യു എസോ ഇസ്രായേലോ ആക്രമണം നടത്തിയാല്‍ സമ്പൂര്‍ണ യുദ്ധമെന്ന് ഇറാന്‍

യു എസോ ഇസ്രായേലോ ആക്രമണം നടത്തിയാല്‍ സമ്പൂര്‍ണ യുദ്ധമെന്ന് ഇറാന്‍


ദോഹ: തങ്ങളുടെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേലോ അമേരിക്കയോ ആക്രമണങ്ങള്‍ നടത്തിയാല്‍ സമ്പൂര്‍ണ യുദ്ധത്തിലേക്കായിരിക്കും കാര്യങ്ങള്‍ നീങ്ങുകയെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തുന്ന ഏതൊരു മിസൈല്‍ ആക്രമണവും യു എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധമായി മാറുമെന്ന മുന്നറിയിപ്പാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞത്. ഖത്തര്‍ സന്ദര്‍ശനത്തിനിടെ അല്‍ ജസീറ അറബിക്ക് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിക്കാന്‍ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അധികാരം നല്‍കിയെന്ന ആശങ്കകള്‍ ക്കിടയിലാണ് മറുപടിയുമായി ഇറാനെത്തിയത്. 

അത്തരമൊരു തെറ്റായ കണക്കുകൂട്ടലിന് അമേരിക്ക മുതിരുമോ എന്ന് സംശയമാണെന്നും എന്നാല്‍ ആക്രമണമുണ്ടായാല്‍ ഉടനടി ശക്തമായ തിരിച്ചടിയും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പോലെ പ്രതികരണത്തില്‍ കാലതാമസമുണ്ടാകില്ലെന്നും അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. 

ആണവ പദ്ധതികള്‍ക്ക് നേരെയുള്ള ഭീഷണികളെ ചെറുതായി കാണുകയാണ് ഇറാന്‍. ഭൗതികമായ ഇടങ്ങളില്‍ മാത്രമല്ല തങ്ങളുടെ ആണവ ശക്തി നിലനില്‍ക്കുന്നതെന്നും ശാസ്ത്രജ്ഞന്‍മാരുടെ മനസിലും അറിവിലുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെ വ്യോമാക്രമണത്തിലൂടെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നോ രണ്ടോ കേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല ഇറാന്റെ ആണവശക്തി. അവ പലയിടങ്ങളിലായി വ്യാപിച്ചതാണെന്നും ശക്തമാണെന്നും അരാഗ്ചി പറഞ്ഞു. അതോടൊപ്പം ഇറാന്റെ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം അത്യാധുനിക വ്യോമാക്രണങ്ങളെയടക്കം പ്രതിരോധിക്കും. അതിനാല്‍ ആക്രമണം എത്രത്തോളം വിജയകരമാകുന്നുവെന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു.