പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫെബ്. 12ന് യുഎസിലെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫെബ്. 12ന് യുഎസിലെത്തും


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫെബ്രുവരി 12ന് രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തും.
യുഎസ് പ്രസിഡന്റ്  ഡോണള്‍ഡ് ട്രംപിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദര്‍ശനം. അദ്ദേഹം വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.
ഈ മാസം പത്തിന് പ്രധാനമന്ത്രി ഫ്രാന്‍സിലേക്ക് പോകുന്നുണ്ട്. അവിടെ നിന്നായിരിക്കും അദ്ദേഹം അമേരിക്കയിലേക്ക് പോവുകയെന്നാണ് വിവരം.
പ്രധാനമന്ത്രിയെ യുഎസ് പ്രസിഡന്റിനെക്കൊണ്ട് ക്ഷണിപ്പിക്കാനാണ് വിദേശമന്ത്രി എസ്. ജയശങ്കര്‍  ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ വാഷിംഗ്ടണിലെത്തിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച്ച ലോക്‌സഭയില്‍  ആരോപണമുന്നയിച്ചിരുന്നു. താന്‍ വാഷിംഗ്ടണിലെത്തിയത് സ്ഥാനമൊഴിയുന്ന ബൈഡന്‍ ഭരണകൂടത്തിലെ ഉന്നതോദ്യോഗസ്ഥരുമായി ചര്‍ച്ചള്‍ക്കായിരുന്നുവെന്ന് ജയശങ്കര്‍ പിന്നീട് വിശദീകരിച്ചു.
ഇതിന് പിന്നാലെയാണ് അമേരിക്കയില്‍ നിന്ന് പ്രധാനമന്ത്രിക്ക് ക്ഷണമെത്തിയത്. അമേരിക്കയിലേക്കുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി തീരുവയിലടക്കം പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടക്കുമെന്നാണ് കരുതുന്നത്