ന്യൂഡല്‍ഹി: ഡല്‍ഹി പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്ന ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി മഹാ കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്യും. ഹൈന്ദവവിശ്വാസ പ്രകാരം, പവിത്രമെന്ന് കരുതുന്ന ഭീഷ്മാഷ്ടി ദിനത്തിലാണ് മോഡിയുടെ പ്രയാഗ്‌രാജ് സന്ദര്‍ശനം. മഹാ കുംഭമേളയുടെ ഒരുക്കങ്ങള്‍ മോഡി വിലയിരുത്തും. കൂടാതെ, സന്യാസികളുമായും സംവദിക്കും.
രാവിലെ 10:05ന് പ്രയാഗ്‌രാജ് വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി ഇവിടെനിന്ന് 10:10 ഓടെ ഡിപിഎസ് ഹെലിപാഡില്‍ ഇറങ്ങും. തുടര്‍ന്ന് 10:45 ഓടെ അരയില്‍ ഘട്ടില്‍ എത്തും. ഇവിടെനിന്ന് ബോട്ട് മാര്‍ഗം ത്രിവേണി സംഗമത്തിലെ ഘട്ടിലേക്ക് എത്തിച്ചേരും. രാവിലെ 11നും 11:30നും ഇടയില്‍ മോഡി ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ശേഷം 11:45ഓടെ തിരിച്ച് ബോട്ടില്‍ അരയില്‍ ഘട്ടില്‍ എത്തിച്ചേരും. തുടര്‍ന്ന് ഡിപിഎസ് ഹെലിപാഡില്‍നിന്ന് പ്രയാഗ്‌രാജിലേക്ക് മടങ്ങും. 12:30ന് പ്രയാഗ്‌രാജില്‍നിന്ന് എയര്‍ ഫോഴ്‌സ് വിമാനത്തില്‍ മടക്കം.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട വോട്ടെടുപ്പ് ദിവസം പ്രധാനമന്ത്രി കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറയില്‍ ധ്യാനമിരുന്നത് വാര്‍ത്താതലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു. 2019ല്‍ നടന്ന കുംഭമേളയില്‍ പങ്കെടുത്ത മോഡി ശുചീകരണ തൊഴിലാളികളുടെ പാദം കഴുകി ആദരവ് പ്രകടിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ 27ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഫെബ്രുവരി ഒന്നിന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും മഹാ കുംഭമേളയില്‍ പങ്കെടുത്തിരുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഫെബ്രുവരി 10ന് മഹാ കുംഭമേളയില്‍ പങ്കെടുക്കും.
മൂന്നാം അമൃതസ്‌നാനത്തില്‍ പങ്കെടുത്തത് രണ്ടു കോടിപ്പേര്‍
വസന്ത പഞ്ചമി ദിനമായ തിങ്കളാഴ്ച നടന്ന മഹാ കുംഭമേളയുടെ മൂന്നാം അമൃതസ്‌നാനത്തില്‍ രണ്ടുകോടിയിലേറെപ്പേര്‍ പങ്കെടുത്തുവെന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. മൗനി അമാവാസി ദിനത്തിലെ രണ്ടാം അമൃതസ്‌നാനത്തിന് മുന്നോടിയായി തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ അതീവ സുരക്ഷയോടെയാണ് മൂന്നാം അമൃതസ്‌നാനം നടന്നത്. പിഴവിന് ഇടവരുത്താതെ സുരക്ഷ ഒരുക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് പോലീസിന് നിര്‍ദേശം നല്‍യികിയിരുന്നു. പുലര്‍ച്ചെ മുതല്‍ യോഗി ആദിത്യനാഥ് സ്ഥിതിഗതികള്‍ വിലയിരുത്തി.
ഡല്‍ഹി തെരഞ്ഞെടുപ്പു ദിനത്തില്‍ മോഡി കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണി സ്‌നാനം ചെയ്യും