കളും മറ്റു പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു
ഹ്യൂസ്റ്റണില്‍ മാഗ് ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു