വാഷിംഗ്ടണ്‍: യുഎസിലേക്ക് അനധികൃതമായി പ്രവേശിച്ച കുടിയേറ്റക്കാരെ പിടികൂടി ക്യൂബയിലെ ഗ്വാണ്ടനാമോ ജയിലിലെത്തിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം നടപ്പാക്കിതുടങ്ങി.
സ്ഥിരവും നിയമപരവുമായ പദവിയില്ലാത്ത കുടിയേറ്റക്കാരെ വഹിച്ചുകൊണ്ട് യുഎസില്‍ നിന്ന് ഗ്വാണ്ടനാമോ ബേയിലേക്കുള്ള ആദ്യ വിമാനങ്ങള്‍ പറന്നുതുടങ്ങിയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു.
9/11 ആക്രമണത്തില്‍ ഉള്‍പ്പെട്ടകുറ്റവാളികളെയും സൈനിക തടവുകാരെയും പാര്‍പ്പിക്കാന്‍ ഉപയോഗിക്കുന്ന സൈനിക താവളമായി അറിയപ്പെടുന്ന ക്യൂബയിലെ ഗ്വാണ്ടനാമോ ബേയില്‍ 30,000 അനധികൃത കുടിയേറ്റക്കാരെ തടവില്‍ പാര്‍പ്പിക്കാന്‍ പ്രതിരോധ, ആഭ്യന്തര സുരക്ഷാ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ഒരു മെമ്മോയില്‍ ട്രംപ് കഴിഞ്ഞ ആഴ്ച ഒപ്പുവച്ചിരുന്നു.
സൈനിക തടവുകാര്‍ക്കുള്ള ജയില്‍ എന്ന നിലയില്‍ ആരംഭിച്ച ക്വണ്ടനാമോ ബേ തീവ്രവാദത്തിനെതിരായ യുദ്ധം എന്ന നിലയില്‍ യുഎസ് ആരംഭിച്ച നടപടികളില്‍ പിടിയിലാകുന്ന തടവുകാരുടെ പീഡനകേന്ദ്രം എന്ന നിലയില്‍ പിന്നീട് കുപ്രസിദ്ധമായി.
സ്ഥാപനത്തിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ബൈഡന്‍ ഭരണകൂടം ശ്രമിച്ചുവെങ്കിലും ഇപ്പോഴും 15 തടവുകാര്‍ അവിടെയുണ്ട്.
ഗ്വാണ്ടനാമോ ബേയെ കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ 'പറ്റിയ സ്ഥലം' എന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വിശേഷിപ്പിച്ചിട്ടുണ്ട്. കുടിയേറ്റവുമായി ബന്ധപ്പെട്ട തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള സൗക്യങ്ങള്‍ ഒരുക്കാന്‍ അടുത്ത ദിവസങ്ങളില്‍ യുഎസ് സൈനികര്‍ ഈ കേന്ദ്രത്തില്‍ എത്തിയിരുന്നു. യുഎസ് ആര്‍മിയിലെ ഏകദേശം 300 ഓളം പട്ടാളക്കാര്‍ ഈ സ്ഥാപനത്തിലെ സുരക്ഷാ നടത്തിപ്പിനായി എത്തിയിട്ടുണ്ട്. തടവുകാരുടെ എണ്ണമനുസരിച്ച് സൈനികരുടെ എണ്ണത്തിലും മാറ്റമുണ്ടായേക്കാം.
കൃത്യമായ നടപടിക്രമങ്ങള്‍ പിന്തുടരുമെന്നും ഗ്വാണ്ടനാമോ ബേയില്‍ തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യം ഉള്ളത്ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ഞായറാഴ്ച മാധ്യമപ്രവര്‍ത്തകോട് പറഞ്ഞു.
സ്ത്രീകളെയും കുട്ടികളെയും ഗ്വാണ്ടനാമോ ബേയില്‍ പാര്‍പ്പിക്കുമോ എന്ന് നോം പറഞ്ഞില്ല.
അതിനിടയില്‍ യുഎസില്‍ അറസ്റ്റിലായ അനധികൃത കുടിയേറ്റക്കാരെ ഇക്വഡോര്‍, ഗുവാം, ഹോണ്ടുറാസ്, പെറു എന്നിവിടങ്ങളിലേക്കും ഇന്ത്യയിലേക്കും യുഎസ് സൈനിക വിമാനങ്ങളില്‍ എത്തിച്ചിട്ടുണ്ട്.
ഗ്വാണ്ടനാമോ ജയിലിലേക്ക് അനധികൃത കുടിയേറ്റക്കാരുമായി യുഎസ് വിമാനങ്ങള്‍ പറന്നുതുടങ്ങി