ട്രംപിന്റെ താരിഫ് യുദ്ധത്തിനിടെ ഇന്ത്യന്‍ താരിഫ് 150ല്‍ നിന്ന് 70 ശതമാനത്തിലേക്ക് കുറച്ചു

ട്രംപിന്റെ താരിഫ് യുദ്ധത്തിനിടെ ഇന്ത്യന്‍ താരിഫ് 150ല്‍ നിന്ന് 70 ശതമാനത്തിലേക്ക് കുറച്ചു


ന്യൂഡല്‍ഹി: താരിഫ് ദുരുപയോഗം ചെയ്യുന്ന രാജ്യമെന്നാണ് ഇന്ത്യയേയും ചൈനയേയും യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വിശേഷിപ്പിക്കാറുള്ളതെങ്കിലും ഇന്ത്യ താരിഫ് 150 ശതമാനത്തില്‍ നിന്ന് 70 ആയി കുറച്ചു. 

ബജറ്റില്‍ പ്രഖ്യാപിച്ച ഏറ്റവും പുതിയ റൗണ്ട് ഇറക്കുമതി താരിഫ് പരിഷ്‌കരണങ്ങള്‍ 150 ശതമാനം, 125, 100 ശതമാനം എന്നീ പീക്ക് നിരക്കുകള്‍ ഒഴിവാക്കി. അവ അഞ്ച് ഇനങ്ങള്‍ക്ക് മാത്രമേ ബാധകമായിരുന്നുള്ളൂ. 

ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കസ്റ്റംസ് തീരുവ നിരക്ക് ഇപ്പോള്‍ 70 ശതമാനം ആണെങ്കിലും യു എസ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ക്രൂഡ് പെട്രോളിയം, കോക്കിംഗ് കല്‍ക്കരി, വിമാനങ്ങള്‍, ദ്രവീകൃത പ്രകൃതിവാതകം എന്നിവയുള്‍പ്പെടെയുള്ള മികച്ച 30 ഇനങ്ങളുടെ ഇറക്കുമതി തീരുവ പൂജ്യം മുതല്‍ 7.5 ശതമാനം വരെയാണെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ചെയര്‍മാന്‍ സഞ്ജയ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.

താരിഫ് കുറവ് പൂജ്യം നിരക്ക് ഉള്‍പ്പെടെ 15ല്‍ നിന്ന് എട്ട് സ്ലാബുകളായും നിരക്കുകള്‍ കുറയ്ക്കുകയും ചെയ്യുന്നത് മോശം കാഴ്ചപ്പാട് തിരുത്താന്‍ സഹായിക്കുകയും 'നമ്മള്‍ ഉയര്‍ന്ന താരിഫ് രാജ്യമല്ല' എന്നതിന്റെ വ്യക്തമായ സൂചന ലോകത്തിന് നല്‍കുകയും ചെയ്യണമെന്ന് അഗര്‍വാള്‍ ഊന്നിപ്പറഞ്ഞു.

പ്രധാന യു എസ് ഉത്പന്നങ്ങള്‍ക്ക് രാജ്യത്തിന്റെ തീരുവ വിശദീകരിക്കുന്ന വസ്തുതാപത്രം ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയതായി അറിയുന്നു, അവയില്‍ ചിലത് ബജറ്റില്‍ കൂടുതല്‍ കുറച്ചിട്ടുണ്ട്. നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഇത് അമേരിക്കക്ക് മുന്നില്‍ അവതരിപ്പിക്കും. 

കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതുപോലെ ഇന്ത്യയുടെ കസ്റ്റംസ് തീരുവ ഘടന യുക്തിസഹമാക്കുന്നതിന് സര്‍ക്കാര്‍ 'സ്വയംഭരണാധികാരത്തോടെ അവലോകനം ചെയ്യുകയാണ്' എന്ന് റവന്യൂ വകുപ്പിലെ ധനകാര്യ സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ വാദിച്ചു. 150 മുതല്‍ 25 ശതമാനം വരെയുള്ള പീക്ക് നിരക്ക് സ്ലാബുകള്‍ ഇല്ലാതായി. വ്യവസായത്തിനും ലോകത്തിനും ഇന്ത്യ ഉയര്‍ന്ന താരിഫ് രാഷ്ട്രമല്ല എന്നതിന്റെ സൂചനയാണിത്. നേരത്തെ 11.55 ശതമാനം ആയിരുന്ന ശരാശരി താരിഫ് ഇപ്പോള്‍ 10.6 ശതമാനം ആയി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

വ്യാവസായിക വസ്തുക്കളുടെ താരിഫുകളുടെ കാര്യത്തില്‍ ഇന്ത്യ വളരെ സൗഹൃദപരമാണ്. 1600 സിസി അല്ലെങ്കില്‍ അതില്‍ കൂടുതല്‍ എഞ്ചിനുകളുള്ള ബൈക്കുകള്‍ക്ക് 30 ശതമാനം ആക്കുന്നതിന് മോട്ടോര്‍ സൈക്കിളുകളുടെ താരിഫ് പോലും കുറച്ചിട്ടുണ്ടെന്ന് പാണ്ഡെ ചൂണ്ടിക്കാട്ടി.