സിഡ്‌നി: ചൈനീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് ഉയര്‍ത്തുന്ന സുരക്ഷാ അപകട സാധ്യതയുടെ പേരില്‍ ഓസ്ട്രേലിയ എല്ലാ സര്‍ക്കാര്‍ ഉപകരണങ്ങളിലും സിസ്റ്റങ്ങളിലും ഡീപ്‌സീക് നിരോധിച്ചു.
ആപ്പിന്റെ ചൈനീസ് ബന്ധമല്ല മറിച്ച് അത് ദേശീയ സുരക്ഷയ്ക്ക് ഉയര്‍ത്തുന്ന 'അസ്വീകാര്യമായ അപകടസാധ്യത' മൂലമാണ് നിരോധനം എന്ന് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പറഞ്ഞു.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഡീപ്‌സീക് ഉത്പന്നങ്ങള്‍, ആപ്ലിക്കേഷനുകള്‍, വെബ് സേവനങ്ങള്‍ എന്നിവയുടെ ഉപയോഗവും ഇന്‍സ്റ്റാലേഷനും തടയണമെന്നും സര്‍ക്കാര്‍ സിസ്റ്റത്തിലോ ഉപകരണത്തിലോ മുമ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവ നീക്കം ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
സ്‌കൂളുകള്‍ പോലുള്ള സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളിലെ പൊതുമേഖലാ കമ്പ്യൂട്ടറുകളില്‍ നിന്ന് ഡീപ്സീക്ക് നിരോധിക്കപ്പെടുമോ എന്ന് വ്യക്തമല്ല.
സ്വകാര്യ പൗരന്മാരുടെ ഉപകരണങ്ങള്‍ക്ക് നിരോധനം ബാധകമല്ല.
ദേശീയ സുരക്ഷാ കാരണങ്ങളാല്‍ ചൈനീസ് സാങ്കേതികവിദ്യകളുടെ സഹായമുള്ള ഹുവാവേ, ടിക്ടോക് തുടങ്ങിയവയെ സംശയിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുണ്ട്.
യു കെയിലും യു എസിലും ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന സൗജന്യ ആപ്പാണ് ഡീപ്സീക്ക്.
ഡേറ്റയും സ്വകാര്യതയും സംബന്ധിച്ച ആശങ്കകള്‍ ചൂണ്ടിക്കാട്ടി രാജ്യങ്ങള്‍ ഡീപ്സീക്കിനെക്കുറിച്ച് 'വളരെ ശ്രദ്ധാലുവായിരിക്കണമെന്ന്' ഒരു ഓസ്ട്രേലിയന്‍ ശാസ്ത്ര മന്ത്രി മുമ്പ് പറഞ്ഞിരുന്നു.
ഇറ്റലിയില്‍ സ്വകാര്യതാ നയം ചോദ്യം ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ചാറ്റ്‌ബോട്ടിനെ നീക്കം ചെയ്തു. സ്വകാര്യതാ ആശങ്കകള്‍ കാരണം ഇറ്റാലിയന്‍ സര്‍ക്കാര്‍ 2023 മാര്‍ച്ചില്‍ ചാറ്റ്ജിപിടി താല്‍ക്കാലികമായി തടഞ്ഞിരുന്നു.
ചൈനയിലെ സെര്‍വറുകളില്‍ സംഭരിക്കുന്ന ഉപയോക്തൃ ഡേറ്റ ഡീപ്‌സീക് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെക്കുറിച്ച് ദക്ഷിണ കൊറിയ, അയര്‍ലന്‍ഡ്, ഫ്രാന്‍സ് എന്നിവിടങ്ങളിലെ റെഗുലേറ്റര്‍മാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സാധ്യതയുള്ള സുരക്ഷാ പ്രത്യാഘാതങ്ങള്‍ യു എസ് ഇപ്പോള്‍ പരിശോധിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു.
സ്ഥിരീകരിച്ചിട്ടില്ലെങ്കിലും യു എസ് നാവികസേന തങ്ങളുടെ അംഗങ്ങളെ ഡീപ്‌സീക് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയതായി റിപ്പോര്‍ട്ടുണ്ട്.
യു എസ് സാങ്കേതികവിദ്യ അന്യായമായി ഉപയോഗിച്ചുവെന്ന ആരോപണവും ഡീപ്‌സീക്കിനെതിരെ ഉയര്‍ന്നിട്ടുണ്ട്.